കൊളംബോ: ട്വന്റി-20 ലോകകപ്പ് സെമി പോരാട്ടങ്ങള്‍ നാളെ തുടങ്ങാനിരിക്കെ കിരീടത്തിനായി ഇനി നാലുടീമുകള്‍ മാത്രം. ആദ്യ മത്സരത്തില്‍ ശ്രീലങ്ക പാക്കിസ്ഥാനെ നേരിടും.
ഓസ്‌ട്രേലിയ വെസ്റ്റ് ഇന്‍ഡീസിനെതിരെയും ശ്രീലങ്ക പാക്കിസ്ഥാനെതിരെയും ഇറങ്ങും. രണ്ടാം മത്സരം വെള്ളിയാഴ്ച ഓസ്‌ട്രേലിയയും വെസ്റ്റ് ഇന്‍ഡീസും തമ്മിലാണ്.[]
സൂപ്പര്‍ എട്ടില്‍ ശ്രീലങ്ക സമ്പൂര്‍ണ ജയത്തോടെയാണ് സെമിയില്‍ എത്തിയിരിക്കുന്നത്. ഓസീസും പാക്കിസ്ഥാനും വെസ്റ്റ് ഇന്‍ഡീസും സൂപ്പര്‍ പോരാട്ടത്തില്‍ ഓരോ മല്‍സരം വീതം തോറ്റു.
ഗ്രൂപ്പ് മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയോടേറ്റ തോല്‍വിയില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടാണ് ലങ്ക സൂപ്പര്‍ എട്ടില്‍ ഇറങ്ങിയത്. ഗ്രൂപ്പില്‍ ലങ്കയും വിന്‍ഡീസും ഓരോ മല്‍സരം വീതം തോറ്റു.
പാക്കിസ്ഥാനും ഓസീസും ഗ്രൂപ്പ് ചാംപ്യന്‍മായി സൂപ്പര്‍ എട്ടിലെത്തി. എന്നാല്‍ സെമിയില്‍ ആ കണക്കുകള്‍ക്കൊന്നും സ്ഥാനമില്ല. ഇവിടെ മികച്ച പ്രകടനം തന്നെ പുറത്തെടുത്താലെ കലാശപോരിന് ഇറങ്ങാന്‍ കഴിയൂ. അതുകൊണ്ട് തന്നെ തീപാറുന്ന പോരാട്ടങ്ങളാകും അരങ്ങേറുക.
ഓസ്‌ട്രേലിയയും ലങ്കയും മൂന്നാം തവണയാണ് സെമി അങ്കത്തിന് ഇറങ്ങുന്നത്. 4 ലോകകപ്പുകളിലും സെമിയിലെത്തിയ ഒരെയൊരു ടീം പാക്കിസ്ഥാന്‍ മാത്രമാണ്. വിന്‍ഡീസും രണ്ടാം തവണയാണ് സെമിയില്‍ എത്തുന്നത്.