50 ലക്ഷം ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലറ്റിക്ക കമ്പനി ചോര്‍ത്തിയ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. തുര്‍ന്ന് ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യാനുള്ള ആഹ്വാനവുമുണ്ടായിരുന്നു. എന്നാല്‍ ട്വിറ്റര്‍ ഇന്ത്യയില്‍ ട്രെന്‍ഡിംഗ് ആവുന്നത് #DeleteNaMoApp എന്ന ഹാഷ്ടാഗാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൊബൈല്‍ ആപ്പ് ആയ നമോ ഡിലീറ്റ് ചെയ്യാനാണ് ട്വിറ്ററിന്റെ ആഹ്വാനം. ആപ്പ് അനാവശ്യ അനുവാദങ്ങള്‍ ചോദിക്കുകയും വിവരങ്ങള്‍ ചോദിക്കുന്നുവെന്നും ട്വിറ്റര്‍ ആരോപിക്കുന്നു.
ഫോണിലെ കോണ്‍ടാക്ട്‌സ്, ക്യാമറ, ലൊക്കേഷന്‍, മൈക്രോഫോണ്‍, ഗാലറി തുടങ്ങിയ പെര്‍മിഷനുകളാണ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ചോദിക്കുന്നത്. ഇതില്‍ മിക്കതും ആപ്പിന്റെ പ്രവര്‍ത്തനത്തിന് അനാവശ്യമാണെന്നും ആപ്പ് ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടാവാമെന്നും ട്വിറ്റര്‍ ഉപഭോക്താക്കള്‍ പറയുന്നു.
ആപ്പ് സര്‍ക്കാരിന്റെയല്ലെന്നും നരേന്ദ്രമോദിയുടെ വ്യക്തിപരമായ ആപ്പ് ആണെന്നും ട്വിറ്റര്‍ കാമ്പയിന്‍ ഓര്‍മ്മിപ്പിക്കുന്നു.
ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ ആപ്പുകള്‍ വിവരശേഖരണത്തിനായി ഇത്തരം പെര്‍മിഷനുകള്‍ ചോദിക്കാറുണ്ട്. പെര്‍മിഷനുകള്‍ ഒന്നും തന്നെ നിര്‍ബന്ധമില്ലെന്ന് ആപ്പ് ഡിസ്‌ക്രിപ്ഷനില്‍ ചേര്‍ത്തിട്ടുണ്ടെങ്കിലും നിര്‍ബന്ധമില്ലാത്തതും ആവശ്യമില്ലാത്തതുമായ പെര്‍മിഷനുകള്‍ എന്തിനാണ് ആപ്പില്‍ ഉള്‍പ്പെടുത്തിയതെന്നാണ് ട്വിറ്ററിന്റെ ചോദ്യം.
2015 ജൂണ്‍ 17 നാണ് നരേന്ദ്രമോദി ആപ്പ് പുറത്തിറക്കിയത്. കേന്ദ്രസര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും പദ്ധതികളും വിവരിക്കുന്നതായിരുന്നു ആപ്പ്.
ആപ്പില്‍ സുരക്ഷാ പിഴവ് കണ്ടെത്തിയെന്ന് അവകാശപ്പെട്ട് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ യുവാവ് രംഗത്തെത്തിയിരുന്നു. ആപ്പ് സുരക്ഷിതമല്ലെന്നും ആപ്പില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താന്‍ തനിക്ക് സാധിച്ചുവെന്നുമാണ് ടെക്കിയായ ജാവേദ് ഖദ്രി അവകാശപ്പെട്ടത്. വിവരങ്ങള്‍ ചോര്‍ത്തിയതിന്റെ സ്‌ക്രീന്‍ഷോട്ടുകളും മറ്റ് വിവരങ്ങളും ജാവേദ് പങ്ക് വച്ചിരുന്നു.
https://twitter.com/DesiPoliticks/status/977171999582818306