ന്യൂദല്‍ഹി: ട്വിറ്റര്‍ സ്ഥാപകനും സി.ഇ.ഒയുമായ ജാക് ഡോര്‍സേയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയോടെയായായിരുന്നു സംഭവം. ചക്ലിങ് സ്‌ക്വാഡ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഹാക്കര്‍മാരാണ് ഡോര്‍സോയുടെ അക്കൗണ്ട് ഹാക്ക് ചെയ്തത്.
ഡോര്‍സോയുടെ അക്കൗണ്ടില്‍ നിന്ന് വംശീയ അധിക്ഷേപം നിറഞ്ഞ പരാമര്‍ശങ്ങളും യഹൂദര്‍ക്കെതിരായ സന്ദേശങ്ങളും നിറഞ്ഞതോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി തിരിച്ചറിഞ്ഞത്.
പതിനഞ്ച് ദഷലക്ഷം ഫോളോവര്‍മാരുള്ള അക്കൗണ്ട് ഹാക്ക് ചെയ്ത സംഘം കാല്‍മണിക്കൂറിലേറെ നേരമാണ് അക്കൗണ്ട് കൈവശപ്പെടുത്തിയത്.
ഇതിനിടെ മോശം വാക്കുകളും പാരാമര്‍ശങ്ങളും അടങ്ങിയ ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തുകൊണ്ടേയിരിക്കുകയായിരുന്നു. 15 മിനിറ്റിനകം അക്കൗണ്ട് തിരിച്ചു പിടിച്ചെങ്കിലും ട്വീറ്റുകള്‍ ലക്ഷക്കണക്കിന് ആളുകളില്‍ എത്തിയിരുന്നു. അക്കൗണ്ട് തിരിച്ചുപിടിച്ച ശേഷം സന്ദേശങ്ങളെല്ലാം നീക്കം ചെയ്യുകയായിരുന്നു.
സി.ഇഒയുടെ തന്നെ അക്കൗണ്ട് ഹാക്ക് ചെയ്തത് ട്വിറ്ററിനും വലിയ തിരിച്ചടിയായി. വിഷയം ഗൗരവമായി കാണുന്നെന്നും അന്വേഷണം നടത്തുമെന്നും ട്വിറ്റര്‍ പ്രതികരിച്ചിട്ടുണ്ട്.
ഡോര്‍സോയുടെ അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ മനസിലാക്കിയാണ് അക്കൗണ്ട് ഹാക്ക് ചെയ്തതെന്നും മൊബൈല്‍ ദാതാക്കളില്‍ നിന്നും നമ്പര്‍ അപഹരിച്ചാണ് ഹാക്കിങ് നടന്നതെന്നും ട്വിറ്റര്‍ വിശദീകരിച്ചു.