കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് ടി.വി രാജേഷ് എം.എല്‍.എ കണ്ണൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങി. കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് രാജേഷ് കീഴടങ്ങിയത്. []
കേസില്‍ 39ാം പ്രതിയാണ് ടി.വി രാജേഷ്. ഷുക്കൂറിനെ വധിക്കാനുള്ള ഗൂഢാലോചനയെക്കുറിച്ച് അറിയാമായിരുന്നിട്ടും അത് തടഞ്ഞില്ലെന്ന കുറ്റമാണ് രാജേഷിനെതിരെയുള്ളത്. സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം എം.വി ജയരാജന്‍, ഡി.വൈ.എഫ്.ഐ നേതാവ് എ.എന്‍ ഷംസീര്‍ എന്നിവരാണ് രാജേഷിനൊപ്പമുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ അഭിഭാഷകനായ അഡ്വ. ബി.പി ശശീന്ദ്രനും രാജേഷിനൊപ്പമുണ്ടായിരുന്നു.
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ കോടതി മുമ്പാകെ കീഴടങ്ങുകയെന്നത് മാത്രമാണ് ടി.വി രാജേഷിന് മുമ്പിലുണ്ടായിരുന്ന വഴി. രാജേഷിനെ കോടതി മുമ്പാകെ കീഴടങ്ങാന്‍ അന്വേഷണ സംഘം സമയം അനുവദിക്കുകയും ചെയ്തിരുന്നു.
ടി.വി രാജേഷ് എം.എല്‍.എയെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. രാജേഷ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുകയും ചെയ്തിട്ടുണ്ട്. ജാമ്യാപേക്ഷ നാളെ പരിഗണിക്കും.
യു.ഡി.എഫ് സര്‍ക്കാര്‍ പി. ജയരാജന്റെയും ടി.വി രാജേഷിന്റെയും പേരില്‍ രാഷ്ട്രീയ പ്രേരിതമായി കള്ളക്കേസെടുത്തിരിക്കുകയാണെന്ന് എം.വി ജയരാജന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രാജേഷിനെ അറസ്റ്റ് ചെയ്യുമെന്ന് സൂചനയുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് രാജേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍ അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ജയരാജന്റെ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളി. നിയമനടപടികളില്‍ സി.പി.ഐ.എം ഇപ്പോഴും വിശ്വസിക്കുന്നു. അതുകൊണ്ടാണ് രാജേഷ് ഇപ്പോള്‍ കോടതിക്ക് മുമ്പാകെ കീഴടങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐ.എം നേതാക്കള്‍ക്കെതിരായ കള്ളക്കേസുകളെ നിയമപരമായി നേരിടും. കണ്ണൂര്‍ ജയില്‍ സി.പി.ഐ.എം നേതാക്കളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സി.പി.ഐ.എമ്മിനെ തകര്‍ക്കാനുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണിത്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ കേസിലെ 38ാം പ്രതിയായ സി.പി.ഐ.എം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജയരാജന്റെ ജാമ്യാപേക്ഷയും ഇന്ന് ഹൈക്കോടതി തള്ളിയിരുന്നു.