ന്യൂദല്‍ഹി: ചന്ദ്രയാന്‍ 3 ദൗത്യവുമായി ബന്ധപ്പെട്ട് ട്വീറ്റ് പങ്കുവെച്ച നടന്‍ പ്രകാശ് രാജിനെതിരെ പൊലീസ് കേസെടുത്തു. ഹിന്ദുസംഘടനാ നേതാവാണ് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയത്. കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയിലെ ബനാഹട്ടി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഓഗസ്റ്റ് 20നായിരുന്നു ചന്ദ്രയാന്‍ 3 ദൗത്യവുമായി ബന്ധപ്പെട്ട് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്. ‘ബ്രേക്കിങ് ന്യൂസ്: ചന്ദ്രനില്‍ നിന്ന് വിക്രം ലാന്‍ഡര്‍ അയയ്ക്കുന്ന ആദ്യ ചിത്രം’ എന്ന കുറിപ്പോടെയായിരുന്നു പ്രകാശ് രാജിന്റെ ട്വീറ്റ്. മുണ്ട് മടക്കി കുത്തി ഷര്‍ട്ട് ഇട്ടൊരാള്‍ ചായ അടിക്കുന്ന ചിത്രമായിരുന്നു പ്രകാശ് രാജ് പങ്കുവെച്ചത്. ഇതിന് പിന്നാലെ ഐ.എസ്.ആര്‍.ഒയെയും ശാസ്ത്രജ്ഞരെയും പരിഹസിച്ചെന്നാരോപിച്ച് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. രാജ്യത്തിന്റെ അഭിമാനകരമായ ദൗത്യത്തെ പരിഹസിക്കുന്നത് രാജ്യത്തെ പരിഹസിക്കുന്നതിന് തുല്യമാണെന്നും ചിലര്‍ വിമര്‍ശിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി.ജെ.പിയുടെയും കടുത്ത വിമര്‍ശകനാണ് പ്രകാശ് രാജ്. പ്രധാനമന്ത്രിയോടുള്ള വിരോധമാണ് പോസ്റ്റിന് പിന്നിലെന്ന് പലരും കമന്റ് ചെയ്യുകയും ചെയ്തിരുന്നു.
പോസ്റ്റ് വൈറല്‍ ആയതിന് പിന്നാലെ സംഭവത്തില്‍ വിശദീകരണവുമായി പ്രകാശ് രാജ് രംഗത്തെത്തിയിരുന്നു. നേരത്തെ പോസ്റ്റ് ചെയ്ത ചിത്രം റീ പോസ്റ്റ് ചെയ്തുകൊണ്ട് ഇതൊരു ഒരു തമാശ മാത്രമായിരുന്നുവെന്നാണ് പ്രകാശ് രാജ് അറിയിച്ചത്. ആംസ്‌ട്രോങ്ങിന്റെ കാലത്തുള്ള തമാശയാണ് താന്‍ പറഞ്ഞതെന്നും വെറുപ്പ് വെറുപ്പിനെ മാത്രമേ കാണൂവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഓഗസ്റ്റ് 23ന് വൈകുന്നേരം ഏകദേശം 6:04ന് ആയിരിക്കും ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിങ് നടത്തമെന്നാണ് ഐ.എസ്. ആര്‍. ഒ അറിയിച്ചിരിക്കുന്നത്. ചന്ദ്രന്റെ സൗത്ത് പോളാര്‍ മേഖലയിലായിരിക്കും ഇറങ്ങുക.
Content Highlights: tweet about chandrayan 3: case filed against prakash raj