കൊളംബോ: ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിന്റെ സെമി ഫൈനലില്‍ പാകിസ്ഥാന്‍ ഇന്ന് ആതിഥേയരായ ശ്രീലങ്കയെ നേരിടും. കൊളംബോയിലെ പ്രേമദാസ സ്‌റ്റേഡിയത്തിലാണ് മത്സരം.
സൂപ്പര്‍ എട്ടില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും തുല്യ പോയിന്റാണെങ്കിലും നെറ്റ് റണ്‍റേറ്റിന്റെ മുന്‍തൂക്കത്തില്‍ പാകിസ്ഥാന്‍ സെമി ഫൈനലിലേക്ക് പ്രവേശനം നേടുകയായിരുന്നു. ഇതോടെ പാകിസ്ഥാന്‍ ട്വന്റി-20യുടെ നാല് ലോകകപ്പ് സെമിഫൈനലിലും കളിക്കുന്ന ടീമായി മാറി.[]
2009ല്‍ നടന്ന രണ്ടാമത്തെ ട്വന്റി-20 ലോകകപ്പിലെ ചാമ്പ്യന്മാരാണ് പാകിസ്ഥാന്‍. അന്ന് ഫൈനലില്‍ ശ്രീലങ്കയെ തോല്‍പിച്ചാണ് പാകിസ്ഥാന്‍ വിജയികളായത്.
ശ്രീലങ്കയ്ക്ക് ആതിഥേയ ടീം എന്ന മുന്‍തൂക്കമുണ്ടങ്കിലും പ്രേമദാസ സ്‌റ്റേഡിയത്തിലെ ടീമിന്റെ മുന്‍ അനുഭവങ്ങള്‍ അത്ര ശുഭമല്ല. ഇവിടെ മുമ്പ കളിച്ച നാല് ട്വന്റി-20 മത്സരങ്ങളും തോറ്റ ചരിത്രമാണ് ശ്രീലങ്കയുടേത്. എങ്കിലും ടൂര്‍ണ്ണമെന്റിലെ ടീമിന്റെ പ്രകടനം മികച്ചതാണെന്നത് ശ്രീലങ്കയ്ക്ക് സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
ടൂര്‍ണ്ണമെന്റില്‍ പ്രേമദാസ സ്‌റ്റേഡിയത്തില്‍ നടന്ന 11 മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ടോസ് നേടിയ ടീമിന് ജയിക്കാന്‍ കഴിഞ്ഞത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓസ്‌ട്രേലിയ വിജയിച്ച മത്സരത്തില്‍ ഓസീസിനായിരുന്നു ടോസ്.
ടൂര്‍ണ്ണമെന്റില്‍ ഓരോ മത്സരങ്ങള്‍ വീതം തോറ്റാണ് ഇരു ടീമുകളുമെത്തുന്നത്. ആസ്‌ത്രേലിയയും വെസ്റ്റ് ഇന്‍ഡീസുമാണ് സെമിഫൈനലിലെ മറ്റ് ടീമുകള്‍.