national news
സഹായിക്കാനുള്ള മനസിന് നന്ദി കമ്മിന്‍സ്; പക്ഷേ പി.എം കെയര്‍ ഫണ്ടിനെ നമ്പാതെ; സഹായ വാഗ്ദാനത്തിന് താഴെ മറുപടികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 26, 01:41 pm
Monday, 26th April 2021, 7:11 pm

മുംബൈ: കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ കെയര്‍ ഫണ്ടിലേക്ക് 50,000 ഡോളര്‍ സംഭാവനയായി നല്‍കുമെന്ന് അറിയിച്ച പാറ്റ് കമ്മിന്‍സിന്റെ ട്വീറ്റിന് താഴെ പി.എം കെയര്‍ ഫണ്ടിനെ ‘നമ്പാതെ’ എന്ന മറുപടികള്‍. പി.എം കെയറിന്റെ വിശ്വാസ്യതയെ ചോദ്യ ചയ്യുന്ന വിധത്തിലാണ് കമന്റുകള്‍.

പാറ്റ് നിങ്ങളുടെ വലിയ മനസിന് നന്ദി. എന്നാല്‍ നിങ്ങള്‍ നല്‍കുന്ന പണം പി.എം കെയറിലേക്ക് നല്‍കരുത്. ഇത് ആരോടും ഉത്തരവാദിത്തമില്ലാത്ത ഫണ്ടാണെന്ന് ആവര്‍ത്തിച്ചുള്ള വിവരാവകാശ രേഖ പ്രകാരം വ്യക്തമായതാണെന്നും ഇതിലേക്ക് വന്ന തുക എന്തിനുവേണ്ടിയാണ് ഇതുവരെ ചെലവഴിച്ചെതെന്ന് പൗരന്മാര്‍ക്ക് ആര്‍ക്കും അറിയില്ലെന്നും കമന്റുകളിലുണ്ട്.

ദയവായി പി.എം ഫണ്ടിലേക്ക് പണമടയ്ക്കരുത്. അത് ഏറ്റവും വലിയ തട്ടിപ്പാണ്. പി.എം കെയര്‍ ഫണ്ട് ഞങ്ങളുടെ സര്‍ക്കാറിന് അഴിമതി നടത്തനുള്ള മാര്‍ഗമാണ്, ഈ തുക ഏതെങ്കിലും ഓക്സിജന്‍ വിതരണ കമ്പനക്ക് നല്‍കി അത് ആവശ്യമുള്ളവര്‍ക്ക് നല്‍കാന്‍ അവരോട് പറയൂ തുടങ്ങിയ കമന്റുകളും വന്നു.

നേരത്തെ 50,000 ഡോളര്‍ പ്രധാനമന്ത്രിയുടെ കെയര്‍ ഫണ്ടിലേക്ക് സംഭാവന നല്‍കുമെന്നാണ് കമ്മിന്‍സ് ട്വീറ്റ് ചെയ്തത്. ഇതിന് താഴെയാണ് ഇത്തരത്തിലുള്ള മറുപടികള്‍ വന്നത്. ഐ.പി.എല്ലില്‍ കളിക്കുന്ന സഹതാരങ്ങളെല്ലാം ഇന്ത്യക്ക് സഹായങ്ങളെത്തിക്കണമെന്നും കമ്മിന്‍സ് ട്വീറ്റില്‍ പറഞ്ഞിരുന്നു.

‘കുറേക്കാലമായി ഞാന്‍ സ്ഥിരമായി വരുന്ന പ്രിയപ്പെട്ട രാജ്യമാണ് ഇന്ത്യ. കൊവിഡ് പശ്ചാത്തലത്തില്‍ ഉയര്‍ന്ന പ്രതിസന്ധി എന്നെ അതീവ ദുഃഖത്തിലാക്കുന്നുണ്ട്. ഈ അവസരത്തില്‍ ഐ.പി.എല്‍ തുടരണോയെന്ന കാര്യത്തില്‍ പല തരത്തിലുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്.
പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് വിനോദം പകരുന്ന ചില മണിക്കൂറുകള്‍ പങ്കുവെക്കാന്‍ ഐ.പി.എല്ലിന് സാധിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വിശദീകരണം. അത്തരമൊരു വിനോദമെങ്കിലും ബാക്കിയില്ലെങ്കില്‍ രാജ്യത്ത് വലിയ പ്രതിസന്ധി തന്നെ രൂപപ്പെടും.

ഈ ഘട്ടത്തില്‍ എന്നാല്‍ കഴിയാവുന്ന സഹായം നല്‍കുകയാണ്. 50,000 ഡോളറിന്റെ സംഭാവന ഞാന്‍ പ്രധാനമന്ത്രി കെയറിലേക്ക് നല്‍കും. ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന ആശുപത്രികളെ സഹായിക്കുന്നതിനായി ഈ തുക വിനിയോഗിക്കണമെന്നാണ് പറയാനുള്ളത്. എന്റെ സഹ കളിക്കാരും ഇന്ത്യക്ക് സഹായങ്ങളെത്തിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇത് വലിയൊരു തുകയല്ലെന്ന് എനിക്കറിയാം. പക്ഷേ ആര്‍ക്കെങ്കിലും ഇത് ഗുണകരാമാവുമെന്നാണ് വിശ്വാസം,’ കമ്മിന്‍സ ട്വീറ്റ് ചെയ്തു.

അതേസമയം, ഐ.പി.എല്ലില്‍ വിദേശ താരങ്ങളുടെ കൊഴിഞ്ഞുപോക്ക് തുടരുന്ന സമയത്തുതന്നെയാണ് പാറ്റ് കമ്മിന്‍സിന്റെ സഹായവും എത്തിയിരിക്കുന്നത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ആദം സാംപയും പേസര്‍ കെയ്ന്‍ റിച്ചാര്‍ഡ്‌സണും ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറിയതായി അറിയിച്ചിരുന്നു. നേരത്തെ രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലീഷ് താരം ലിയാം ലിവിങ്സ്റ്റണ്‍ നിയന്ത്രണങ്ങളിലെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന കഴിഞ്ഞ വാരം നാട്ടിലേക്ക് മടങ്ങിയിരുന്നു.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ജോഷ് ഹേസല്‍വുഡ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ജോഷ്വ ഫിലിപ്പെ, സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മിച്ചല്‍ മാര്‍ഷ് എന്നിവര്‍ ടൂര്‍ണമെന്റ് തുടങ്ങും മുന്നേ പിന്‍മാറിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Twitter asks Pat Cummins not to donate in PM care Funds