'വീ മിസ് യു'; മന്‍മോഹന്‍ സിങിന്റെ പിറന്നാളാഘോഷിച്ച് ട്വിറ്റര്‍, ട്രെന്‍ഡിങ്ങില്‍ ഒന്നാമത്
national news
'വീ മിസ് യു'; മന്‍മോഹന്‍ സിങിന്റെ പിറന്നാളാഘോഷിച്ച് ട്വിറ്റര്‍, ട്രെന്‍ഡിങ്ങില്‍ ഒന്നാമത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th September 2020, 11:44 am

ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ പിറന്നാളാഘോഷിച്ച് ട്വിറ്റര്‍. ട്വിറ്ററില്‍ ഹാപ്പിബേര്‍ത്ത് ഡേ മന്‍മോഹന്‍ സിങ്ങെന്ന ഹാഷ് ടാഗ് ഇപ്പോള്‍ ട്രെന്‍ഡിങ്ങാണ്. വീ മിസ് യു മന്‍മോഹന്‍ സിങ് എന്നാണ് ഭൂരിഭാഗം പേരും ട്വീറ്റ് ചെയ്തിരിക്കുന്നത്. ശശി തരൂര്‍, രാഹുല്‍ ഗാന്ധി തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും മന്‍മോഹന്‍ സിങിന് ട്വിറ്ററിലൂടെ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. ഇതിനോടകം 28000ത്തിലധികം പേരാണ് ട്വിറ്ററില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

മന്‍മോഹന്‍ സിങിന്റെ പിറന്നാള്‍ ദിനത്തില്‍ 2012ല്‍ ബി.ബി.സിയില്‍ എഴുതിയ ലേഖനം പങ്കുവെച്ചുകൊണ്ടായിരുന്നു ശശി തരൂര്‍ മന്‍മോഹന്‍ സിങിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. മന്‍മോഹന്‍ സിങിന്റെ നേട്ടങ്ങള്‍ ഇന്നും പ്രസക്തമാണെന്ന് ശശി തരൂര്‍ പറഞ്ഞു.

മാധ്യമങ്ങളേക്കാള്‍ ചരിത്രം എന്നോട് കരുണകാണിക്കുമെന്ന മന്‍മോഹന്‍ സിങിന്റെ വാക്കുകളും പലരും ട്വിറ്ററിലൂടെ പങ്കുവെച്ചു. പ്രധാമന്ത്രിയെന്ന നിലയില്‍ മോദി ദുരന്തമായിരിക്കുമെന്ന് മന്‍മോഹന്‍ സിങ്ങിന്റെ വാക്കുകള്‍ പങ്കുവെച്ചായിരുന്നു മറ്റുചിലര്‍ അദ്ദേഹത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

 

 

 

രാജ്യത്ത് കഴിവുറ്റ പ്രധാമന്ത്രിയുെട കുറവ് അനുഭവപ്പെടുന്നുണ്ടെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞത്.
മന്‍മോഹന്‍ സിങിനെപ്പോലെ ആഴമുള്ള ഒരു പ്രധാനമന്ത്രിയുടെ അഭാവം ഇന്ത്യയില്‍ അനുഭവപ്പെടുന്നു. അദ്ദേഹത്തിന്റെ സത്യസന്ധതയും അര്‍പ്പണബോധവും, എല്ലാവര്‍ക്കും പ്രചോദനമാണ്- രാഹുല്‍ ട്വീറ്റ് ചെയ്തു.
ഐക്യവും മതേതരത്വവുമാണ് സര്‍ക്കാരിന്റെ മോട്ടോയെന്നും, വിഭജനത്തിന്റെ രാഷ്ട്രീയം ഇന്ത്യയില്‍ നടക്കില്ലെന്നുമുള്ള മന്‍മോഹന്‍ സിങിന്റെ വാക്കുകള്‍ പങ്കുവെച്ചായിരുന്നു അശോക് സ്വയ്ന്‍ മന്‍മോഹന്‍ സിങിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

ഓരോ ഇന്ത്യക്കാരന്റെയും മൊത്തത്തിലുള്ള ക്ഷേമത്തിനായി പ്രവര്‍ത്തിച്ചയാളാണ് മന്‍മോഹന്‍സിങ് എന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ഔദ്യോഗിക ട്വീറ്റില്‍ പറഞ്ഞു.

1932 സെപ്റ്റംബര്‍ 26ന് പാകിസ്ഥാനിലെ ഗാഗ് പ്രവിശ്യയിലായിരുന്നു ഡോ.മന്‍മോഹന്‍ സിങിന്റെ ജനനം. സാമ്പത്തിക ശാസ്ത്രജ്ഞനായ അദ്ദേഹം 2004 മുതല്‍ 2014 വരെ ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനം വഹിച്ചു.
1991ല്‍ മുന്‍ പ്രധാനമന്ത്രി പി.വി നരസിംഹറാവുവിന്റെ മന്ത്രിസഭയില്‍ ധനകാര്യവകുപ്പ് കൈകാര്യം ചെയ്താണ് മന്‍മോഹന്‍സിങ് തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.

ഈ സമയത്താണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ ഉദാരവത്കരണ, സ്വകാര്യവത്കരണ നയങ്ങള്‍ നടപ്പാക്കിയത്.
പ്രധാനമന്ത്രിയാകുന്ന ആദ്യത്തെ സിഖ് വംശജനാണ് മന്‍മോഹന്‍സിംഗ്. കൂടാതെ നെഹ്‌റുവിനുശേഷം, അഞ്ചുവര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രധാനമന്ത്രി എന്ന നേട്ടവും അദ്ദേഹത്തിന് സ്വന്തമാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Twitter celebrates Manmohansingh’s Birthday