കൊച്ചി: കര്‍ഷക സമരം പോലുള്ള വിഷയങ്ങളില്‍ ഒറ്റവാക്കില്‍ ഉത്തരം പറയാനാകില്ലെന്ന് ട്വിന്റി 20 ചെയര്‍മാന്‍ സാബു.എം. ജേക്കബ്.
” കര്‍ഷക സമരത്തെപറ്റി പല ഘട്ടങ്ങളായി ജനങ്ങളുമായി സംസാരിക്കണം, ഉദ്യോഗസ്ഥരുമായി സംസാരിക്കണം. എല്ലാവര്‍ക്കും സ്വീകാര്യമായിട്ടുള്ളതും രാജ്യത്തിന് ഗുണകരമായിട്ടുള്ളതുമായി തീരുമാനം എടുക്കുക എന്നുള്ളതാണ്. അല്ലാതെ ഇങ്ങനെയുള്ള കാര്യങ്ങളില്‍ ഒരു വ്യക്തിയുടെ അല്ലെങ്കില്‍ പാര്‍ട്ടിയുടെ നിലപാടല്ല കാണേണ്ടത്. അതുകൊണ്ട് തന്നെ കര്‍ഷക സമരത്തില്‍ ഇപ്പോള്‍ താനായിട്ട് ഒരു അഭിപ്രായം സ്വീകരിക്കുന്നത് ശരിയല്ല,” സാബു.എം ജേക്കബ് പറഞ്ഞു.
വര്‍ഗീയത ഇസ്‌ലാമോഫോബിയ തുടങ്ങിയവയുമായി ബന്ധപ്പെട്ട ചോദ്യത്തിന് ട്വന്റി 20 മനുഷ്യരുടെ പാര്‍ട്ടിയാണെന്ന് സാബു എം.ജേക്കബ് പറഞ്ഞു. ഏതെങ്കിലും ഒരു മതത്തിന്റെ പാര്‍ട്ടിയായി നിലകൊള്ളാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. ഒരു മതത്തിന്‍റെയും നേതാക്കളോടോ സംഘടനകളോടോ സംസാരിക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല.
ഇവിടുത്തെ ജനങ്ങളെ എല്ലാവരെയും ഒരു പോലെ കണ്ടുകൊണ്ട് മുന്നോട്ട് പോകാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്.എറണാകുളത്ത് 14 മണ്ഡലങ്ങളിലും മത്സരിക്കുമെന്നും വിജയ സാധ്യത മാത്രമാണ് മാനദണ്ഡമെന്നും സാബു എം. ജേക്കബ് പറഞ്ഞു.
വിവിധ മേഖലകളില്‍ നിന്നുമുള്ള ആളുകളുമായി സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തും.
നിലവില്‍ ഓരോ മണ്ഡലങ്ങളും അടിസ്ഥാനമാക്കി പഠനങ്ങള്‍ നടത്തുകയാണ്. ജനങ്ങളുടെ പ്രതികരണത്തിന് അനുസരിച്ചായിരിക്കും മത്സരിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുക. പതിനാല് മണ്ഡലങ്ങളിലും ഒരു പോലെയാണ് ജനങ്ങള്‍ പ്രതികരിക്കുന്നതെങ്കില്‍ പതിനാല് മണ്ഡലങ്ങളിലും മത്സരിക്കും. മത്സരിക്കുന്നതിന് വിജയ സാധ്യത കൂടി മാനദണ്ഡമാകുമെന്നും സാബു. എം.ജേക്കബ് പറഞ്ഞു.
താന്‍ മത്സരരംഗത്തേക്കില്ലെന്നും പാര്‍ട്ടിയുടെ പ്രസിഡന്റെന്ന നിലയ്ക്ക് നേതൃത്വം നല്‍കുന്നതിനാണ് പ്രാധാന്യം നല്‍കുക എന്നും സാബു. എം. ജേക്കബ് കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ ഒരിക്കലും അഴിമതി നടത്തില്ലെന്ന് ജനങ്ങള്‍ക്ക് അറിയാം. അതുകൊണ്ട് മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങള്‍ക്ക് വെല്ലുവിളിയാകില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.