national news
തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്തു; ട്വിറ്ററുമായി ചര്‍ച്ച നടത്തിയെന്ന് നേതാക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Feb 28, 06:35 am
Tuesday, 28th February 2023, 12:05 pm

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. പാര്‍ട്ടി അക്കൗണ്ടിന്റെ പേരും ലോഗോയും മാറിയിട്ടുണ്ട്. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി തൃണമൂല്‍ കോണ്‍ഗ്രസും സ്ഥിരീകരിച്ചു.

ട്വിറ്ററുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ഉടന്‍ പരിഹരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ വക്താവും രാജ്യസഭാംഗവുമായ ഡെറിക് ഒബ്രിയാന്‍ പറഞ്ഞു.

യുഗ ലാബ്‌സ് എന്നാണ് ഹാക്ക് ചെയ്യപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ടിന്റെ പേര്. ലോഗോയും ഇപ്രകാരം മാറിയതായാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാത്രിയോടെയായിരിക്കാം ഹാക്കിങ് നടന്നതെന്നാണ് പാര്‍ട്ടിയുടെ നിഗമനം.

‘ട്വിറ്റര്‍ അധികാരികളുമായി സംസാരിച്ചു. അക്കൗണ്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്,’ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ഉദ്ധരിച്ച് സിയാസത് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം ഹാക്ക് ചെയ്യപ്പെട്ടെങ്കിലും വിദ്വേഷ പോസ്റ്റുകളോ കമന്റുകളോ അക്കൗണ്ടിലൂടെ പങ്കുവെക്കപ്പെട്ടിട്ടില്ലെന്ന് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കുന്നു.

Content Highlight: Twitter account of Trinamool congress hacked, name changed to Yuga labs