| Monday, 9th May 2016, 11:16 pm

ബി.എം.ഡബ്ല്യു-ടി.വി.എസ് കൂട്ടുകെട്ടിലെ ബൈക്ക് ഉടന്‍ പുറത്തിറങ്ങും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജര്‍മന്‍ വാഹന നിര്‍മ്മാതാക്കളായ ബി.എം.ഡബ്ല്യുവും ടി.വി.എസും ചേര്‍ന്നു നിര്‍മ്മിക്കുന്ന “ജി 310 ആര്‍” ബൈക്ക് ഉടന്‍ പുറത്തിറങ്ങും. ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന ബൈക്ക് ഉടന്‍ വിപണിയിലെത്തുമെന്നാണു സൂചന. ബി.എം.ഡബ്ല്യു മോട്ടോറാഡിന്റെ ലൈനപ്പിലെ ഏറ്റവും ചെറിയ ബൈക്കാണ് ജി 310. മ്യൂനിച്ചില്‍ രൂപകല്‍പന നിര്‍വഹിച്ച 300 സി.സി ബൈക്ക് നിര്‍മിക്കുന്നത് ബംഗഗളുരുവിലെ ടി.വി.എസ് മോട്ടോര്‍ കമ്പനി ശാലയിലാണ്. ഫെബ്രുവരിയില്‍ ദല്‍ഹിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയില്‍ ബൈക്ക് പ്രദര്‍ശിപ്പിച്ചിരുന്നു.

യൂറോപ്പിനു പുറത്ത് ബി.എം.ഡബ്ല്യു മോട്ടോറാഡ് നിര്‍മിക്കുന്ന ആദ്യ ബൈക്കാണ് “ജി 310 ആര്‍”. 1948ല്‍ പുറത്തുവന്ന വന്ന “ആര്‍ 24″നു ശേഷം ശേഷി കുറഞ്ഞ എന്‍ജിനുമായി വിപണിയിലെത്തുന്ന ബി.എം.ഡബ്ല്യു മോഡലുമാണ് “ജി 310 ആര്‍”. മികച്ച രൂപകല്‍പനയുടെ പിന്‍ബലത്തോടെയാണു ബൈക്കിന്റെ വരവ്. “എസ് 1000 ആര്‍”, “ആര്‍ 1200 ആര്‍” എന്നിവയുമായി ശക്തമായ ബന്ധം നിലനിര്‍ത്തിയാണു കമ്പനി “ജി 310 ആര്‍” നിര്‍മ്മിച്ചിരിക്കുന്നത്. കാഴ്ചപ്പൊലിമയ്ക്കപ്പുറം എന്‍ജിന്‍ മികവാകും പുതിയ ബൈക്കിന്റെ പ്രധാന സവിശേഷത.

ഇരട്ട ഓവര്‍ഹെഡ് കാംഷാഫ്റ്റിന്റെയും ഫ്യുവല്‍ ഇഞ്ചക്ഷന്റെയും പിന്‍ബലത്തോടെയാണു ബൈക്കിലെ 313 സി.സി, സിംഗിള്‍ സിലിണ്ടര്‍, 4 വാല്‍വ്, ലിക്വിഡ് കൂള്‍ഡ് എന്‍ജിന്റെ വരവ്. പോരെങ്കില്‍ ഇന്ധന നിലവാര ഭേദമില്ലാതെ ലോകത്തിന്റെ ഏതു കോണിലും പ്രവര്‍ത്തിക്കാന്‍ കഴിയും വിധമാണ് ഈ എന്‍ജിന്റെ ഘടന. 9,500 ആര്‍.പി..എമ്മില്‍ 34 ബി.എച്ച്.പി വരെ കരുത്തും 7,500 ആര്‍.പി.എമ്മില്‍ 28 എന്‍.എം വരെ ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക.

ഇന്ത്യയില്‍ നിര്‍മിച്ച ബൈക്കുകളാവും ബി.എം.ഡബ്ല്യു ലോക വിപണികളില്‍ വില്‍ക്കുക. പ്രതിവര്‍ഷം രണ്ടു ലക്ഷം ബൈക്ക് വില്‍ക്കുകയെന്ന ലക്ഷ്യം കൈവരിക്കുന്നതില്‍ “ജി 310 ആര്‍” നിര്‍ണായക സംഭാവന നല്‍കുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. ഇന്ത്യയില്‍ കെ.ടി.എം “ഡ്യൂക്ക് 390”, കാവസാക്കി “സെഡ് 250” തുടങ്ങിയവയോടാവും “ജി 310 ആറി”ന്റെ ഏറ്റുമുട്ടല്‍.

We use cookies to give you the best possible experience. Learn more