| Friday, 20th May 2022, 6:10 pm

12th Man Review | ഒറ്റ മുറിക്കുള്ളിലെ നൂറ് ട്വിസ്റ്റുകള്‍

അന്ന കീർത്തി ജോർജ്

ട്വല്‍ത് മാന്‍ ഒരു ഡീസന്റ് ക്രൈം ത്രില്ലറാണ്. വലിയ വയലന്‍സോ വമ്പന്‍ സെറ്റിങ്ങ്സോ ഇല്ലാതെ കുറെ സംഭാഷണങ്ങളിലൂടെ തന്നെ സിനിമയെ എന്‍ഗേജിങ്ങായി കൊണ്ടുപോകാന്‍ തിരക്കഥക്കും സംവിധാനത്തിനും കഴിയുന്നുണ്ട്. മോഹന്‍ലാലിന്റെ അടുത്ത കാലത്തിറങ്ങിയതില്‍ കൊള്ളാവുന്ന കഥാപാത്രവും പെര്‍ഫോമന്‍സും കൂടിയുള്ള സിനിമയാണ് ട്വല്‍ത് മാന്‍.

ജീത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ഒരു ക്രൈം ത്രില്ലര്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത വന്നപ്പോഴേ ദൃശ്യം ഫാന്‍സും ജീത്തു ജോസഫ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഫാന്‍സും കുറച്ചൊരു ആവേശത്തിലായിരുന്നു. ആ പ്രതീക്ഷകളെ തെറ്റിക്കാതെയാണ് ട്വല്‍ത് മാന്‍ എത്തുന്നത്. ഇന്‍വെസ്റ്റിഗേഷന്‍ രീതികളോ അല്ലെങ്കില്‍ മറ്റ് മേക്കിങ്ങ് രീതികളോ കൊണ്ട് അത്ഭുതപ്പെടുത്തുന്നില്ലെങ്കിലും, രണ്ടേമുക്കാല്‍ മണിക്കൂര്‍ വലിയ ലാഗടിപ്പിക്കാതെ സിനിമ നീങ്ങുന്നുണ്ട്.

മേജര്‍ പ്ലോട്ടിലേക്ക് കടക്കുന്നതിന് മുമ്പുള്ള ആദ്യ ഭാഗങ്ങള്‍ ഒരല്‍പം ഇഴഞ്ഞാണ് നീങ്ങുന്നതെങ്കിലും, പ്ലോട്ടിലേക്ക് കയറുന്നതോടെ സിനിമ അതിവേഗം മുന്നോട്ടു പോകുന്നുണ്ട്. ഒരു മുറിയും ഒരു രാത്രിയും കുറെ സംഭാഷണങ്ങളുമായി നീങ്ങുന്ന ആ മെയിന്‍ പ്ലോട്ട് ഇന്‍ട്രസ്റ്റിങ്ങായ രീതിയില്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്.

’12 ആങ്ക്രി മെന്‍’ (12 Angry Men) എന്ന ഇംഗ്ലീഷ് സിനിമയെ ചിലയിടത്തൊക്കെ ഓര്‍മിപ്പിക്കുന്ന രീതിയിലാണ് പലയിടത്തും ഈ മുറിയിലെ രംഗങ്ങള്‍. കോണ്‍ടെക്സ്റ്റിലും മറ്റ് പലതിലും വ്യത്യാസമുണ്ടെങ്കിലും പല ആസ്പെക്ട്‌സും 12 ആങ്ക്രി മെനിനെ ഓര്‍മിപ്പിച്ചു.

വളരെ ബുദ്ധിപൂര്‍വ്വം ഒരുക്കിയിരിക്കുന്ന, പ്രേക്ഷകരെ മാറിമാറി ചിന്തിപ്പിക്കുന്ന രീതിയില്‍ എന്‍ഗേജ് ചെയ്യിപ്പിക്കുന്ന, സംഭാഷണങ്ങളിലൂടെയും ചില ഫോണ്‍ കോളുകളിലൂടെയും മാത്രം ഒന്നൊന്നായി കാര്യങ്ങള്‍ പുറത്തുവരുന്ന രീതിയിലാണ് കെ.ആര്‍. കൃഷ്ണകുമാര്‍ തിരക്കഥയൊരുക്കിയിരിക്കുന്നത്. ഇതു തന്നെയാണ് സിനിമയുടെ മികച്ച പോയിന്റ്. എളുപ്പത്തില്‍ പിടി തരാത്ത ട്വിസ്റ്റുകളും സിനിമയിലുണ്ട്. പക്ഷെ ഇടയ്ക്ക് ഇതു കുറെ ആയല്ലോ ട്വിസ്റ്റുകളെന്ന തോന്നലും ഉണ്ടാക്കിയിരുന്നു.

ഒരു ഗെയിമില്‍ തുടങ്ങുന്ന സംഭവങ്ങളിലൂടെ ആരംഭിക്കുന്ന സിനിമ ആ ഒരു ബേസിക് ത്രെഡ് അവസാനം വരെയും നിലനിര്‍ത്തുന്നുണ്ട്. സാധാരണയായി കാണുന്ന പാട്ടോ കോമഡിയോ ഇല്ലാതെ തന്നെ ജീത്തു ജോസഫും കൃഷ്ണകുമാറും സിനിമയൊരുക്കിയതും നല്ലൊരു ശ്രമമായി ഫീല്‍ ചെയ്തു.

അതേസമയം, അതുവരെ ഉയര്‍ത്തിക്കൊണ്ടുവന്ന ബില്‍ഡപ്പിനും ട്വിസ്റ്റുകള്‍ക്കും ഒപ്പമെത്താന്‍ ചിത്രത്തിന്റെ ക്ലൈമാക്സിനാകുന്നില്ല. ചില സംഭാഷണങ്ങളിലെ അനാവശ്യ നാടകീയതയും തിരക്കഥയുടെ ബലം കുറക്കുന്നുണ്ട്.

ഇന്‍വെസ്റ്റിഗേഷന്‍ പാര്‍ട്ട് കഴിഞ്ഞാല്‍ ഫ്രണ്ട്‌സ് സര്‍ക്കിളുകളിലെ രഹസ്യങ്ങള്‍, പല കാര്യങ്ങളും പരസ്പരം സംസാരിക്കുന്ന രീതി, ഓരോരുത്തരുടെയും ഈഗോയും നേരിടുന്ന പ്രശ്നങ്ങളും, മറ്റുള്ളവരെ കുറിച്ചുള്ള ധാരണകള്‍, വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ ഇങ്ങനെ പല കാര്യങ്ങളും സിനിമയില്‍ കാണാന്‍ സാധിക്കും.

മോഹന്‍ലാലിന്റേതടക്കം 12 കഥാപാത്രങ്ങള്‍ക്ക് തുല്യമായ സ്‌ക്രീന്‍ സ്പേസ് നല്‍കാന്‍ ജീത്തു ജോസഫിന് കഴിയുന്നുണ്ട്. ക്യാരക്ടര്‍ ഗ്രാഫോ സ്‌കെച്ചോ പെര്‍ഫോമന്‍സോ ഒന്നും എടുത്തു പറയാനില്ലെങ്കിലും കഥയ്ക്ക് ചേരുന്ന രീതിയില്‍ ഓരോരുത്തരെയും ഉപയോഗിക്കുകയും വൃത്തിയായി പ്ലേസ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

മോഹന്‍ലാലിന്റെ ചന്ദ്രശേഖറെ ചിത്രത്തിന്റെ ആദ്യ ഭാഗങ്ങളില്‍ എന്തിനായിരുന്നു ഒരു വഷളനും ശല്യക്കാരനുമായി അവതരിപ്പിച്ചതെന്ന് മനസിലായില്ല. കഥയുടെ മെയിന്‍ പ്ലോട്ടുമായോ ആ കഥാപാത്രത്തിന്റെ മറ്റു പ്രവര്‍ത്തികളുമായോ ഇതിന് ഒരു ബന്ധവുമില്ല. പക്ഷെ ഇത് ഒഴിച്ചുനിര്‍ത്തിയാല്‍ മരക്കാര്‍, ബ്രോ ഡാഡി, ആറാട്ട് എന്നീ അടുത്ത കാലത്തിറങ്ങിയ സിനിമകളുമായി താരതമ്യം ചെയ്യുമ്പോള്‍ മോഹന്‍ലാലിന്റെ ഡീസന്റ് പെര്‍ഫോമന്‍സുള്ള സിനിമയാണിത്.

മറ്റ് കഥാപാത്രങ്ങളെ കുറച്ചൊക്കെ ശ്രദ്ധാപൂര്‍വ്വം മേക്ക് ചെയ്തിട്ടുണ്ടെങ്കിലും ഏതെങ്കിലും ക്യാരക്ടറോ പെര്‍ഫോമന്‍സോ എടുത്ത് പറയത്തക്ക വിധം മുന്നിട്ട് നില്‍ക്കുന്നില്ല. അതേസമയം സിനിമക്ക് ചേരുന്ന ആവശ്യമായ പെര്‍ഫോമന്‍സ് ഓരോരുത്തരും നല്‍കിയിട്ടുണ്ട്. ഉണ്ണി മുകുന്ദനും സൈജു കുറുപ്പും ലിയോണയും പ്രിയങ്കയും അനു സിത്താരയും ശിവദയും ചന്ദുനാഥും രാഹുല്‍ മാധവും അനു മോഹനും അതിഥി രവിയുമെല്ലാം തങ്ങളുടെ ഭാഗങ്ങള്‍ സിനിമ ആവശ്യപ്പെടുന്ന രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്.

സിനിമയില്‍ ഇവരുടെ ചില ക്യാരക്ടേഴ്സിന്റെ ആക്ഷനുള്ള സൂചനകള്‍ ആദ്യമേ നല്‍കുന്നുണ്ട്. അത് സിനിമക്ക് ശേഷം ആലോചിക്കുമ്പോള്‍ കൂടുതല്‍ മനസിലാകും.

വി.എസ് വിനായകിന്റെ എഡിറ്റിങ്ങ് സിനിമയുടെ ആസ്വാദനം കുറച്ചുകൂടി മെച്ചപ്പെട്ടതാക്കുന്നുണ്ട്. കഥ പറച്ചിലിന് ഉപയോഗിച്ചിരിക്കുന്ന എഡിറ്റിങ്ങ് ടെക്‌നിക്സ് നല്ലതാണ്. അനില്‍ ജോണ്‍സന്റെ പശ്ചാത്തല സംഗീതവും സിനിമയുടെ ടോട്ടല്‍ മൂഡിനെ ഉയര്‍ത്തുന്ന തരത്തിലാണ്.

മൊത്തത്തില്‍ പറഞ്ഞാല്‍ ഒരു വണ്‍ ടൈം വാച്ചിന് പറ്റുന്ന, നോട്ട് സോ ഗ്രേറ്റ് ബട്ട് നോട്ട് സോ ബാഡ്, ഒരു ഡീസന്റ് വണ്‍ എന്ന് പറയാന്‍ പറ്റുന്ന സിനിമയാണ് ട്വല്‍ത് മാന്‍. ജീത്തു ജോസഫിന്റെ ക്രൈം ത്രില്ലറുകള്‍ വമ്പന്‍ നിരാശയാകില്ല എന്ന വിശ്വാസം മലയാളികളില്‍ കൂടുതല്‍ ഉറപ്പിക്കാനും ഈ സിനിമക്ക് കഴിയുന്നുണ്ട്.

Content Highlight: Twelfth Man movie review

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more