തിരുവനന്തപുരം: പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പാത്രം മോഷണം പോയ സംഭവത്തില്‍ വമ്പന്‍ ട്വിസ്റ്റ്. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ ഹരിയാന സ്വദേശികള്‍ക്ക് മോഷണവുമായി ബന്ധമില്ലെന്ന് പൊലീസ്. പുരാവസ്തു വിഭാഗത്തില്‍പ്പെട്ട പാത്രം അബദ്ധത്തില്‍ മറ്റൊരാള്‍ എടുത്ത് നല്‍കിയതാണെന്ന ഹരിയാന സ്വദേശികളുടെ മൊഴി സത്യമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ഹരിയാന സ്വദേശിയായ ഓസ്‌ട്രേലിയന്‍ വംശജനായ മനോജ് ഝാ, ഭാര്യ, ഭാര്യയുടെ സുഹൃത്ത് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസ് എടുത്തത്. എന്നാല്‍ ഇവരെ വിശദമായി ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ യഥാര്‍ത്ഥ ചിത്രം പുറത്ത് വന്നത്. വിദേശികളായ ഇവര്‍ വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതിന്റെ ഭാഗമായി പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ എത്തിയതായിരുന്നു.
ഇത്തരത്തില്‍ 13ാം തീയതി പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് പാത്രം കാണാതാവുന്നത്. ഇവരുടെ കൈയിലുണ്ടായിരുന്ന പൂജ സാമഗ്രികള്‍ അടങ്ങിയ പാത്രം നിലത്ത് വീണപ്പോള്‍ എടുത്ത് നല്‍കിയത് മറ്റൊരു പാത്രമായിരുന്നു. തുടര്‍ന്ന് ആ പാത്രവുമായി ഇവര്‍ പുറത്തേക്ക് പോവുകയായിരുന്നു.
ഇവരുടെ മൊഴി ശരിയാണെന്നാണ് പൊലീസിന്റെ നിരീക്ഷണം. അതിനാല്‍ ഇവര്‍ക്കെതിരെ പൊലീസ് കേസ് എടുക്കില്ല എന്നാണ് റിപ്പോര്‍ട്ട്. കസ്റ്റഡിയിലെടുത്ത മൂന്ന് പേരില്‍ രണ്ട് പേര്‍ ഹരിയാന സ്വദേശികളും ഒരാള്‍ ബിഹാര്‍ സ്വദേശിയുമാണ്.
എന്നാല്‍ മോഷണം പോയ പാത്രം ഐശ്വര്യം കിട്ടാന്‍ വേണ്ടി പ്രതികള്‍ മോഷ്ടിക്കുകയായിരുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
പാത്രം കാണാനില്ല എന്ന വിവരം അറിഞ്ഞ ക്ഷേത്രം അധികൃതര്‍ സി.സി.ടി.വി ഫൂട്ടേജുകള്‍ പരിശോധിച്ച ശേഷം പൊലീസിനെ അറിയിക്കുകയായിരുന്നു. ക്ഷേത്രദര്‍ശനത്തിന് പിന്നാലെ ഉഡുപ്പിയില്‍ നിന്ന് വിമാന മാര്‍ഗം മൂവരും ഹരിയാനയിലേക്ക് പോവുകയായിരുന്നു. ഫോര്‍ട്ട് പൊലീസ് വിവരം ഹരിയാന പൊലീസിനെ അറിയിച്ചതോടെ ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് പ്രതികളെ കേരളത്തിലേക്ക് എത്തിക്കുകയായിരുന്നു.
കേരള പൊലീസും കേന്ദ്ര പൊലീസും കാവല്‍ നില്‍ക്കുന്ന സുരക്ഷാമേഖലയില്‍ നിന്നാണ് പാത്രം കാണാതെ പോകുന്നത്.
Content Highlight: twist in Sree Padmanabha theft case