വാഷിങ്ടണ്‍: ട്വിറ്ററിന്റെ വെബ് വെര്‍ഷനില്‍ ലോഗോ മാറ്റം വരുത്തി ഇലോണ്‍ മസ്‌ക്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ മസ്‌ക് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇനി മുതല്‍ വെബില്‍ ട്വിറ്റര്‍ തുറക്കുമ്പോള്‍ ഹോം ബട്ടണില്‍ നീല പക്ഷിക്ക് പകരം ഡോജ്‌കോയിന്‍ ക്രിപ്‌റ്റോകറന്‍സിയിലെ ഡോജ് മീം ആയിരിക്കും കാണാനാവുക. എന്നാല്‍ മൊബൈല്‍ വെര്‍ഷനില്‍ പഴയ ലോഗോ തന്നെ നിലനിര്‍ത്തും.
2022ല്‍ ഒരു ഉപഭോക്താവ് മസ്‌കിനോട് ട്വിറ്ററിന്റെ ലോഗോ ഡോജ് മീമാക്കി മാറ്റണമെന്ന് ആവശ്യപ്പെടുന്ന ട്വീറ്റും മസ്‌ക് തന്റെ അക്കൗണ്ടില്‍ പങ്ക് വെച്ചിട്ടുണ്ട്. ‘വാഗ്ദാനം ചെയ്ത പോലെ’ എന്ന ക്യാപ്ഷനിലാണ് മസ്‌ക് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.
2013ലാണ് ഡോജ് കോയിന്‍ ബ്ലോക് ചെയ്ന്‍ ആന്‍ഡ് ക്രിപ്‌റ്റോകറന്‍സി പ്രശസ്തമായ ഡോഗി മീം അവതരിപ്പിക്കുന്നത്. എതിരാളികളായ ക്രിപ്‌റ്റോ കറന്‍സി കമ്പനികളെ പരിഹസിക്കുന്ന ജോക്ക് മീം ആയി പുറത്തിറക്കിയ ഡോഗി മീം പിന്നീട് വലിയ പ്രശസ്തി നേടിയിരുന്നു.
ഈ വര്‍ഷം ഫെബ്രുവരിയില്‍ ഡോജ് കോയ്ന്‍ ലോഗോയോടൊപ്പം മസ്‌ക് ഫോട്ടോക്ക് പോസ് ചെയ്യുന്ന ചിത്രവും മസ്‌ക് തന്റെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു. ട്വിറ്ററിന്റെ പുതിയ സി.ഇ.ഒ അടിപൊളിയാണ് എന്ന ക്യാപ്ഷനിലായിരുന്നു മസ്‌കിന്റെ ട്വീറ്റ്. ഇതോടെ ട്വിറ്റര്‍ ലോഗോ മാറ്റുമെന്ന അഭ്യൂഹവും ശക്തമായിരുന്നു.