| Monday, 1st February 2021, 5:57 pm

'കര്‍ഷകരുടെ കൂട്ടക്കുരുതിക്ക് മോദി പദ്ധതിയിട്ടു'വെന്ന ഹാഷ്ടാഗോടെയുള്ള ട്വീറ്റുകള്‍ പങ്കുവെച്ചു; 250 ഓളം ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കര്‍ഷക സമരത്തെ പിന്തുണച്ചതുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്ത 250ഓളം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് ട്വിറ്റര്‍ ഇന്ത്യ. മോദി കര്‍ഷകരുടെ കൂട്ടക്കൊല ആസൂത്രണം ചെയ്യുന്നു (#ModiPlanningFarmerGenocide) എന്ന ഹാഷ് ടാഗോടെ ട്വിറ്ററില്‍ കര്‍ഷ പ്രതിഷേധം സംബന്ധിച്ച് ട്വീറ്റ് ചെയ്ത അക്കൗണ്ടുകളാണ് ബ്ലോക്ക് ചെയ്തതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

വ്യാജവും ഭീഷണിപ്പെടുത്തുന്നതും പ്രകോപനപരവുമായ ട്വീറ്റുകളാണ് എന്ന് ആരോപിച്ചാണ് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തിരിക്കുന്നത്.

സി.പി.ഐ.എം നേതാവ് മുഹമ്മദ് സലിമിന്റെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്തതായി സി.പി.ഐ.എം പശ്ചിമ ബംഗാള്‍ ഘടകം ഔദ്യോഗിക ട്വിറ്ററിലൂടെ ട്വീറ്റ് ചെയ്തു.

കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്ത കിസാന്‍ എക്താ മോര്‍ച്ച, ഭാരതീയ കിസാന്‍ യൂണിയന്റെ എക്താ ഉഗ്രഹന്‍ പ്രതിനിധികള്‍, ആംആദ്മി എം.എല്‍.എമാര്‍ തുടങ്ങിയവരുടെ അക്കൗണ്ടുകളും താത്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്.

ദ കാരവന്‍ ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലും ട്വിറ്റര്‍ ഇന്ത്യ താത്കാലികമായി തടഞ്ഞ് വെച്ചിരിക്കുകയാണ്.
നിയമപരമായ ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ കാരവന്റെ അക്കൗണ്ട് താത്ക്കാലികമായി തടഞ്ഞുവെച്ചിരിക്കുന്നു എന്നാണ് അക്കൗണ്ട് തുറക്കുമ്പോള്‍ കാണുന്നത്.

അക്കൗണ്ട് തടഞ്ഞുവെച്ച കാര്യം അക്കൗണ്ടിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം കാരവന്റെ എക്സിക്യൂട്ടീവ് എഡിറ്റര്‍ വിനോദ് കെ. ജോസ് ആണ് അദ്ദേഹത്തിന്റെ ട്വിറ്ററിലൂടെ അറിയിച്ചത്. ട്വിറ്ററിന്റെ നടപടിക്കെതിരെ നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

limdotcomrade ‘s account has been suspended by @Twitter. Multiple popular Twitter accounts, which were championing the cause of the farmers have been withheld by Twitter citing some “legal” request. We condemn this & demand the suspensions to be removed immediately.

— CPI(M) WEST BENGAL (@CPIM_WESTBENGAL) February 1, 2021

നേരത്തെ ജനുവരി 26ന് നടന്ന ട്രാക്ടര്‍ റാലിയില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ‘വ്യാജ വാര്‍ത്ത’ ട്വീറ്റ് ചെയ്ത് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍, മാധ്യമപ്രവര്‍ത്തകര്‍ രജ്ദീപ് സര്‍ദേശായി, വിനോദ് കെ. ജോസ്, മൃണാള്‍ പാണ്ഡെ എന്നിവര്‍ക്കെതിരെ നോയിഡ പൊലീസ് രാജ്യദ്രോഹകുറ്റത്തിന് കേസെടുത്തിരുന്നു. എന്നാല്‍ വാര്‍ത്തയില്‍ നിന്ന് പിറകോട്ടില്ലെന്നാണ് വിനോദ് കെ ജോസ് വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം ദ വയറിന്റെ സ്ഥാപക എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജനെതിരെയും കേസെടുത്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Twitter Blocks 250 Accounts Over ”Provocative” posts on Farmers’ Protest

We use cookies to give you the best possible experience. Learn more