കൊച്ചി: ട്വന്റി 20യ്ക്ക് കൃത്യമായി നിലപാടില്ലെന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് ട്വന്റി 20 ചെയര്‍മാന്‍ സാബു എം. ജേക്കബ്. കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനങ്ങളോട് ട്വന്റി 20 പ്രതികരിച്ചത്.
” ശബരിമല വിഷയം വന്നപ്പോള്‍ ഇവിടുത്തെ പ്രതിപക്ഷ നേതാവ് രാവിലെ അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കി. ഒരു മണിക്കൂറ് കഴിഞ്ഞപ്പോള്‍ അതേ പാര്‍ട്ടിയിലെ മറ്റൊരു നേതാവ് വേറൊരു നിലപാട് വ്യക്തമാക്കി. വീണ്ടും ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അതേ പാര്‍ട്ടിയിലെ മുന്‍ മുഖ്യമന്ത്രി വേറൊരു നിലപാട് വ്യക്തമാക്കി.
ഉച്ച കഴിഞ്ഞപ്പോള്‍ രാവിലെ അഭിപ്രായം പറഞ്ഞ പ്രതിപക്ഷ നേതാവ് നിലപാട് മാറ്റി. ആള്‍തൂക്കം നോക്കിയായിരുന്നു നിലപാട് മാറ്റം. നമ്മുടെ രാഷ്ട്രീയ നേതാക്കളെല്ലാം തന്നെ ആള്‍ക്കനം നോക്കി നിലപാട് വ്യക്തമാക്കുന്നവരാണ്. അവര്‍ക്കാര്‍ക്കും തന്നെ സ്വന്തമായൊരു നിലപാടില്ല,” സാബു എം. ജേക്കബ് പറഞ്ഞു.
ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കുകയല്ലാതെ പരിഹാരം കണ്ടെത്താന്‍ ആര്‍ക്കെങ്കിലും സാധിച്ചോയെന്നു സാബു എം. ജേക്കബ് ചോദിച്ചു. കര്‍ഷക സമരത്തിന് പോയി അവരുടെ മുന്നില്‍ ഞെളിഞ്ഞ് നിന്ന് ഫോട്ടോയെടുക്കുകയല്ലാതെ ആര്‍ക്കെങ്കിലും പരിഹാരം കാണാന്‍ സാധിച്ചോ എന്നും സാബു എം.ജേക്കബ് ചോദിച്ചു.
പരിഹാരമില്ലാത്ത നിലപാട് പറഞ്ഞ് തെരഞ്ഞെടുപ്പ് വരുമ്പോള്‍ ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് പാര്‍ട്ടികള്‍ എന്നും സാബു എം. ജേക്കബ് പറഞ്ഞു.
ട്വന്റി 20 എറണാകുളം ജില്ലയില്‍ അഞ്ചു സീറ്റിലാണ് മത്സരിക്കുന്നത്. നേരത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ ട്വന്റി 20ക്ക് സാധിച്ചിരുന്നു.ഇതിന് പിന്നാലെയാണ് നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിക്കാന്‍ ട്വന്റി 20 തയ്യാറെടുക്കുന്നത്. പൈനാപ്പിള്‍ ചിഹ്നത്തിലാണ് ട്വന്റി 20 നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.