വാഷിംഗ്‌ടൺ ഡി.സി.: അമേരിക്കയിലെ അലബാമ സംസ്ഥാനത്ത് വീശിയടിച്ച ചുഴലിക്കാറ്റിൽ 14 മരണം. അമേരിക്കയിലെ തെക്കൻ സംസ്ഥാനമായ അലബാമയിൽ ഞായറാഴ്ച്ച ഉണ്ടായ “വിനാശകരമായ” കൊടുങ്കാറ്റിൽ നികത്താനാകാത്ത നഷ്ടങ്ങളുണ്ടായതായി പ്രദേശവാസികൾ പറയുന്നു.
“ഇതുവരെ 14 പേർ മരിച്ചു എന്നാണു മനസിലാക്കുന്നത്. നിരവധി പേരെ ആശുപത്രിയിൽ ആക്കിയിട്ടുണ്ട്. ഇതിൽ ചിലരുടെ നില അതീവ ഗുരുതരമാണ്. കാണാതായവർക്കു വേണ്ടി ഞങ്ങൾ അന്വേഷണം തുടരുകയാണ്.” അലബാമയിലെ ലീ കൗണ്ടിയിലെ ഷെറിഫായ ജേ ജോൺസ് അമേരിക്കൻ മാധ്യമമായ സി.ബി.എസിനോട് പറഞ്ഞു.
ചുഴലിക്കാറ്റിൽ ഉണ്ടായ നഷ്ടങ്ങൾ നികത്താനാകാത്തതാണെന്നും കെടുതിയിൽ തകർന്ന വീടുകൾ കണ്ട ശേഷം ഇങ്ങനെ പറയാനാണ് തനിക്ക് തോന്നുന്നതെന്നും ജോൺസ് സി.ബി.എസിനോട് പറഞ്ഞു.
Also Read ഇന്ത്യ-പാക് യുദ്ധം; വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ടെലിവിഷന്‍ അവതാരകന്‍ ട്രെവര്‍ നോവ
അലബാമയിൽ ഏതാണ്ട് അരക്കിലോമീറ്ററോളം ചുറ്റളവിൽ ചുഴലിക്കാറ്റ് നാശനഷ്ടങ്ങൾ സൃഷ്ടിച്ചു. പിന്നീട് മൈലുകളോളം സഞ്ചരിച്ച കാറ്റ് പോയ വഴികളിലെല്ലാം നാശം വിതച്ചാണ് നീങ്ങിയത്.
എന്നാൽ അലബാമയിൽ മാത്രമല്ല അമേരിക്കയുടെ വിവിധ സ്ഥലങ്ങളിൽ ചുഴലിക്കാറ്റ് ഉണ്ടായതായി അമേരിക്കൻ മാധ്യമങ്ങൾ പറയുന്നു.