| Sunday, 25th February 2024, 8:23 pm

എന്നെ അറസ്റ്റ് ചെയ്താൽ പിണറായിയുടെ മകളെ അഴിക്കുള്ളിലാക്കാനുള്ള ബോംബ് പക്കലുണ്ട്; സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ സാബു എം. ജേക്കബ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി20. പാര്‍ട്ടി അധ്യക്ഷനും കിറ്റെക്‌സ് ഉടമയുമായ സാബു എം. ജേക്കബ് ആണ് സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പുറത്തുവിട്ടത്. ചാലക്കുടി മണ്ഡലത്തില്‍ ചാര്‍ളി പോള്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് സാബു എം. ജേക്കബ് പ്രഖ്യാപിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എറണാകുളത്ത് ആന്റണി ജൂഡിയും മത്സരിക്കും.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പുറമെ സീറ്റ് തരാമെന്ന് വാഗ്ദാനം നല്‍കിയാല്‍ ബി.ജെ.പിയിലേക്ക് പോവുന്ന ആളല്ല താനെന്ന് സാബു എം. ജേക്കബ് പ്രതികരിച്ചു. ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രനെ നേരിട്ട് കണ്ടിട്ട് പോലുമില്ലെന്നും തന്നെ ഒരു കൂട്ടം ആളുകള്‍ സംഘിയാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ സി.പി.ഐ.എം, കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ സീറ്റ് വാഗ്ദാനം ചെയ്തിരുന്നെന്നും സാബു എം. ജേക്കബ് പറഞ്ഞു. എറണാകുളത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി കിറ്റെക്‌സ് ഉടമ മത്സരിക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

2021ല്‍ കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും വി.ഡി. സതീശനും വീട്ടിലെത്തി സന്ദര്‍ശിച്ച് അഞ്ച് സീറ്റുകള്‍ വാഗ്ദാനം ചെയ്തെന്നും അഞ്ച് തവണയോളം പി. രാജീവടക്കമുള്ള സി.പി.ഐ.എം നേതാക്കള്‍ തന്നെ കണ്ടിരുന്നെന്നും സാബു എം. ജേക്കബ് പറഞ്ഞു.

വരുന്ന ദിവസങ്ങളില്‍ താനൊരു ആറ്റം ബോംബ് പ്രയോഗിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് ട്വന്റി20 അധ്യക്ഷന്‍ പറയുകയുണ്ടായി. ആ വിഷയം മുഖ്യമന്ത്രി പിണറായി വിജയന്റെ മകളായ വീണ വിജയനെതിരെയായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം സംസ്ഥാനത്ത് അധികാരത്തിലെത്തിയാല്‍ നടപ്പാക്കാനുള്ള പ്രകടനപത്രിക പാര്‍ട്ടി പുറത്തുവിട്ടിരുന്നു. 50 ശതമാനം വരെ സബ്സിഡി നല്‍കുന്ന ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റുകള്‍, 60 വയസിന് മുകളിലുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 5,000 രൂപ പെന്‍ഷന്‍, പുതിയ മുല്ലപ്പെരിയാര്‍ അണക്കെട്ട്, ഔഷധച്ചെലവില്‍ 50 ശതമാനം വെട്ടിക്കുറയ്ക്കല്‍, കടല്‍ക്ഷോഭ ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ കടല്‍ഭിത്തികള്‍ എന്നിവയാണ് വാഗ്ദാനങ്ങള്‍. 10 വര്‍ഷത്തിനുള്ളില്‍ കേരളത്തിന്റെ 7 ലക്ഷം കോടി രൂപയുടെ പൊതുകടം തുടച്ചുനീക്കുമെന്നും പാര്‍ട്ടി പറയുന്നു.

Content Highlight: Twenty20 announced candidate in Chalakudy for loksabha election

We use cookies to give you the best possible experience. Learn more