| Wednesday, 18th August 2021, 8:43 am

നിരോധിക്കില്ല, കര്‍ശനമായി പരിശോധിക്കും; താലിബാന്‍ അനുകൂല പോസ്റ്റുകളെ കുറിച്ച് ട്വിറ്റര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂള്‍: താലിബാന്‍ അനുകൂല പോസ്റ്റുകള്‍ക്ക് ഫേസ്ബുക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ വിഷയത്തിലെ തങ്ങളുടെ നിലപാട് പ്രഖ്യാപിച്ച് ട്വിറ്റര്‍. ട്വീറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തില്ലെന്നും ട്വിറ്ററിന്റെ നയങ്ങളും നിയമങ്ങളും കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുകയാണ് ചെയ്യാനുദ്ദേശിക്കുന്നതെന്നും ട്വിറ്ററിന്റെ വക്താവ് അറിയിച്ചു.

ജനങ്ങളുടെ സുരക്ഷിതത്വത്തിന് പ്രാധാന്യം നല്‍കാനും അതീവജാഗ്രത പുലര്‍ത്താനുമാണ് ഇപ്പോള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും ട്വിറ്റര്‍ പറഞ്ഞു.

‘സഹായം അഭ്യര്‍ത്ഥിക്കാന്‍ വേണ്ടിയും അഫ്ഗാനിലെ ജനങ്ങള്‍ ട്വിറ്ററിനെ ഉപയോഗിക്കുന്നുണ്ട്. ട്വിറ്ററിന്റെ നയങ്ങളെ ലംഘിക്കുന്ന, പ്രത്യേകിച്ച്, അക്രമത്തെ മഹത്വവത്കരിക്കുന്ന ട്വീറ്റുകളുണ്ടായാല്‍ അവക്കെതിരെ നടപടി സ്വീകരിക്കും. തെറ്റിദ്ധാരണ ജനിപ്പിക്കാന്‍ വേണ്ടി തയ്യാറാക്കുന്ന പോസ്റ്റുകള്‍ക്കെതിരെയും നടപടിയുണ്ടാകും,’ ട്വിറ്റര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് താലിബാന്‍ അനുകൂല പോസ്റ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയാണെന്ന് ഫേസ്ബുക്ക് അറിയിച്ചത്. കമ്പനിയുടെ മറ്റ് പ്ലാറ്റ്ഫോമുകളായ ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് എന്നിവിടങ്ങളിലും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

മുന്‍പ് പോസ്റ്റ് ചെയ്തിരുന്ന താലിബാന്‍ അനുകൂല ഉള്ളടക്കങ്ങളും നീക്കം ചെയ്യാന്‍ തുടങ്ങിയെന്ന് ഫേസ്ബുക്ക് പ്രതിനിധി അറിയിച്ചു.

‘യു.എസ് നിയമപ്രകാരം താലിബാന്‍ ഒരു ഭീകര സംഘടനയായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇതോടെ താലിബാന്‍ അല്ലെങ്കില്‍ അവരുടെ പേരില്‍ പരിപാലിക്കുന്ന അക്കൗണ്ടുകള്‍ ഞങ്ങള്‍ നീക്കം ചെയ്യുകയാണ്,’ ഫേസ്ബുക്ക് പ്രതിനിധി പറഞ്ഞു.

അഫ്ഗാനില്‍ നിന്നുള്ള വിദഗ്ധരുടെ സഹായത്തോടെ പ്രാദേശിക ഭാഷയിലുള്ള താലിബാന്‍ അനുകൂല ഉള്ളടക്കവും നീക്കം ചെയ്യുമെന്ന് ഫേസ്ബുക്ക് അറിയിച്ചിട്ടുണ്ട്.

20 വര്‍ഷത്തിന് ശേഷം അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ നിന്നും പിന്‍വാങ്ങിയതിന് പിന്നാലെയാണ് താലിബാന്‍ അഫ്ഗാനെ പിടിച്ചെടുക്കാനുള്ള ആക്രമണം ശക്തമാക്കിയത്.

ആഗസ്റ്റ് 15-16 തിയതികളിലായിട്ടായിരുന്നു താലിബാന്‍ അഫ്ഗാനിസ്ഥാന്റെ ഭരണം പൂര്‍ണമായും പിടിച്ചെടുത്തത്. രാജ്യം കീഴടക്കിയതോടെ അഫ്ഗാനിസ്ഥാന്റെ പേരും താലിബാന്‍ മാറ്റിക്കഴിഞ്ഞു. ഇസ്‌ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാന്‍ എന്നാണ് പുതിയ പേര്.

രാജ്യം വിട്ട അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഗാനിയും മന്ത്രിസഭാംഗങ്ങളുമെല്ലാം നിലവില്‍ അയല്‍രാജ്യമായ താജിക്കിസ്ഥാനിലാണ് അഭയം തേടിയിരിക്കുന്നത്.

താലിബാന്‍ അഫ്ഗാന്‍ കയ്യടക്കിയതിന് പിന്നാലെ ഏതു വിധേനയും രാജ്യത്ത് നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് സാധാരണക്കാരായ അഫ്ഗാന്‍ പൗരന്മാര്‍. പറന്നുയരാന്‍ പോകുന്ന വിമാനങ്ങള്‍ക്ക് ചുറ്റും ആളുകള്‍ തടിച്ചുകൂടുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസങ്ങളിലായി പുറത്തുവന്നിരുന്നു.

അഫ്ഗാനില്‍ താലിബാന്‍ ഇസ്ലാമിക് നിയമസംഹിതയായ ശരീഅത്ത് കര്‍ശനമായി നടപ്പിലാക്കുമെന്ന ഭയത്തിലാണ് ജനങ്ങള്‍. നേരത്തെ താലിബാന്‍ അധികാരത്തിലുണ്ടായിരുന്ന സമയത്തുണ്ടായിരുന്ന കര്‍ക്കശ നിയന്ത്രണങ്ങള്‍ മടങ്ങിവരുമെന്ന ഈ പേടിയിലാണ് ജനങ്ങള്‍ പലായനത്തിനൊരുങ്ങുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Twitter about Taliban related posts in connection with Afghan crisis

We use cookies to give you the best possible experience. Learn more