കൊളംബോ: സമുദ്രാതിര്‍ത്തി കടന്ന് മത്സ്യബന്ധനം നടത്തിയതിന് 12 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. മത്സ്യത്തൊഴിലാളികളുടെ ട്രോളറുകളും സേന പിടിച്ചെടുത്തു.
ബുധനാഴ്ച വടക്കന്‍ ജാഫ്‌ന ജില്ലയിലെ വെറ്റിലൈകെര്‍ണി തീരത്ത് നിന്നാണ് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തതെന്ന് ശ്രീലങ്കന്‍ നാവികസേന അറിയിച്ചു.
മത്സ്യബന്ധന ട്രോളറുകളുടെ നിയമവിരുദ്ധ മത്സ്യബന്ധന രീതികള്‍ തടയുന്നതിനായി രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിയില്‍ പട്രോളിങ്ങും പ്രവര്‍ത്തനങ്ങളും ശക്തമാക്കിയിട്ടുണ്ടെന്നും ശ്രീലങ്കന്‍ നാവികസേന അറിയിച്ചു.
ഈ വര്‍ഷം 264 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയാണ് ശ്രീലങ്കന്‍ നാവികസേന ഇത്തരത്തില്‍ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 36 ട്രോളറുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
ഇന്ത്യന്‍-ശ്രീലങ്കന്‍ അധികൃതര്‍ തമ്മില്‍ ഇതുസംബന്ധിച്ച് നിരവധി ഉന്നതതല ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുന്നത് പതിവാണ്.
കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ അനധികൃതമായി പ്രവേശിച്ചുവെന്ന് ആരോപിച്ച് ശ്രീലങ്കന്‍ നേവി ഉദ്യോഗസ്ഥര്‍ പാക് കടലിടുക്കിലെ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും അവരുടെ ട്രോളറുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
തമിഴ്നാടിനെ ശ്രീലങ്കയില്‍ നിന്ന് വേര്‍തിരിക്കുന്ന ഇടുങ്ങിയ ജലരേഖയായ പാക് കടലിടുക്ക് ഇരു രാജ്യങ്ങളിലെയും മത്സ്യത്തൊഴിലാളികളുടെ പ്രധാന മത്സ്യബന്ധന കേന്ദ്രമാണ്.