ന്യൂദല്‍ഹി: ഏഷ്യന്‍ ന്യൂസ് ഏജന്‍സി(എ.എന്‍.ഐ) യുടെ ഒഫീഷ്യല്‍ അക്കൗണ്ട് ട്വിറ്റര്‍ ബ്ലോക്ക് ചെയ്തു. ഇന്ത്യയിലെ ഏറ്റവും വലിയ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ട്വിറ്റര്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും അക്കൗണ്ടിന് പതിമൂന്ന് വയസ് പൂര്‍ത്തിയായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അക്കൗണ്ട് മരവിപ്പിച്ചതെന്നാണ് കമ്പനി നല്‍കുന്ന വിശദീകരണം. 7.6 മില്യണ്‍ ഫോളോവേഴ്‌സുള്ള ട്വിറ്റര്‍ അക്കൗണ്ടിന്റെ ബ്ലൂ ടിക്കും നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്.
എ.എന്‍.ഐക്ക് അയച്ച മെയിലിലാണ് ട്വിറ്റര്‍ മരവിപ്പിക്കല്‍ നടപടിയെ കുറിച്ച് വിശദീകരണം നല്‍കിയിട്ടുള്ളത്.
‘ട്വിറ്റര്‍ അക്കൗണ്ട് ക്രിയേറ്റ് ചെയ്യാനായി നിങ്ങള്‍ക്ക് 13 വയസ് പൂര്‍ത്തിയാവേണ്ടതുണ്ട്. ട്വിറ്റര്‍ മാനനണ്ഡപ്രകാരമുള്ള വര്‍ഷം നിങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ നിങ്ങളുടെ അക്കൗണ്ട് മരവിപ്പിക്കുന്ന നടപടികളിലേക്ക് ട്വിറ്റര്‍ കടക്കുകയാണ്, ട്വിറ്റര്‍ മെയിലില്‍ പറഞ്ഞു.
ട്വിറ്ററിന്റെ നടപടി എ.എന്‍.ഐ ഡയറക്ടര്‍ സ്മിത പ്രകാശ് സ്ഥിരീകരിച്ചിട്ടുണ്ട്. അക്കൗണ്ട് പുനസ്ഥാപിക്കുന്നത് വരെ എ.എന്‍.ഐ ഡിജിറ്റല്‍ എന്ന പുതിയ അക്കൗണ്ടിലൂടെയായിരിക്കും വാര്‍ത്തകള്‍ പങ്കുവെക്കുകയെന്നും അവര്‍ ട്വീറ്റ് ചെയ്തു. അക്കൗണ്ട് മരവിപ്പിച്ച് കൊണ്ടുള്ള ട്വിറ്ററിന്റെ മെയിലും സ്മിത പ്രകാശ് പങ്കുവെച്ചിട്ടുണ്ട്.
‘ഇന്ത്യയിലെ ഏറ്റവും വലിയ വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയെ പിന്തുടരുന്ന ആളുകളെ സംബന്ധിച്ച് ദുഖകരമായ വാര്‍ത്തയാണിത്. 7.6 മില്യണ്‍ ഫോളോവേഴ്‌സുള്ള എ.എന്‍.ഐയുടെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചിരിക്കുന്നു. അക്കൗണ്ടിന്റെ ഗോള്‍ഡന്‍ ടിക് എടുത്ത് മാറ്റി ബ്ലൂ ടിക്കിലേക്ക് മാറ്റിയിരുന്നു ഇതിന് പിന്നാലെയാണ് അക്കൗണ്ട് മരവിപ്പിച്ചത്,’
‘എ.എന്‍.ഐയുടെ അക്കൗണ്ട് തിരികെ ലഭിക്കുന്നത് വരെ എ.എന്‍.ഐ ഡിജിറ്റല്‍, എ. ഹിന്ദി ന്യൂസ് എന്നീ ഹാന്‍ഡിലുകളിലൂടെയായിരിക്കും വാര്‍ത്തകള്‍ ട്വീറ്റ് ചെയ്യുക,’ സ്മിത പ്രകാശ് പറഞ്ഞു.
ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ ട്വിറ്ററിനെതിരെ വ്യാപകമായ പരാതിയാണ് ഉയരുന്നത്. അക്കൗണ്ട് വെരിഫിക്കേഷനുമായി ബന്ധപ്പെട്ട് ബ്ലൂ ടിക്കുകള്‍ക്ക് പണം ഈടാക്കുന്നതുള്‍പ്പെടെയുള്ള പദ്ധതികള്‍ ട്വിറ്റര്‍ ആവിഷ്‌കരിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയില്‍ നിന്നടക്കമുള്ള നിരവധി ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍ നിന്ന് ബ്ലൂ ടിക്കുകള്‍ നഷ്ടമായിരുന്നു.