| Monday, 18th February 2019, 10:30 pm

ടി വി ചന്ദ്രന്റെ 'പെങ്ങളില' തിയേറ്ററിലേക്ക്; അഴകനായി ലാല്‍ വരുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ടി വി ചന്ദ്രന്‍ ഒരുക്കുന്ന പെങ്ങളില തിയേറ്ററിലേക്ക്. 2019 മാര്‍ച്ച് 8 ന് ചിത്രം റിലീസ് ചെയ്യും. അക്ബര്‍ ട്രാവല്‍സ് ഗ്രൂപ്പിന്റെ ചലച്ചിത്ര നിര്‍മ്മാണ സംരംഭമായ ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

എട്ട് വയസ്സുള്ള രാധ എന്ന പെണ്‍കുട്ടിയും അവളുടെ വീടും പറമ്പും വൃത്തിയാക്കാനെത്തുന്ന അറുപത്തഞ്ച് വയസ്സുള്ള അഴകന്‍ എന്ന കൂലിപ്പണിക്കാരനും തമ്മിലുണ്ടാവുന്ന സ്‌നേഹബന്ധമാണ് ചിത്രത്തിന്റെ കാതല്‍. അഴകനായി (ലാല്‍) രാധയായി (അക്ഷര കിഷോര്‍) ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളാകുന്നു.

അഴകനും രാധയും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിന്റെ ഇതിവൃത്തമെങ്കിലും അഴകന്റെ പഴയകാല ജീവിതം, രാധയുടെ കുട്ടിക്കാലം, രാധയുടെ അമ്മയുടെ ഒറ്റപ്പെടല്‍ തുടങ്ങിയ വിഷയങ്ങളിലൂടെയാണ് പെങ്ങളിലയുടെ കഥ വികസിക്കുന്നതെന്ന് സംവിധായകന്‍ ടി വി ചന്ദ്രന്‍ വ്യക്തമാക്കി. അഴകന്‍ കേവലമൊരു കൂലിപ്പണിക്കാരന്‍ മാത്രമല്ല. അയാള്‍ കേരളത്തിലെ കീഴാള സമൂഹത്തിന്റെ പ്രതിനിധിയാണ്. അഴകന്റെ ഈ ജീവിത പശ്ചാത്തലത്തിലൂടെ കേരളത്തിലെ ഭൂമിയുടെ രാഷ്ട്രീയവും ജാതി രാഷ്ട്രീയവും പെങ്ങളിലയില്‍ പരോക്ഷമായി പറയുന്നുണ്ട്. തന്റെ പതിവ് ചിത്രങ്ങള്‍ പോലെ രാഷ്ട്രീയ വിമര്‍ശനവും നിരീക്ഷണവും ഈ ചിത്രത്തില്‍ ഉണ്ടെങ്കിലും പെങ്ങളില കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ടുള്ളതാണെന്നും സംവിധായകന്‍ പറഞ്ഞു.

അന്തരിച്ച കവി എ അയ്യപ്പന്റെ കവിതയിലെ പ്രയോഗമാണ് പെങ്ങളില എന്ന ടൈറ്റില്‍. പ്രമുഖ കവി കെ സച്ചിദാനന്ദന്റെ പുലയപ്പാട്ട് എന്ന കവിതയും അന്‍വര്‍ അലി എഴുതിയ ഒരു ഗാനവും ഈ ചിത്രത്തില്‍ ലാല്‍ പാടുന്നുണ്ട്. നാടന്‍ ശീലുകളുള്ള ഈ ഗാനങ്ങള്‍ ലാല്‍ നേരിട്ട് പാടുന്നത് മറ്റൊരു പുതുമയാണ്. സച്ചിദാനന്ദന്റെ കവിത ആദ്യമായാണ് മലയാളസിനിമയില്‍ അവതരിപ്പിക്കുന്നതും. ലാല്‍, നരേന്‍, രണ്‍ജി പണിക്കര്‍, ഇന്ദ്രന്‍സ്, ഇനിയ, ബേസില്‍ പൗലോസ്, തിരു, നൗഷാദ്, അക്ഷര കിഷോര്‍, പ്രിയങ്ക നായര്‍, നീതു ചന്ദ്രന്‍, അമ്പിളി സുനില്‍, ഷീല ശശി, മറീന മൈക്കിള്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍.

ഛായാഗ്രഹണം- സന്തോഷ് തുണ്ടിയില്‍,സംഗീതം-വിഷ്ണു മോഹന്‍സിത്താര, പശ്ചാത്തല സംഗീതം- ബിജിപാല്‍ , ഗാനങ്ങള്‍- കവി കെ. സച്ചിദാനന്ദന്‍, അന്‍വര്‍ അലി,കലാസംവിധാനം- ഷെബീറലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി പട്ടിക്കര,മേക്കപ്പ്- സജി കൊരട്ടി,വസ്ത്രാലങ്കാരം- രാധാകൃഷ്ണന്‍ മങ്ങാട്,എഡിറ്റിംഗ്- വി ടി ശ്രീജിത്ത്,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് – നസീര്‍ കൂത്തുപറമ്പ്, ബിജു കടവൂര്‍, സ്റ്റില്‍സ് – അനില്‍ പേരാമ്പ്ര, പി.ആര്‍. ഒ – പി.ആര്‍.സുമേരന്‍ അസോസിയേറ്റ് ഡയറക്ടര്‍ – കെ.ജി. ഷൈജു എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.

DoolNews Video

Latest Stories

We use cookies to give you the best possible experience. Learn more