| Monday, 7th January 2019, 9:57 pm

ഹര്‍ത്താല്‍ ദിനത്തില്‍ സംഘപരിവാറിനെ നേരിടുന്നതില്‍ വീഴ്ച; കോഴിക്കോട്, തിരുവനന്തപുരം കമ്മീഷണര്‍മാരെ മാറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംഘപരിവാര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെയുണ്ടായ ആക്രമണങ്ങളെ നേരിടുന്നതില്‍ വീഴ്ച വരുത്തിയെന്ന ആരോപണം ഉയരുന്നതിനിടെ കോഴിക്കോട്, തിരുവനന്തപുരം കമ്മീഷണര്‍മാരെ സ്ഥലം മാറ്റി. കോഴിക്കോട് കമ്മീഷണറായിരുന്ന കാളിരാജ് മഹേഷ് കുമാറിനെ പൊലീസ് ആസ്ഥാനത്തേക്ക് മാറ്റി. തിരുവനന്തപുരം കമ്മീഷണര്‍ പി. പ്രകാശിനെ ഡിഐജി ബറ്റാലിയനിലേക്ക് നിയമിച്ചു.

പകരം എസ് സുരേന്ദ്രന്‍ തിരുവനന്തപുരം കമ്മീഷണറാകും. കോറി സഞ്ജയ്കുമാര്‍ കോഴിക്കോട് കമ്മീഷണറായി ചുമതലയേല്‍ക്കും. കോട്ടയം വിജിലന്‍സ് എസ്.പി ആയിരുന്ന ജെയിംസ് ജോസഫ് ഐ.പി.എസിനെ കോഴിക്കോട് ഡി.സി.പിയായും നിയമിച്ചിട്ടുണ്ട്. കോഴിക്കോട് ഡി.സി.പി യായിരുന്ന കെ എം ടോമിയെ ആലപ്പുഴ സിറ്റി പോലീസ് കമ്മീഷണറായി നിയമിച്ചു.

കോഴിക്കോട് മിഠായിത്തെരുവില്‍ ഉണ്ടായ അക്രമണസംഭവങ്ങളില്‍ പൊലീസ് മേധാവിക്ക് വീഴ്ച പറ്റിയതായി അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉമേഷ് വള്ളിക്കുന്ന് എന്ന ഉദ്യോഗസ്ഥന്‍ ഫേസ്ബുക്കിലൂടെ പരസ്യമായി വിമര്‍ശനം ഉന്നയിച്ചിരുന്നു.

ഹര്‍ത്താല്‍ അക്രമങ്ങളില്‍ ചില പൊലീസുകാര്‍ നിഷ്‌ക്രിയരായി നോക്കി നിന്നെന്ന് സി.പി.ഐ.എം സംസ്ഥാനസെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനും പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more