| Thursday, 29th July 2021, 2:27 pm

ട്വന്റി-20 ഭരിക്കുന്ന പഞ്ചായത്തുകള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കില്ല; പ്രതിപക്ഷത്തിന് പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്ന് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

എറണാകുളം: ട്വന്റി-20 ഭരിക്കുന്ന പഞ്ചായത്തുകള്‍ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം നിരസിച്ച് ഹൈക്കോടതി. മഴുവന്നൂര്‍, കുന്നത്തുനാട്, ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റുമാരാണ് തങ്ങളുടെ ജീവനും പഞ്ചായത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൊലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കിയത്.

പഞ്ചായത്ത് പ്രസിഡന്റിനും മെമ്പര്‍മാര്‍ക്കും പഞ്ചായത്തുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ യോഗങ്ങള്‍ക്കും പൊലീസ് സംരക്ഷണം വേണമെന്നായിരുന്നു ഹരജി. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും പഞ്ചായത്തുകളുടെ സംരക്ഷണത്തിനായുള്ള ഇടക്കാല ഉത്തരവ് സമ്പൂര്‍ണ്ണമാക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റുമാര്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ പഞ്ചായത്തിന് സംരക്ഷണം ആവശ്യമില്ലെന്നും ഭാവിയില്‍ നിയമപ്രശ്നങ്ങള്‍ ഉണ്ടായാല്‍ നടപടികള്‍ സ്വീകരിക്കാമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും പ്രവര്‍ത്തകര്‍ക്കും പഞ്ചായത്ത് ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ അധികാരമുണ്ടെന്നും കോടതി അറിയിച്ചു.

പഞ്ചായത്തുകളുടെ ഭരണ കാലാവധി 5 വര്‍ഷമാണെന്നും ഭരണകാലാവധി മുഴുവന്‍ സംരക്ഷണം നല്‍കാന്‍ വേണ്ട യാതൊരു വിധ നിയമ പ്രശ്നങ്ങളും പഞ്ചായത്തുകളില്‍ ഇല്ലെന്നും കേസിലെ എതിര്‍കക്ഷികള്‍ ആയ പ്രതിപക്ഷ പാര്‍ട്ടികളും വാദിച്ചു.

പഞ്ചായത്തുകള്‍ക്ക് മുന്നില്‍ ജനാധിപത്യപരമായ പ്രതിഷേധങ്ങള്‍ ആണ് പ്രതിപക്ഷം നടത്തിയത് എന്നും അവ സമാധാനപരമായിരുന്നുവെന്നും ജനാധിപത്യ പ്രതിഷേധങ്ങള്‍ തുടരാന്‍ അനുവദിക്കണമെന്നുമായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Twenty 20 Kizhakkambalam Police Security

We use cookies to give you the best possible experience. Learn more