റൊണാൾഡോ കളിച്ച് തുടങ്ങും മുമ്പേ അൽ നസറിന് ലോട്ടറി; മണിക്കൂറുകൾക്കുള്ളിൽ വിറ്റത് ഇരുപത് ലക്ഷം ജേഴ്സി
football news
റൊണാൾഡോ കളിച്ച് തുടങ്ങും മുമ്പേ അൽ നസറിന് ലോട്ടറി; മണിക്കൂറുകൾക്കുള്ളിൽ വിറ്റത് ഇരുപത് ലക്ഷം ജേഴ്സി
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 3rd January 2023, 10:52 am

റൊണാൾഡോ ടീമിലെത്തിയതോടെ വെച്ചടി വെച്ചടി കയറ്റമാണ് സൗദി ക്ലബ്ബ് അൽ നസറിന് റൊണാൾഡോ ടീമിലെത്തിയയുടനെ അൽ നസറിന്റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് കുത്തനെ ഉയർന്നിരുന്നു. ഇപ്പോൾ റൊണാൾഡോയുടെ പേരുള്ള ഏഴാം നമ്പർ ജേഴ്സി വിൽപനയിലൂടെ വലിയ തുകയാണ് സൗദി ക്ലബ്ബിന്റെ പെട്ടിയിൽ എത്തുന്നത്.

അനൗദ്യോഗിക കണക്കുകൾ പ്രകാരം ജേഴ്സി പുറത്തിറക്കി 48 മണിക്കൂർ പിന്നിടുമ്പോഴേക്കുമാണ് ഇത്രയേറെ വിൽപന ഉണ്ടായിരിക്കുന്നത്.

എകദേശം 400 മുതൽ 500 റിയാൽ വരെയാണ് റൊണാൾഡോയുടെ പേരും നമ്പറുമുള്ള ജേഴ്സിയുടെ വില എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മറ്റു താരങ്ങളുടെ ജേഴ്സി വിലയിൽ കുറവുണ്ട്.

റോണോയുടെ ജേഴ്സി ആവശ്യപ്പെട്ട് യൂറോപ്പിൽ നിന്നും ഏഷ്യയിൽ നിന്നുമടക്കം വലിയ ഓർഡറുകൾ വന്നുകൊണ്ടിരിക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

കൂടാതെ പല സ്റ്റോറുകളിലും ജേഴ്സി സ്റ്റോക്കില്ല എന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്.

എന്നാൽ റൊണാൾഡോക്ക് വേണ്ടി ഒരു താരത്തെ അൽ നസർ ഒഴിവാക്കിയെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ടീമിന്റെ നിലവിലെ ഏഴാം നമ്പർ താരമായ ഉസ്ബക്കിസ്ഥാൻ താരം ജലാദിയാൻ മാഷപ്രോവുമായുള്ള കരാറാണ് അൽ നസർ അവസാനിപ്പിച്ചത് എന്നായിരുന്നു പുറത്ത് വന്ന വാർത്തകൾ.

റൊണാൾഡോ ടീമിലെത്തിയതിന് പിന്നാലെ തന്റെ നമ്പറായ ഏഴ് റോണോക്ക് വിട്ട് നൽകാത്തതിനാലാണ് താരത്തെ ക്ലബ്ബ് ഒഴിവാക്കിയതെന്നായിരുന്നു റിപ്പോർട്ടുകൾ.

പ്രോ ലീഗ് കിരീടം തിരികെ പിടിക്കുക എന്നതിലപ്പുറം മറ്റ് പല ലക്ഷ്യങ്ങളും റൊണാള്‍ഡോയെ സൗദി മണ്ണിലെത്തിച്ചതിന് പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

റൊണാള്‍ഡോയുമായി ഏര്‍പ്പെട്ട കരാറില്‍ ക്ലബ്ബിനുവേണ്ടി താരം പരസ്യങ്ങള്‍ ചെയ്യണമെന്ന നിബന്ധന കൂടിയുണ്ട്. അങ്ങനെയെങ്കില്‍ റൊണാള്‍ഡോയെ ഉപയോഗിച്ച് കോടികള്‍ പരസ്യവരുമാനത്തിലൂടെ സ്വന്തമാക്കാന്‍ അല്‍ നസറിന് സാധിക്കും.

കൂടാതെ ക്ലബ്ബിന്റെ ഓഹരിമൂല്യത്തിലും ബ്രാന്‍ഡ് മൂല്യത്തിലും റൊണാള്‍ഡോയുടെ വരവ് കൂടുതല്‍ വര്‍ധനവുണ്ടാക്കും.
ഇതിനൊപ്പം അല്‍ നാസറിനപ്പുറം സൗദി പ്രോ ലീഗിനും രാജ്യത്തിനും റൊണാള്‍ഡോയുടെ വരവ് നിരവധി നേട്ടങ്ങള്‍ ഉണ്ടാക്കി കൊടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

സൗദി പ്രോ ലീഗിന്റെ സംപ്രേഷണം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനും കൂടുതല്‍ മാര്‍ക്കറ്റുകളിലേക്ക് പ്രോ ലീഗിനെ വളര്‍ത്താനും റൊണാള്‍ഡോയുടെ വരവ് സഹായിക്കും.

കൂടാതെ ജേഴ്സിയടക്കമുള്ള മെര്‍ച്ചന്റൈസുകളുടെ വില്‍പനയിലൂടെ വലിയൊരു തുക സൗദിയിലേക്ക് എത്തിക്കാന്‍ റൊണാള്‍ഡോയുടെ വരവ് സഹായിക്കും.

ഇതിനപ്പുറം എണ്ണയുടെ സ്രോതസില്‍ നിന്നുള്ള വരുമാനത്തിന് പുറമേ ടൂറിസം, സ്‌പോര്‍ട്‌സ് എന്നിവയില്‍ നിന്നും കൂടി വരുമാനം കണ്ടെത്താനുള്ള സൗദിയുടെ തീരുമാനത്തിന് കരുത്തേകുന്നതാണ് റൊണാള്‍ഡോയുടെ സൗദിയിലേക്കുള്ള കടന്നുവരവ്.

കൂടാതെ ടിക്കറ്റ് വില്പനയിലൂടെയുള്ള വരുമാനം വര്‍ധിപ്പിക്കാനും റൊണാള്‍ഡോ വരുന്നതോടുകൂടി പ്രോ ലീഗിന് സാധിക്കും.

 

Content Highlights:Twenty lakh Al Nasser jerseys were sold within hours before Ronaldo starts playing