പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷോയ്ബ് അക്തറിനോട് ടെലിവിഷന്‍ ലൈവിനിടെ മോശമായി പെരുമാറിയതില്‍ നിരുപാധികം മാപ്പ് പറഞ്ഞ് അവതാരകന്‍ നുമാന്‍ നിയാസ്. പാക് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പി.ടി.വി ചാനലിലെ പരിപാടിക്കിടെയായിരുന്നു ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്.
തുടര്‍ന്ന് അക്തറിനോട് ചര്‍ച്ചയില്‍ നിന്നിറങ്ങി പോവാന്‍ അവതാരകന്‍ പറയുകയായിരുന്നു. അതേസമയം അക്തര്‍ പി.ടി.വി ചാനലിനെ നിസാരമായി കണ്ടുവെന്നും അന്നത്തെ മോശം സംഭവത്തിന് അതും ഒരു കാരണമായെന്നും, തന്റെ പെരുമാറ്റം നീതീകരിക്കാവുന്നതാണെന്നും മാപ്പ് പറഞ്ഞുകൊണ്ട് നുമാന്‍ നിയാസ് കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്ച ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് തനിക്ക് വലിയ തെറ്റ് പറ്റിയെന്നും പെരുമാറ്റം മോശമായി പോയെന്നും നിയാസ് പറഞ്ഞത്. ”ഞാന്‍ മാപ്പ് പറയുന്നു. സംഭവിക്കാന്‍ പാടില്ലായിരുന്ന എന്റെ പെരുമാറ്റത്തിന് ഒരുവട്ടമല്ല, ഇനിയും ഒരുപാട് തവണ മാപ്പ് പറയും. കാരണം ഷോയ്ബ് അക്തര്‍ ഒരു താരമാണ്.
എനിക്ക് യാതൊരു അവകാശവും ഉണ്ടായിരുന്നില്ല. തെറ്റ് പറ്റുക മനുഷ്യസഹജമാണ്. അതില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു. ഒരുപാട് തവണ. ഷോയ്ബ് ഒരു റോക്ക് സ്റ്റാര്‍ ആയിരുന്നു. ക്യാമറയ്ക്ക് മുന്നില്‍ എന്ത് സംഭവിച്ചുവോ, അത് നടക്കാന്‍ പാടില്ലാത്തതായിരുന്നു,” നിയാസ് പറഞ്ഞു.
വാക്കുതര്‍ക്കത്തിലേക്ക് നയിച്ച സാഹചര്യവും അവതാരകന്‍ വിശദീകരിച്ചു.
ഷോയ്ബ് അക്തറുമായി ഞങ്ങള്‍ക്ക് വാര്‍ഷിക കരാര്‍ ഉണ്ടെന്നും അദ്ദേഹത്തിന് മാന്യമായ തുക ശമ്പളവും നല്‍കുന്നുണ്ടെന്നും എന്നിട്ടും പി.ടി.വി ചാനലിന്റെ പരിപാടിയില്‍ പങ്കെടുക്കാത്ത സാഹചര്യമുണ്ടായിട്ടുണ്ടെന്നും നിയാസ് പറയുന്നു. ചാനലിന്റെ മാന്യത കണക്കിലെടുക്കാത്ത അക്തറിന്റെ നടപടികളും അന്നത്തെ തന്റെ പെരുമാറ്റത്തിലേക്ക് നയിച്ചിട്ടുണ്ടെന്നും നിയാസ് കൂട്ടിച്ചേര്‍ത്തു.
നിയാസിന്റെ മാപ്പ് സ്വീകരിച്ചുവെന്നും തന്നെ സംബന്ധിച്ചിടത്തോളം ആ സംഭവം അവസാനിച്ചുവെന്നും ഷോയ്ബ് അക്തര്‍ പ്രതികരിച്ചു. ”ആരോടെങ്കിലുമുള്ള ദേഷ്യം മനസില്‍ സൂക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ രീതി അതല്ല. സംഭവിച്ചതെല്ലാം ഇവിടെ അവസാനിച്ചു. ഞാന്‍ മാപ്പ് സ്വീകരിച്ചു,” താരം പറഞ്ഞു.
നിയാസ് അപമാനിച്ചതിനെ തുടര്‍ന്ന് ഷോയ്ബ് അക്തര്‍ പരിപാടി ബഹിഷ്‌കരിച്ചിരുന്നു. പി.ടി.വി ചാനലിലെ ക്രിക്കറ്റ് അനലിസ്റ്റായിരുന്ന അക്തര്‍ സ്ഥാനവും രാജിവെച്ചിരുന്നു.
അവതാരകനെതിരെ നടപടി എടുക്കുന്നത് വരെ പി.ടി.വി ചാനല്‍ മാനേജ്‌മെന്റിന്റെ അന്വേഷണ കമ്മിറ്റിയ്ക്ക് മുന്നില്‍ ഹാജരാവില്ലെന്നും അക്തര്‍ അറിയിച്ചിരുന്നു.
ടി-20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ പാകിസ്ഥാന്റെ വിജയത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ തന്റെ ചോദ്യങ്ങള്‍ അവഗണിച്ചെന്ന് പറഞ്ഞായിരുന്നു നിയാസ് അക്തറിനെ അപമാനിച്ചത്. പാക് താരങ്ങളായ ഷഹീന്‍ അഫ്രീദിയേയും ഹാരിസ് റൗഫിനേയും കണ്ടെത്തിയത് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് ടീം ലാഹോര്‍ ക്വലാന്‍ഡേഴ്‌സാണെന്ന് അക്തര്‍ ചൂണ്ടിക്കാട്ടിയതായിരുന്നു അവതാരകനെ പ്രകോപിപ്പിച്ചത്.
‘നിങ്ങള്‍ അല്‍പം പരുഷമായി പെരുമാറുന്നു. എനിക്ക് ഇത് പറയാന്‍ താല്‍പ്പര്യമില്ല, പക്ഷേ ഓവര്‍ സ്മാര്‍ട്ടാകാനാണ് ശ്രമമെങ്കില്‍ നിങ്ങള്‍ക്ക് പോകാം. ഞാന്‍ ഇത് തത്സമയമാണ് പറയുന്നത്” എന്നായിരുന്നു നിയാസ് പറഞ്ഞത്.
സമൂഹമാധ്യമങ്ങളിലൂടെ അവതാരകനെതിരെ രൂക്ഷമായ പ്രതികരണങ്ങളായിരുന്നു ഇതേത്തുടര്‍ന്ന് ഉണ്ടായത്.
പരിപാടിയില്‍ അക്തറിനൊപ്പം മുന്‍ താരങ്ങളായ ഡേവിഡ് ഗോവര്‍, വിവ് റിച്ചാര്‍ഡ്‌സ്, റാഷിദ് ലത്തീഫ്, ഉമര്‍ ഗുല്‍, അഖ്വിബ് ജാവേദ്, പാക് വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സന മിര്‍ എന്നിവരുമുണ്ടായിരുന്നു.