| Sunday, 22nd March 2015, 1:16 pm

ഭീകര വിരുദ്ധ ഓപറേഷനുകള്‍ തത്സമയം സംപ്രേഷണം ചെയ്യരുതെന്ന് ചാനലുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്


ന്യൂദല്‍ഹി: ഭീകരാക്രമണത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സ്ഥലം, എണ്ണം, നീക്കങ്ങള്‍, എന്നത് സംബന്ധിച്ചുള്ള സുപ്രധാനമായ വിവരങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യരുതെന്ന് ടി.വി ചാനലുകള്‍ക്ക് കേന്ദ്ര വാര്‍ത്ത വിനിമയ മന്ത്രാലയത്തിന്റെ നിര്‍ദേശം. സൈനിക നീക്കങ്ങളെ ബാധിക്കും എന്നതിനാലാണ് ഇത്തരമൊരു നിര്‍ദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

മാര്‍ച്ച് 20ന് ജമ്മു കശ്മീരിലെ കത്തുവ ജില്ലയില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്കെതിരെ സൈന്യം നടത്തിയ ഓപറേഷന്‍ ചില ടി.വി ചാനലുകള്‍ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. രാജ്യത്തിന്റെ സുരക്ഷ മുന്‍ നിര്‍ത്തി സൈനിക ഓപറേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിടരുതെന്നും ഇത് തീവ്രവാദികളുടേയോ അവരെ സഹായിക്കുന്നവരുടേയോ കൈകളില്‍ എത്തിച്ചേരില്ലന്നത് മാധ്യമങ്ങള്‍ ഉറപ്പ് വരുത്തണമെന്നും സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു.

ഓപറേഷനുകള്‍ക്കിടയില്‍ പ്രത്യേകം നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരങ്ങള്‍ മാത്രമേ ചിലപ്പോള്‍ നല്‍കാനാവൂ എന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്.

തത്സമയ സംപ്രേഷണം സംബന്ധിച്ച് അഭ്യന്തര മന്ത്രാലയം നിയമഭേതഗതി കൊണ്ട് വരാന്‍ ആഗ്രഹം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെയും നിര്‍ദേശം വന്നിരിക്കുന്നത്.

നേരത്തെ മുംബൈ ഭീകരാക്രമണത്തിന്റെ സമയത്ത് മാധ്യമങ്ങള്‍ സൈനിക നീക്കങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്തതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

We use cookies to give you the best possible experience. Learn more