| Sunday, 24th October 2021, 2:49 pm

ആര്യന്‍ഖാന്‍ കേസില്‍ വന്‍ ട്വിസ്റ്റ്; ഷാരൂഖ് ഖാനില്‍ നിന്നും പണം തട്ടിയെടുക്കാന്‍ സമീര്‍ വാങ്കഡെ ശ്രമിച്ചുവെന്ന ആരോപണവുമായി സാക്ഷി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരി മരുന്ന് കേസില്‍, നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ സമീര്‍ വാങ്കഡെയ്‌ക്കെതിരെ ഗുരുതര ആരോപണം. ആര്യന്‍ ഖാന്‍ കേസ് അന്വേഷിക്കുന്ന പ്രൈവറ്റ് അന്വേഷണ ഉദ്യോഗസ്ഥനായ കെ.പി. ഗോസാവിയും വാങ്കഡെയും കേസില്‍ ഗൂഢാലോചന നടത്തുന്നതായും പണം കൈമാറുന്നതായും കണ്ടുവെന്നാണ് ഇവര്‍ക്കെതിരെ ഉയരുന്ന ആരോപണം.

കെ.പി. ഗോസാവിയുടെ അംഗരക്ഷകരിലൊരാളായ പ്രഭാകര്‍ സെയ്ല്‍ എന്നയാള്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് വാങ്കഡെയ്‌ക്കെതിരെ ആരോപണം ഉന്നയിക്കുന്നത്.

എന്‍.സി.ബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ അടക്കം ചേര്‍ന്ന് ഷാരൂഖ് ഖാനില്‍ നിന്ന് പണം തട്ടാനുള്ള ശ്രമം നടത്തുകയായിരുന്നെന്ന് സാക്ഷിയായ പ്രഭാകര്‍ സെയ്ല്‍ പറയുന്നത്.

പ്രഭാകര്‍ നല്‍കിയ സത്യവാങ്മൂലം പ്രകാരം ഗോസാവിയും സാം ഡിസൂസ എന്നയാളും തമ്മില്‍ 18 കോടി രൂപയുടെ കരാര്‍ നടത്തിയെന്നും ഇതില്‍ 8 കോടി രൂപ വാങ്കഡെയ്ക്കുള്ളതായിരുന്നു എന്നുമാണ് ഇയാള്‍ പറയുന്നത്. താനാണ് ഗോസാവിയുടെ കയ്യില്‍ നിന്നും പണം ഏറ്റുവാങ്ങി ഡിസൂസയ്ക്ക് നല്‍കിയതെന്നും ഇയാള്‍ സത്യവാങ്മൂലത്തില്‍ സൂചിപ്പിക്കുന്നു.

ഇക്കാര്യം വെളിപ്പെടുത്തുന്നതോടെ തന്റെ ജീവന് ഭീഷണിയുണ്ടാവാന്‍ സാധ്യതയുണ്ടെന്നും പ്രഭാകര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

എന്നാല്‍ താന്‍ ഇക്കാര്യം നിഷേധിക്കുന്നുവെന്നും, ആരോപണത്തിന് കൃത്യമായ മറുപടി നല്‍കുമെന്നുമാണ് സമീര്‍ വാങ്കഡെ പ്രതികരിച്ചത്.

അതേസമയം, ഈ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് എന്‍.സിബിയുടെ വാദം.

ഏജന്‍സിയുടെ പ്രതിച്ഛായ തകര്‍ക്കാനാണ് ഇത്തരം ആരോപണങ്ങള്‍ ശ്രമിക്കുന്നതെന്ന് എന്‍.സി.ബി വൃത്തങ്ങള്‍ അറിയിച്ചു. ഏജന്‍സി കെട്ടിടത്തില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഇത്തരത്തില്‍ സംശയാസ്പദമായി ഒരു കൈമാറ്റവും ഇവിടെ വെച്ച് നടന്നിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ആന്‍ഡ് സൈക്കോട്രോഫിക് സബ്സ്റ്റന്‍സ് (എന്‍.ഡി.പി.എസ്) കോടതിയില്‍ സത്യവാങ്മൂലം ഹാജരാക്കട്ടെയെന്നും, തങ്ങളുടെ പ്രതികരണം അവിടെ നല്‍കുമെന്നുമാണ് ഇക്കാര്യത്തില്‍ എന്‍.സി.ബിയുടെ നിലപാട്

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Twist In Aryan Khan Case: Witness Claims Payoff

Latest Stories

We use cookies to give you the best possible experience. Learn more