|

രേഖാചിത്രത്തിന്റെ സെറ്റില്‍ മമ്മൂക്ക വരുമെന്ന് പ്രതീക്ഷിച്ചായിരുന്നു പലരും ഇരുന്നത്, എന്നെ കണ്ടപ്പോള്‍ പലര്‍ക്കും സംശയമായി: ട്വിങ്കിള്‍ സൂര്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തില്‍ ഈ വര്‍ഷത്തെ ആദ്യ ബ്ലോക്ക്ബസ്റ്ററാണ് രേഖാചിത്രം. ദി പ്രീസ്റ്റിന് ശേഷം ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് 70 കോടിയോളം സ്വന്തമാക്കിയിരുന്നു. ആസിഫ് അലി നായകനായെത്തിയ ചിത്രം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. മലയാളത്തില്‍ അധികം പരീക്ഷിച്ചിട്ടില്ലാത്ത ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി ഴോണറിലാണ് രേഖാചിത്രം ഒരുക്കിയത്.

ചിത്രത്തിന്റെ റിലീസിന് മുമ്പ് തന്നെ ചര്‍ച്ചയായ ഒന്നായിരുന്നു മമ്മൂട്ടിയുടെ സാന്നിധ്യം. എ.ഐ ഉപയോഗിച്ച് മമ്മൂട്ടിയെ രേഖാചിത്രത്തില്‍ അവതരിപ്പിക്കുന്നു എന്ന റൂമറുകളുണ്ടായിരുന്നെങ്കിലും അണിയറപ്രവര്‍ത്തകര്‍ അക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത തന്നിരുന്നില്ല. തിയേറ്ററില്‍ മമ്മൂട്ടിയുടെ എ.ഐ ഗെറ്റപ്പ് കണ്ടപ്പോള്‍ പ്രേക്ഷകര്‍ അത്ഭുതം കൊണ്ടിരുന്നു.

 Shouldn't have emulated Mammootty in the film, Mammooka outside the film: Twinkle Suriya

ട്വിങ്കിള്‍ സൂര്യ എന്ന ഇന്‍സ്റ്റഗ്രാം വീഡിയോ ക്രിയേറ്ററാണ് രേഖാചിത്രത്തില്‍ മമ്മൂട്ടിയുടെ ഡ്യൂപ്പായി വേഷമിട്ടത്. ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ട്വിങ്കിള്‍ സൂര്യ. രേഖാചിത്രത്തിന്റെ സെറ്റില്‍ മമ്മൂട്ടി വന്ന് അഭിനയിക്കുമെന്നാണ് പലരും ചിന്തിച്ചതെന്ന് ട്വിങ്കിള്‍ സൂര്യ പറഞ്ഞു.

ഷൂട്ടിനായി എല്ലാവരും റെഡിയായി നിന്നപ്പോള്‍ താന്‍ കാറില്‍ നിന്നിറങ്ങി കൈവീശി കാണിക്കുന്ന സീന്‍ ഷൂട്ട് ചെയ്‌തെന്നും അത് റിഹേഴ്‌സലാണെന്ന് പലരും തെറ്റിദ്ധരിച്ചെന്നും ട്വിങ്കിള്‍ സൂര്യ കൂട്ടിച്ചേര്‍ത്തു. പലരും തന്നെ സംശയത്തോടെ നോക്കിയെന്നും ഏത് റോളാണ് ചെയ്യുന്നതെന്ന് ചോദിച്ചെന്നും ട്വിങ്കിള്‍ സൂര്യ പറഞ്ഞു.

മമ്മൂട്ടിയുടെ ഡ്യൂപ്പായിട്ടാണെന്ന് മറുപടി നല്‍കിയെന്നും അത് കേട്ട് അവര്‍ ചിരിച്ചെന്നും ട്വിങ്കിള്‍ സൂര്യ കൂട്ടിച്ചേര്‍ത്തു. എ.ഐ പോര്‍ഷന് വേണ്ടി മീശയെടുത്ത സമയമായിരുന്നു അതെന്നും ആളുകള്‍ക്ക് താന്‍ പറഞ്ഞത് വിശ്വാസമായില്ലെന്നും ട്വിങ്കിള്‍ സൂര്യ പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു ട്വിങ്കിള്‍ സൂര്യ.

‘രേഖാചിത്രത്തിന്റെ സെറ്റില്‍ മമ്മൂക്ക വന്ന് അഭിനയിക്കുമെന്ന് പലരും വിശ്വസിച്ചിരുന്നു. ഞാന്‍ കാറില്‍ നിന്ന് ഇറങ്ങി എല്ലാവരെയും കൈവീശി കാണിക്കുന്ന ഷോട്ടെടുത്ത ശേഷം ബ്രേക്ക് വിളിച്ചു. ഇനി ബാക്കി മമ്മൂക്ക വന്നിട്ട് ഷൂട്ട് ചെയ്യുമെന്ന് പലരും വിശ്വസിച്ചു. അത് റിഹേഴ്‌സലാണെന്ന് വിചാരിച്ച ചില ആളുകളും ഉണ്ടായിരുന്നു. അവരോടൊന്നും ഇത് പറയാന്‍ പോയില്ല.

വേറെ ചിലര്‍ക്ക് ഞാന്‍ ഏത് റോളാണ് ചെയ്യുന്നതെന്ന് അറിയില്ലായിരുന്നു. എന്നോട് ചോദിച്ചപ്പോള്‍ ഇതുപോലെ മമ്മൂക്കയുടെ ഡ്യൂപ്പായിട്ടാണ് ചെയ്യുന്നതെന്ന് പറഞ്ഞു. അത് കേട്ടതും അവര്‍ ചിരിച്ചു. എ.ഐക്ക് വേണ്ടി മീശ വടിച്ച സമയമായിരുന്നു. ‘മമ്മൂട്ടിയുടെ ഡ്യൂപ്പായിട്ട്’ എന്ന് പറഞ്ഞ് അവര്‍ കളിയാക്കി ചിരിച്ചു. അവരോടും ഒന്നും പറഞ്ഞില്ല, അത് സസ്‌പെന്‍സായി തന്നെ വെച്ചു,’ ട്വിങ്കിള്‍ സൂര്യ പറഞ്ഞു.

Content Highlight: Twinkle Surya shares the shooting experience of Rekhachithram movie