| Monday, 16th May 2022, 1:51 pm

കുന്നംകുളം മാപ്പുണ്ടെങ്കില്‍ തരണേ ഓരാള്‍ക്ക് കൊടുക്കാനാണ്; സാബു എം. ജേക്കബിനെ പരിഹസിച്ച് പി.വി. ശ്രീനിജന്‍; പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം. ജേക്കബിനെതിരെ പരിഹാസ മറുപടിയുമായി പി.വി. ശ്രീനിജന്‍ എം.എല്‍.എ.

ആരുടെയെങ്കിലും കയ്യില്‍ കുന്നംകുളം മാപ്പ് ഉണ്ടെങ്കില്‍ തരണേ..ഓരാള്‍ക്ക് കൊടുക്കാനാണ് എന്നായിരുന്നു ശ്രീനിജന്റെ പരിഹാസം.
ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ച അദ്ദേഹം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.

ട്വന്റി ട്വന്റിക്കെതിരെ നടത്തിയ അക്രമങ്ങളില്‍ മാപ്പുപറയാന്‍ ശ്രീനിജന്‍ തയ്യാറാകണമെന്ന് സാബു എം. ജേക്കബ് ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയെന്നോണമായിരുന്നു ട്വന്റി ട്വന്റിയുടെയോ സാബു എം ജേക്കബിന്റെയോ പേര് പരാമര്‍ശിക്കാതെയുള്ള അദ്ദേഹത്തിന്റെ പോസ്റ്റ്.

ഇടതുപക്ഷം വോട്ട് മാത്രം ചോദിച്ചാല്‍ പോരായെന്നും, ശ്രീനിജന്‍ അടക്കമുള്ളവരെ നിലയ്ക്ക് നിര്‍ത്താന്‍ പാര്‍ട്ടി തയ്യാറാകണമെന്നും, ശ്രീനിജന്‍ എം.എല്‍.എ മാപ്പ് പറയണമെന്നും സാബു എം. ജേക്കബ് പറഞ്ഞിരുന്നു.

തൃക്കാക്കരയില്‍ ട്വന്റി ട്വന്റി വോട്ട് ആര്‍ക്കായിരിക്കും എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവേയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചത്.

ഞങ്ങള്‍ മത്സരിക്കുന്നില്ലെന്ന് പറഞ്ഞപ്പോള്‍ ഭയന്നോടുകയാണെന്നും പേടികൊണ്ടാണ് ആളെ നിര്‍ത്താത്തതെന്നുമാണ് ശ്രീനിജന്‍ എം.എല്‍.എ പറഞ്ഞത്. ഇത്തരം മണ്ടത്തരങ്ങള്‍ പറയുന്നവരും ഇടത് മുന്നണിയുടെ കൂട്ടത്തിലുണ്ട്. ഔചിത്യമുള്ള ഒരാള്‍ പോലും പറയാത്തതാണ് അദ്ദേഹം പറഞ്ഞത്.

മുന്നണിയിലെ അണികളെ നിലക്ക് നിര്‍ത്താന്‍ പറ്റുന്നില്ല. ഒരു നേതാവ് വിമര്‍ശിക്കുകയും മറ്റ് ചിലര്‍ വോട്ട് ചോദിക്കുകയും ചെയ്യുന്നത് ശരിയല്ല. നിലക്ക് നിര്‍ത്തണം. പാര്‍ട്ടി അച്ചടക്കമാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്നായിരുന്നു സാബു എം. ജേക്കബ് പ്രതികരിച്ചത്.

കിറ്റക്‌സ് സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി എന്ത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും സാബു എം. ജേക്കബ് പറഞ്ഞു.

രണ്ടാം പിണറായി സര്‍ക്കാരിന്റെ വിലയിരുത്തലാകും ഉപതെരഞ്ഞെടുപ്പ്. സില്‍വര്‍ ലൈനും അക്രമ രാഷ്ട്രീയവും അടക്കമുള്ള വിഷയങ്ങള്‍ പരിഗണിച്ചായിരിക്കും നിലപാട് സ്വീകരിക്കുക. സില്‍വര്‍ ലൈന്‍ സാമ്പത്തികമായി നഷ്ടമുണ്ടാക്കുന്ന പദ്ധതിയാണ്. ജനക്ഷേമ സഖ്യത്തിന്റെ നേതൃസ്ഥാനം സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഇല്ല. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ജനക്ഷേമ സഖ്യം പ്രവര്‍ത്തിക്കുമെന്നും സാബു പറഞ്ഞു.

Content Highlight: Twenty Twenty sabu M jacon PV Sreenijan Conflict

We use cookies to give you the best possible experience. Learn more