കൊച്ചി: കിറ്റക്‌സിന്റെ ട്വന്റി 20 പാര്‍ട്ടി എറണാകുളത്ത് മാത്രം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതിന് കാരണം സി.പി.ഐ.എമ്മുമായുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്ന് തൃക്കാക്കര എം.എല്‍.എ പി.ടി. തോമസ്.
ട്വന്റി 20 മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ ആയുധമാണെന്നും പി.ടി. തോമസ് ആരോപിച്ചു. യു.ഡി.എഫിന് നിര്‍ണായക സ്വാധീനമുള്ള ജില്ലയില്‍ എല്‍.ഡി.എഫിന് കൂടുതല്‍ സീറ്റ് പിടിക്കാന്‍ വേണ്ടിയാണ് ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു.
”കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിക്കുന്ന ജില്ലയില്‍ മൂന്നോ നാലോ സീറ്റ് കുറയ്ക്കാന്‍ പിണറായി വിജയനുമായി ഒരു അവിശുദ്ധ കൂട്ടുകെട്ട് ട്വന്റി 20 ഉണ്ടാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് എറണാകുളത്ത് മാത്രം ഇവര്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്നത്.
യഥാര്‍ത്ഥത്തില്‍ പിണറായി വിജയന് തൃക്കാക്കരയില്‍ രണ്ട് സ്ഥാനാര്‍ത്ഥിയുണ്ട്. ഒന്നാമത്തെയാള്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ജെ. ജേക്കബും രണ്ടാമത്തെയാള്‍ കമ്പനിയുടെ സ്ഥാനാര്‍ത്ഥിയായ, പി.ടി തോമസിനെതിരെ വന്നിട്ടുള്ള സ്വകാര്യ സ്ഥാനാര്‍ത്ഥി ഡോ. ടെറി തോമസും. അത് പിണറായിയുടെ അജണ്ടയാണ്.
നിഷ്‌കളങ്കരായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയോ ശ്രീനിവാസനോ സിദ്ദിഖോ ലാലോ ഈ വസ്തുതയൊന്നും അറിയാതെ അതില്‍ അകപ്പെട്ടുപോയതാണ്. പിണറായി വിജയന്റെ നാക്കും നീക്കങ്ങളുമാണ് തൃക്കാക്കരയില്‍ സ്വകാര്യ സ്ഥാനാര്‍ത്ഥി നടത്തുന്നത്.” പി.ടി തോമസ് പറഞ്ഞു.
ജൈവ കൃഷിയ്ക്കു വേണ്ടി നിലകൊള്ളുന്ന ശ്രീനിവാസന്‍ ഏറ്റവും കൂടുതല്‍ മാലിന്യങ്ങള്‍ തള്ളിവിടുന്ന ഒരു കമ്പനിയുടെ പേരിലുള്ള സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചു എന്നതില്‍ അത്ഭുതം തോന്നുന്നുവെന്നും പി.ടി തോമസ് പറഞ്ഞു.
2015 ലെ തദ്ദേശ തെരഞ്ഞെടുപ്പിലൂടെ കിഴക്കമ്പലം പഞ്ചായത്തില്‍ അധികാരം പിടിച്ചെടുത്ത കിറ്റക്‌സിന്റെ ട്വന്റി 20 ഇക്കുറി ആദ്യമായാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരത്തിനിറങ്ങുന്നത്. പൈനാപ്പിള്‍ ചിഹ്നത്തിലാണ് ട്വന്റി 20 മത്സരിക്കുന്നത്.