തിരുവനന്തപുരം: കിഴക്കമ്പലത്ത് ട്വന്റി-20 പ്രവര്‍ത്തകന്‍ ദീപുവിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയത് ശ്രീനിജന്‍ എം.എല്‍.എയെന്ന് ട്വിന്റി-20.
ദീപുവിനെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ പട്ടിയെപ്പോലെ തല്ലിച്ചതച്ചെന്നും ദീപുവിന് ഒരു അസുഖവും ഉണ്ടായിരുന്നില്ലെന്നും എന്നിട്ടും ലിവര്‍ സിറോസിസ് ആയിരുന്നെന്ന് ശ്രീനിജന്‍ പ്രചരിപ്പിക്കുന്നെന്നും ട്വിന്റി-20 ആരോപിച്ചു.
ശ്രീനിജനെ കിഴക്കമ്പലത്ത് കാലുകുത്താന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും ട്വിന്റി-20 അറിയിച്ചു. ആലുവയിലെ ആശുപത്രിക്ക് മുന്നില്‍ ശ്രീനിജനെതിരെ ട്വിന്റി-20 പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്.
ദീപുവിന്റെ മരണത്തിന് കാരണം സി.പി.ഐ.എം പ്രവര്‍ത്തകരുടെ മര്‍ദ്ദനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞിരുന്നു. പ്രധാന സി.പി.ഐ.എം നേതാക്കളുടെ സാന്നിധ്യത്തിലാണ് ദീപുവിന് മര്‍ദനമേറ്റതെന്നും ദീപുവിനെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ തല്ലിക്കൊന്നതാണെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നുമായിരുന്നു വി.ഡി സതീശന്‍ പറഞ്ഞത്.
നാട്ടില്‍ എം.എല്‍.എക്കെതിരെ ജനാധിപത്യ സമരം നടത്താന്‍ പാടില്ലേയെന്നും ക്രൂരമായ മര്‍ദനമാണ് പട്ടികജാതി കോളനിയില്‍ നടന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു.
കോളേജുകളിലും സംഘര്‍ഷം നടക്കുന്നു. ഇത് ധാര്‍ഷ്ട്യവും ധിക്കാരവുമാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ രക്തസാക്ഷിയാണ് ദീപുവെന്നും വി.ഡി സതീശന്‍ പറഞ്ഞു.
ക്രൂരമര്‍ദനം ഏറ്റതാണ് ദീപുവിന്റെ മരണകാരണമെന്ന് കുന്നത്തുനാട് മുന്‍ എം.എല്‍.എ വി.പി സജീന്ദ്രനും ആരോപിച്ചു.
കിഴക്കമ്പലത്ത് വിളക്കണയ്ക്കല്‍ സമരത്തിനിടെ മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു കാവുങ്ങപ്പറമ്പ് പാറപ്പുറം കോളനിയിലെ താമസക്കാരനായ ദീപു (37). കിഴക്കമ്പലം അഞ്ചാം വാര്‍ഡിലെ ട്വന്റി-20 വാര്‍ഡ് ഏരിയ സെക്രട്ടറിയായിരുന്നു ദീപു.
തലച്ചോറില്‍ ശക്തമായ ആന്തരികരക്തസ്രാവമുണ്ടായതിനാല്‍ ദീപുവിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ദീപുവിനെ പിന്നീട് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും രക്ഷിക്കാനായില്ല.
രോഗി മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് വ്യക്തമായതോടെ ഇന്ന് രാവിലെ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ദീപുവിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച കിഴക്കമ്പലം പഞ്ചായത്തില്‍ കുന്നത്തുനാട് എം.എല്‍.എ പി.വി ശ്രീനിജനെതിരെ ട്വിന്റി-20 വിളക്കണയ്ക്കല്‍ സമരം നടത്തിയിരുന്നു. രാത്രി ഏഴ് മണി മുതല്‍ പതിനഞ്ച് മിനിറ്റായിരുന്നു ട്വന്റി- 20 ഭരിക്കുന്ന നാല് പഞ്ചായത്തുകളിലും വിളക്കണയ്ക്കല്‍ സമരം നടന്നത്.
ആളുകളില്‍ നിന്ന് പിരിവെടുത്ത് തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്ന ട്വന്റി 20-യുടെ പദ്ധതിക്കെതിരെ പി.വി ശ്രീനിജന്‍ എം.എല്‍.എ രംഗത്ത് വന്നതായിരുന്നു സമരത്തിന് കാരണം.
ഇതിന്റെ ഭാഗമായി വീടുകയറി പ്രചരണം നടത്തിയ ദീപുവിനെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നു. സംഭവത്തില്‍ നാലു സി.പി.ഐ.എം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ബഷീര്‍, സൈനുദ്ദീന്‍, അബ്ദുറഹ്‌മാന്‍, അബ്ദുള്‍ അസീസ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കോലഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തിട്ടുണ്ട്.