റിയാദ്: സൗദി രാജാവിനെയും കിരീടാവകാശിയെയും ട്വിറ്ററിലൂടെ വെല്ലുവിളിച്ചെന്ന് ആരോപിച്ച് സൗദി വനിതയെ 45 വര്‍ഷം തടവിന് ശിക്ഷിച്ചതായി റിപ്പോര്‍ട്ട്. കോടതി രേഖയെ ഉദ്ധരിച്ച് ന്യൂസ് ഏജന്‍സിയായ എ.എഫ്.പിയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിടുന്നത്.
കൊല്ലപ്പെട്ട സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി സ്ഥാപിച്ച വാഷിങ്ടണ്‍ ആസ്ഥാനമായുള്ള അവകാശ സംഘടനയായ ഡെമോക്രസി ഫോര്‍ അറബ് വേള്‍ഡ് നൗ(DAWN) അണ് ഇതുസംബന്ധിച്ച രേഖകള്‍ എ.എഫ്.പിക്ക് നല്‍കിയത്. നൗറ അല്‍ ഖഹ്താന് എന്ന യുവതിയാണ് ശിക്ഷക്കിരയായത്. എന്നാല്‍ കേസിനെ കുറിച്ചുള്ള ചോദ്യങ്ങളില്‍ സൗദി അധികൃതര്‍ പ്രതികരിച്ചിട്ടില്ലെന്നും എ.എഫ്.പി പറയുന്നു.
40 വയസിന് മുകളില്‍ പ്രായമുള്ള ഖഹ്താനി അഞ്ച് കുട്ടികളുടെ അമ്മയാണെന്നും അവര്‍ വ്യക്തമായ ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും രേഖയില്‍ പറയുന്നു.
എന്നാല്‍ ഇവര്‍ ഉപയോഗിച്ച ട്വിറ്റര്‍ അക്കൗണ്ട് ഏതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. 600ല്‍ താഴെ ഫോളോവേഴ്സ് മാത്രമാണ് ഈ അക്കൗണ്ടിനെന്നും പറയുന്നു.
സല്‍മാന്‍ രാജാവിനെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെയും ഇവരുടെ മതത്തെയും വെല്ലുവിളിക്കാന്‍ നിരന്തരമായി ഖഹ്താനി ട്വിറ്റലൂടെ ശ്രമിച്ചെന്ന് കോടതി കണ്ടെത്തിയതായാണ് രേഖകളില്‍ പറയുന്നത്.