ന്യൂദല്‍ഹി: ഇന്ത്യാ- ചൈനാ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനോട് ചോദ്യങ്ങളുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാര്‍ ഇന്ത്യന്‍ സൈന്യത്തിനൊപ്പമാണോ അതോ ചൈനയ്‌ക്കൊപ്പമാണോ നില്‍ക്കുന്നത് എന്ന് വെളിപ്പെടുത്തണമെന്ന് പറഞ്ഞ രാഹുല്‍ മോദി എന്തിനാണിങ്ങനെ പേടിക്കുന്നതെന്നും ചോദിച്ചു.
” കാലക്രമം മനസ്സിലാക്കണം: ആരും അതിര്‍ത്തിയില്‍ പ്രവേശിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു … എന്നിട്ട് ചൈന ആസ്ഥാനമായുള്ള ബാങ്കില്‍ നിന്ന് വന്‍ വായ്പയെടുത്തു … പിന്നീട് ചൈന രാജ്യത്തെ അതിക്രമിച്ചു കയറിയതായി പ്രതിരോധമന്ത്രി പറഞ്ഞു … ഇപ്പോള്‍ ആഭ്യന്തര സഹമന്ത്രി പറയുന്നു കൈയേറ്റം നടത്തിയിട്ടില്ല എന്ന്,
മോദി സര്‍ക്കാര്‍ ഇന്ത്യന്‍ സൈന്യത്തോടൊപ്പമാണോ അതോ ചൈനയ്ക്കൊപ്പമോ?മോദി ജി, എന്തിനാണ് ഇത്ര ഭയപ്പെടുന്നത്?” രാഹുല്‍ ചോദിച്ചു.
നേരത്തെ ലഡാക്ക് വിഷയത്തില്‍ പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ അനുവദിക്കാത്തതിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തുവന്നിരുന്നു.
ചോദ്യങ്ങള്‍ ചോദിക്കാനോ ചര്‍ച്ചകള്‍ നടത്താനോ അനുവദിക്കാത്ത ഒരു പ്രത്യേകതരം പാര്‍ലമെന്ററി ജനാധിപത്യമായി ഇന്ത്യ മാറിക്കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു.
കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായുള്ള അതിര്‍ത്തിയിലെ ഏറ്റുമുട്ടലിനെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ കോണ്‍ഗ്രസിനെ സംസാരിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ലോക് സഭയില്‍ നിന്ന് ഇറങ്ങി പാര്‍ലമെന്റ് ഹൗസ് സമുച്ചയത്തിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക