Kerala News
എസ്.ബി.ഐ ആക്രമണം; എന്‍.ജി.ഒ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jan 12, 01:03 pm
Saturday, 12th January 2019, 6:33 pm

തിരുവനന്തപുരം: ദ്വിദിന ദേശീയ പണിമുടക്ക് ദിവസം തിരുവനന്തപുരം തിരുവനന്തപുരം എസ്.ബി.ഐ ട്രഷറി ബ്രാഞ്ചില്‍ അക്രമം നടത്തിയ കേസില്‍ രണ്ട് എന്‍.ജി.ഒ യൂണിയന്‍ നേതാക്കള്‍ക്കെതിരെ നടപടി.

ട്രഷറി ഓഫീസിലെ തന്നെ ക്ലര്‍ക്കും എന്‍.ജി.ഒ യൂണിയന്‍ ഏരിയാ സെക്രട്ടറിയുമായ അശോകനെയും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ അറ്റന്‍ഡറും എന്‍.ജി.ഒ യൂണിയന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ഹരിലാലിനേയും സസ്‌പെന്‍ഡ് ചെയ്തു. ഇന്നലെയാണ് ഇരുവരെയും റിമാന്‍ഡ് ചെയ്തിരുന്നത്.

റിമാന്‍ഡിലായ രണ്ടുപേര്‍ക്കെതിരെയും ഇതുവരെ സസ്‌പെന്‍ഷന്‍ നടപടി സ്വീകരിക്കാത്തത് ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിച്ചത്.

കേസില്‍ 15 പേര്‍ക്കെതിരേ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരുന്നെങ്കിലും ഒന്‍പതുപേരുടെ ദൃശ്യങ്ങള്‍ മാത്രമാണ് ബാങ്കിലെ സുരക്ഷാ ക്യാമറയില്‍ നിന്ന് ലഭിച്ചിരുന്നത്.

കേസില്‍ ഇനി എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം സുരേഷ് ബാബു അടക്കം സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇടത് നേതാക്കളുമായ ഏഴു പ്രതികളെയാണ് പിടികൂടാനുള്ളത്.