| Sunday, 30th August 2020, 8:19 pm

സ്വര്‍ണ്ണക്കടത്ത് കേസ്: കസ്റ്റംസ് അന്വേഷണ സംഘത്തില്‍ മാറ്റം; അനില്‍ നമ്പ്യാര്‍ക്കെതിരെയുള്ള സ്വപ്‌നയുടെ മൊഴി ചോര്‍ന്നതിനാലെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ കസ്റ്റംസ് അന്വേഷണ സംഘത്തില്‍ വീണ്ടും മാറ്റം. അസിസ്റ്റന്റ് കമ്മീഷണര്‍ എന്‍.എസ് ദേവിനെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തില്‍ നിന്ന് മാറ്റി.

അനില്‍ നമ്പ്യാരെക്കുറിച്ചുള്ള സ്വപ്‌ന സുരേഷിന്റെ മൊഴി ചോര്‍ന്നതുകൊണ്ടാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. വകുപ്പ് തല അന്വേഷണത്തിനും തീരുമാനമായി. അനില്‍ നമ്പ്യാരുമായി ബന്ധപ്പെട്ട ഭാഗം മാത്രം ചോര്‍ന്നത് കസ്റ്റംസ് പരിശോധിക്കുകയാണ്.

സ്വപ്‌നയുടെ മൊഴി ചോര്‍ന്നതില്‍ കേന്ദ്രം കടുത്ത അതൃപ്തിയിലായിരുന്നു. മൊഴിയിലെ ഒരു ഭാഗം മാത്രം ചോര്‍ന്നതില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ഉത്തരവാദികളായവരെ ഉടന്‍ കണ്ടെത്തണമെന്നാണ് കേന്ദ്ര സര്‍ക്കാരും നല്‍കിയിരിക്കുന്ന നിര്‍ദേശം.

തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്രബാഗില്‍ സ്വര്‍ണം കണ്ടെത്തിയ ദിവസം രണ്ട് തവണയാണ് സ്വപ്നയും അനില്‍ നമ്പ്യാരും ഫോണില്‍ സംസാരിച്ചത്.

നയതന്ത്രബാഗില്‍ സ്വര്‍ണം കണ്ടെത്തിയാല്‍ ഗുരുതരപ്രശ്‌നമാകും എന്നതിനാല്‍ ബാഗ് വ്യക്തിപരമായ ആവശ്യത്തിനാണെന്ന് കാണിച്ച് കോണ്‍സുലര്‍ ജനറലിന് കത്ത് നല്‍കാന്‍ തന്നോട് അനില്‍ നമ്പ്യാര്‍ ആവശ്യപ്പെട്ടതായി സ്വപ്നയുടെ മൊഴിയിലുണ്ട്.

ജൂലൈ അഞ്ചിനാണ് അനില്‍ നമ്പ്യാര്‍ സ്വപ്നയെ ഫോണില്‍ വിളിച്ച് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇത്തരം കത്ത് നല്‍കിയാല്‍ നികുതിയും പിഴയും അടച്ച് കേസില്‍ നിന്നും ഒഴിവാക്കാം എന്നും നമ്പ്യാര്‍ സ്വപ്നയെ ഉപദേശിച്ചു. കോണ്‍സുലര്‍ ജനറല്‍ക്ക് നല്‍കേണ്ട കത്തിന്റെ പകര്‍പ്പ് തയ്യാറാക്കി അയക്കാന്‍ സ്വപ്ന അനില്‍ നമ്പ്യാരോട് ആവശ്യപ്പെടുകയും ചെയ്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

tvm airport gold smuggling case change in customs investigation team

We use cookies to give you the best possible experience. Learn more