തോള്‍ തിരുമാവളനെതിരെ ആക്ഷേപം; ബി.ജെ.പി അനുകൂലിയായ നടിയുടെ അക്കൗണ്ട് നിര്‍ത്തലാക്കി ട്വിറ്റര്‍
national news
തോള്‍ തിരുമാവളനെതിരെ ആക്ഷേപം; ബി.ജെ.പി അനുകൂലിയായ നടിയുടെ അക്കൗണ്ട് നിര്‍ത്തലാക്കി ട്വിറ്റര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th November 2019, 5:05 pm

ചെന്നൈ: തോള്‍ തിരുമാവളന്‍ എം.പിക്കെതിരെയും വി.സി.കെ പാര്‍ട്ടിക്കെതിരെയും കടുത്ത ആക്ഷേപം ഉന്നയിച്ച ബി.ജെ.പി അനുകൂലിയായ നടി ഗായത്രി രഘുരാമന്റെ അക്കൗണ്ട് ട്വിറ്റര്‍ നിര്‍ത്തലാക്കി. ട്വിറ്ററിന്റെ മാനദണ്ഡങ്ങള്‍ ഗായത്രി പാലിച്ചില്ലെന്നാരോപിച്ചാണ് അക്കൗണ്ട് നിര്‍ത്തലാക്കിയത്.

തോള്‍ തിരുമാളവനോടും വി.സി.കെയോടും തന്നെ മര്‍ദ്ദിക്കാന്‍ നവംബര്‍ 27ന് വരാനാവുമോ എന്ന് ഗായത്രി വെല്ലുവിളിച്ചിരുന്നു. തിരുമാളവനോട് അടുത്ത വ്യക്തി തന്റെ സഹായിയുടെ ഫോണ്‍ നമ്പര്‍ പലര്‍ക്കും കൊടുക്കുന്നുവെന്നും ആ നമ്പറില്‍ പലരും വിളിച്ച് സഹായിയെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ഗായത്രി ആരോപിച്ചിരുന്നു.

തിരുമാവളന്‍ ഗുണ്ടയാണെന്നും അദ്ദേഹത്തിനെങ്ങനെയാണ് ഒരു എം.പിയായി തുടരാന്‍ കഴിയുന്നതെന്നും ഗായത്രി ചോദിച്ചിരുന്നു. ഹിന്ദുക്കള്‍ക്കെതിരായി സംസാരിക്കുന്ന അദ്ദേഹത്തിന് താന്‍ വോട്ട് ചെയ്തില്ലെന്നും ഗായത്രി പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് നടി മറീന ബീച്ചില്‍ വരാന്‍ എം.പിയോടും പാര്‍ട്ടിയോടും വെല്ലുവിളി നടത്തിയത്.

തോള്‍ തിരുമാളവനെതിരെ ഗായത്രി നടത്തിയ അധിക്ഷേപത്തിനെതിരെ വി.സി.കെ പ്രതിഷേധ പരിപാടികള്‍ നടത്തിയിരുന്നു. അധിക്ഷേപ പരാമര്‍ശത്തിനും ജാതി ആക്ഷേപത്തിനും കേസെടുക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു.