| Sunday, 19th July 2020, 8:10 am

തിരുവനന്തപുരം ക്രിട്ടിക്കല്‍ കണ്ടൈന്‍മെന്റ് സോണ്‍; തീരപ്രദേശങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍: നിയന്ത്രണങ്ങള്‍ ഇങ്ങനെ...

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങള്‍ ക്രിട്ടിക്കല്‍ കണ്ടൈന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു.

ഇന്നലെ അര്‍ധരാത്രി മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വന്നു. 10 ദിവസത്തേക്കാണ് നിയന്ത്രണം. ഈ ദിവസങ്ങളില്‍ ഒരുതരത്തിലുള്ള ലോക്ക്ഡൗണ്‍ ഇളവുകളും ഈ പ്രദേശങ്ങളില്‍ അനുവദിക്കില്ലെന്ന് കളക്ടര്‍ അറിയിച്ചു.

തീരപ്രദേശങ്ങളെ മൂന്നു സോണുകളായി തിരിച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇടവ മുതല്‍ പെരുമാതുറ വരെ സോണ്‍ 1. സോണ്‍ 2 ല്‍ പെരുമാതുറ മുതല്‍ വിഴിഞ്ഞം വരെയുള്ള ഭാഗവും. സോണ്‍ 3 യില്‍ വിഴിഞ്ഞം മുതല്‍ പൊഴിയൂര്‍ വരെയുമായാണ് തിരിച്ചിരിക്കുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ തീരപ്രദേശങ്ങള്‍ സോണ്‍ രണ്ടിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മൂന്ന് സോണിലും നിയന്ത്രണങ്ങള്‍ പാലിക്കാനായി ഐ.എ.എസ് ഉദ്യോഗസ്ഥരായ യു.വിജോസ്, ഹരികിഷോര്‍ , എം.ജി രാജമാണിക്യം, ബാലകിരണ്‍ , ശ്രീവിദ്യ, ദിവ്യ അയ്യര്‍ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

അവശ്യ സര്‍വീസുകളില്‍ ഉള്‍പ്പെടാത്ത മറ്റൊരു ഓഫീസും ഈ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ളതും മറ്റ് അനുബന്ധ ഓഫീസുകളും പ്രവര്‍ത്തിക്കില്ല.

അത്യാവശ്യ സേവനങ്ങല്‍ക്ക് വേണമെങ്കില്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനം ഉപയോഗപ്പെടുത്തണമെന്നാണ് നിര്‍ദ്ദേശം. ആശുപത്രികള്‍, മെഡിക്കല്‍ അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പ്രവര്‍ത്തന അനുമതിയുണ്ട്. ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളിലെ ദേശീയപാതയിലൂടെയുള്ള ചരക്കുനീക്കം അനുവദിക്കും.

എന്നാല്‍ ഈ പ്രദേശങ്ങളില്‍ വാഹനം നിര്‍ത്താന്‍ പാടില്ല. പാല്‍, പച്ചക്കറി, പലചരക്ക് കടകള്‍ ഇറച്ചികടകള്‍ എന്നിവയ്ക്ക് രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് നാലുമണിവരെ പ്രവര്‍ത്തിക്കുമെന്നും നിര്‍ദ്ദേശമുണ്ട്.

നിലവിലെ സാഹചര്യത്തില്‍ ഓരോ കുടുംബത്തിനും അഞ്ച് കിലോ അരി, ഒരുകിലോ ധാന്യം എന്നിവ സിവില്‍ സപ്ലൈസിന്റെ നേതൃത്വത്തില്‍ നല്‍കും.

കണ്ടൈന്‍മെന്റ് പ്രദേശങ്ങളില്‍ ഹോര്‍ട്ടികോര്‍പ്പ്, കെപ്കോ എന്നിവയുടെ മൊബൈല്‍ വാഹനങ്ങള്‍ എത്തിച്ച് വില്‍പ്പന നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം ജനങ്ങള്‍ ലോക്ഡൗണുമായി സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പ്രദേശത്തെ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more