കഴിക്കാന്‍ ഭക്ഷണമോ കുടിക്കാന്‍ വെള്ളമോ ഇരിക്കാന്‍ കസേരയോ പോലും തന്നിരുന്നില്ല; അതിനൊക്കെ വഴക്കുണ്ടാക്കിയിട്ടുണ്ട്: രഞ്ജിനി ഹരിദാസ് പറയുന്നു
Malayalam Cinema
കഴിക്കാന്‍ ഭക്ഷണമോ കുടിക്കാന്‍ വെള്ളമോ ഇരിക്കാന്‍ കസേരയോ പോലും തന്നിരുന്നില്ല; അതിനൊക്കെ വഴക്കുണ്ടാക്കിയിട്ടുണ്ട്: രഞ്ജിനി ഹരിദാസ് പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 6th March 2021, 11:57 am

ടെലിവിഷന്‍ ആങ്കറിംഗ് രംഗത്ത് അടിമുടി മാറ്റങ്ങള്‍ വരുത്തിയ താരമാണ് രഞ്ജിനി ഹരിദാസ്. മലയാളികള്‍ അതുവരെ കണ്ട് പരിചയിച്ച അവതരണ രീതികളെ മൊത്തത്തില്‍ പൊളിച്ചടുക്കിക്കൊണ്ടായിരുന്നു രഞ്ജിനി അവതരണ രംഗത്ത് പുതിയ ചില മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

ഇംഗ്ലീഷും മലയാളവും കൂട്ടിക്കലര്‍ത്തിയുള്ള രഞ്ജിനിയുടെ സംസാരവും ഇടപെടലുകളും അന്ന് ഒരുപോലെ സ്വീകരിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ ഈ ഇന്‍ഡസ്ട്രിയില്‍ നിലനിന്നു പോകുകയെന്നത് ഒരിക്കലും എളുപ്പമായിരുന്നില്ലെന്നും നിരവധി കാര്യങ്ങള്‍ക്ക് വേണ്ടി പലപ്പോഴും പലരോടും തനിക്ക് തര്‍ക്കിക്കേണ്ടി വന്നിട്ടുണ്ടെന്നും താരം ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ഏത് ഇന്‍ഡസ്ട്രി പോലെ തന്നെയായിരുന്നു ഇതും. ബുദ്ധിമുട്ടുകളുണ്ടായിട്ടുണ്ട്. ചെറുപ്പം മുതല്‍ ഇഷ്ടമില്ലാത്തത് കണ്ടാല്‍ റിയാക്ട് ചെയ്യുമായിരുന്നു. ഞങ്ങള്‍ ഫാഷന്‍ ഷോ ഒക്കെ ചെയ്യുമ്പോള്‍ മോഡല്‍സിന്റെ കൂടെ അമ്മമാരൊക്കെ ഉണ്ടാകും. രാത്രി 12 മണി വരെയൊക്കെയാണ് ഷോ. എല്ലാവരും അതുവരെ വിശന്നിരിക്കുകയാവും. പരിപാടി നടത്തുന്നവരാകട്ടെ മോഡല്‍സിന് മാത്രമേ ഭക്ഷണം കരുതുകയുള്ളൂ. ബാക്കിയുള്ളവര്‍ പട്ടിണി കിടക്കണം.

അതൊക്കെ എതിര്‍ത്തിരുന്നു. അതുപോലെ ആംങ്കറിംഗിന് പോകുമ്പോള്‍ ഒന്നും പറഞ്ഞു തരില്ല. വെറുതേ പേപ്പര്‍ തന്നിട്ട് തുടങ്ങിക്കോന്ന് പറയും. ഇരിക്കാന്‍ കസേര തരില്ല, കുടിക്കാന്‍ വെള്ളം തരില്ല. ഏറ്റവും കൂടുതല്‍ വഴക്കുണ്ടാക്കിയത് ഇതിനൊക്കെ വേണ്ടിയാണ്.

ഇപ്പോള്‍ അതിനൊക്കെ വലിയ മാറ്റം വന്നിട്ടുണ്ട്. പിന്നെ, അവതാരകരുടെ പ്രതിഫലം. അന്ന് ആങ്കറിംഗ് ഒരു പ്രൊഫഷനായിരുന്നില്ല. ഞാനാകട്ടെ പ്രതി ഫലം ചോദിച്ച് വാങ്ങിയിരുന്നു. ചെയ്യുന്ന ജോലിക്ക് മാന്യമായ പ്രതിഫലം വേണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. അത് സിനിമയാണെങ്കില്‍ പോലും, രഞ്ജിനി പറഞ്ഞു.

സിനിമയില്‍ രഞ്ജിനിയെ അധികം കണ്ടില്ല. താല്‍പര്യമില്ലാഞ്ഞതുകൊണ്ടാണോ എന്ന ചോദ്യത്തിന് സിനിമയിലേക്ക് ഇടയ്ക്ക് ചില ഓഫറുകളൊക്കെ വരാറുണ്ടായിരുന്നെന്നും അന്ന് ഒരു സിനിമയില്‍ അഭിനയിച്ചാല്‍ കിട്ടുന്നതിനേക്കാള്‍ തുക തനിക്ക് ആങ്കറിംഗിലൂടെ ലഭിച്ചിരുന്നു എന്നുമായിരുന്നു താരത്തിന്റെ മറുപടി.

ഇപ്പോള്‍ കാര്യങ്ങള്‍ക്ക് മാറ്റമുണ്ട്. ഇപ്പോള്‍ നടിമാര്‍ക്ക് മെച്ചപ്പെട്ട പ്രതിഫലം ലഭിക്കുന്നുണ്ട്. അന്ന് ഒരു നടി ഉണ്ടാക്കുന്നതിനേക്കാള്‍ തുക ആങ്കറിംഗിലൂടെ ഞാന്‍ ഉണ്ടാക്കിയിരുന്നു. ഒരു ദിവസം ആങ്കറിംഗ് ഒഴിവാക്കി സിനിമയ്ക്ക് പോയിരുന്നെങ്കില്‍ ഫിനാന്‍ഷ്യലി എനിക്ക് നഷ്ടമായിരുന്നു.

ഇപ്പോഴാണെങ്കിലുംആങ്കറിംഗാണ് എന്റെ ജോലി ആയി ഞാന്‍ കണക്കാക്കുന്നത്. ഒന്നോ രണ്ടോ മാസം സിനിമയ്ക്ക് വേണ്ടി കമ്മിറ്റ് ചെയ്യാന്‍ എനിക്ക് പറ്റില്ല. സമയവും മറ്റ് സാഹചര്യങ്ങളും ഒത്തുവന്നാല്‍ ചെറിയ വേഷങ്ങളൊക്കെ ചെയ്യാറുണ്ട്. പക്ഷേ, അതിനാണെങ്കില്‍ പോലും കൃത്യം പ്രതിഫലം വേണമെന്ന കാര്യത്തില്‍ നിര്‍ബന്ധമുണ്ട്, രഞ്ജിനി പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: TV Anchor Ranjini Haridas About Her Career