| Thursday, 10th December 2020, 9:25 pm

അഫ്ഗാനിസ്ഥാനില്‍ മാധ്യമ പ്രവര്‍ത്തകയെയും ഡ്രൈവറെയും വെടിവെച്ചു കൊലപ്പെടുത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ മാധ്യമ പ്രവര്‍ത്തകയെയും ഡ്രൈവറെയും വെടിവെച്ച് കൊലപ്പെടുത്തി. എനികാസ് ടിവിയിലെ റിപ്പോര്‍ട്ടറായ മലാലായി മായിവാന്ദും ഡ്രൈവര്‍ മുഹമ്മദ് താഹിറുമാണ് കൊല്ലപ്പെട്ടത്.

കിഴക്കന്‍ നംഗര്‍ഹര്‍ പ്രവിശ്യയുടെ തലസ്ഥാനമായ ജലാലാബാദില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം.

തെക്കേ ഹേല്‍മന്ദിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഏല്യാസ് ദായീയെ കാര്‍ ബോംബ് ഉപയോഗിച്ച് കൊലപ്പെടുത്തി ഒരു മാസം പിന്നിടുമ്പോഴാണ് മറ്റൊരു മാധ്യമ പ്രവര്‍ത്തകയ്ക്ക് കൂടി ജീവന്‍ നഷ്ടപ്പെടുന്നത്.

അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിച്ച് വന്നിരുന്ന സാമൂഹ്യ പ്രവര്‍ത്തക കൂടിയായിരുന്നു മലാലായ്.

സംഭവത്തില്‍ അഫ്ഗാന്‍ ഇന്‍ഡിപെന്‍ഡന്റ് ജേണലിസ്റ്റ് അസോസിയേഷന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. കൊലപാതകത്തില്‍ അഫ്ഗാന്‍ സുരക്ഷാ ഏജന്‍സികള്‍ വിശദമായ അന്വേഷണം നടത്തണമെന്നും അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെക്കണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. താലിബാന്‍ ഉത്തരവാദിത്വം നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

ഈ വര്‍ഷം മാത്രം അഫ്ഗാനിസ്ഥാനില്‍ പത്തോളം മാധ്യമപ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുറമെ ഈ വര്‍ഷം വിവിധ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും മത പണ്ഠിതന്മാര്‍ക്കും ജീവന്‍ നഷ്ടമായിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: TV anchor, driver shot dead in eastern Afghanistan

We use cookies to give you the best possible experience. Learn more