മുംബൈ: ടി.വി പരസ്യങ്ങളിലൂടെ ദുര്‍മന്ത്രവാദം അദ്ഭുത സിദ്ധിയുമുണ്ടെന്ന് അവകാശപ്പെടുന്ന വസ്തുക്കളുടെ വില്‍പ്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി ബോംബെ ഹൈക്കോടതി. ഇത്തരം പരസ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്ന ടിവി ചാനലുകള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി.
ഈ പരസ്യങ്ങള്‍ നിര്‍മിക്കുന്നവര്‍, അത്തരം വസ്തുക്കള്‍ വില്‍ക്കുന്നവര്‍ എന്നിവര്‍ക്കെതിരെ കേസെടുക്കും. ഇവയുടെ പരസ്യം പ്രക്ഷേപണം ചെയ്യുന്നത് നിര്‍ത്തലാക്കണം. ഇതിനായി സ്വീകരിച്ച നടപടികള്‍ ഒരു മാസത്തിനകം കോടതിയെ അറിയിക്കണം, ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് ഉത്തരവിട്ടു.
ഹനുമാന്‍ ചാലിസ യന്ത്രം തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ ടിവിയില്‍ സംപ്രേഷണം ചെയ്യുന്നതിനെതിരെ നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ ഈ നിര്‍ദ്ദേശം.
ജനങ്ങളില്‍ അന്ധവിശ്വാസത്തെ വളര്‍ത്തുകയും അവരെ ചൂഷണം ചെയ്യുകയുമാണ് ഈ പരസ്യങ്ങളിലൂടെ. എന്തും ചെയ്യാനുള്ള സിദ്ധി ലഭിച്ച ഒരു ബാബാ മംഗള്‍നാഥ് തയ്യാറാക്കിയ യന്ത്രമാണെന്ന വ്യാജ പ്രചാരണങ്ങളും പരസ്യത്തില്‍ ഉള്‍പ്പെടുന്നു.
യന്ത്രം വീട്ടിലേക്ക് കൊണ്ടുവരുന്നതിലൂടെ ഹനുമാന്‍ സ്വാമിയുടെ അനുഗ്രഹങ്ങള്‍ വീട്ടിലെത്തും എന്ന തരത്തിലാണ് പ്രചാരണങ്ങളെന്നും ഹരജിയില്‍ പറയുന്നു. ചലച്ചിത്ര താരങ്ങള്‍ വരെ ഇത്തരം പരസ്യത്തിലെത്തുന്നതും സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും ഹരജിയില്‍ പറയുന്നു.
ഹനുമാന്‍ ചാലിസ യന്ത്രത്തിന് അദ്ഭുത ശക്തിയുണ്ടെന്ന് വാദിക്കുന്നതാണ് പരസ്യം. ഈ വസ്തുക്കള്‍ക്ക് എന്തെങ്കിലും ശക്തിയുള്ളതായി വില്‍പ്പനക്കാരന് തെളിയിക്കാന്‍ കഴിയില്ല. അതേസമയം അദ്ഭുതങ്ങള്‍ സംഭവിച്ചതായി കാണുന്നവരെ വിശ്വസിപ്പിക്കുന്ന തരത്തില്‍ അനുഭവങ്ങള്‍ പങ്കുവെച്ച് പരസ്യത്തില്‍ ആള്‍ക്കാര്‍ പ്രത്യക്ഷപ്പെടുന്നുമുണ്ട്.
ഈ വഴിയിലൂടെ പണം സമ്പാദിക്കുന്നതോ, വഞ്ചിക്കുന്നതോ, നിയമപ്രകാരം കുറ്റകരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍, ഇത്തരം പരസ്യങ്ങള്‍ നിര്‍മിക്കുന്നവര്‍, വസ്തുക്കള്‍ വില്‍ക്കുന്നവര്‍ എന്നിവര്‍ക്കെതിരെ കേസെടുക്കണം.
1995ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക് ആക്ട് പ്രകാരം കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച അധികൃതരുമായി ചേര്‍ന്ന് ഇത്തരം പരസ്യങ്ങളുടെ പ്രക്ഷേപണം ഉടന്‍ നിര്‍ത്തണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക