തൂത്തുക്കുടി: അടച്ചുപൂട്ടിയ തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റില്‍ നിന്നുള്ള സള്‍ഫ്യൂരിക് ആസിഡ് ചോര്‍ച്ച അപകടകരമായ അളവില്‍ എത്തിയിരിക്കുകയാണെന്നും ആവശ്യമായ വൈദ്യുതി നല്‍കിയാല്‍ മാത്രമേ കേടുപാടുകള്‍ പരിഹരിക്കാന്‍ കഴിയുകയുള്ളു എന്നും പ്ലാന്റ് ഉടമകളായ വേദാന്ത ഗ്രൂപ്പ്. എത്രയും വേഗം ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പാരിസ്ഥിതിക ദുരന്തമുണ്ടാകുമെന്നും നിരവധി പേരുടെ ജീവന്‍ നഷ്ടപ്പെടാന്‍ വരെ സാധ്യതയുണ്ടെന്നും വേദാന്ത മുന്നറിയിപ്പ് നല്‍കി.
അടച്ചുപൂട്ടിയതോടെ നിര്‍ത്തലാക്കിയ പ്ലാന്റിലേക്കുള്ള വൈദ്യുതി ബന്ധം പുനസ്ഥാപിക്കണമെന്നും വിദഗ്ധ സംഘം ഉടനടി പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടു വേദാന്ത ഗ്രൂപ്പ് മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചത്. ആസിഡ് ചോര്‍ച്ചയുള്ള ടാങ്കുകള്‍ക്കു ചുറ്റും സ്ഫോടനശേഷിയുള്ള രാസവസ്തുക്കളാണുള്ളതെന്നും ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ വലിയ ദുരന്തമായിരിക്കും ഉണ്ടാവുകയെന്നും ഹരജിയില്‍ പറയുന്നു.
അതേസമയം ഇത് വേദാന്ത ഗ്രൂപ്പിന്റെ മാത്രം വാദമാണെന്നും ആസിഡ് ചോര്‍ച്ച നിയന്ത്രണ വിധേയമാണെന്നും ജില്ലാ കലക്ടര്‍ സന്ദീപ് നന്ദൂരി അറിയിച്ചു. കൂടാതെ സുരക്ഷാകാരണങ്ങള്‍ മുന്‍ നിര്‍ത്തി സള്‍ഫ്യൂരിക് ആസിഡ് പ്ലാന്റില്‍ നിന്നും പൂര്‍ണ്ണമായും നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്ലാന്റില്‍ നിന്നും ആസിഡ് ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച് ജില്ലാ ഭരണകൂടം തെളിവെടുപ്പ് നടത്തിയിരുന്നു. ഞായറാഴ്ച നല്‍കിയ റിപ്പോര്‍ട്ടില്‍ ചോര്‍ച്ചയുടെ നില ഗുരുതരമല്ലെന്നും വേണ്ട സുരക്ഷാ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കിയിരുന്നു.
കടുത്ത മലിനീകരണപ്രശ്നങ്ങളെ തുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിയ നാളുകള്‍ നീണ്ട ജനകീയ പ്രക്ഷോഭങ്ങള്‍ക്കൊടുവിലായിരുന്നു പ്ലാന്റ് അടച്ചുപൂട്ടിയത്. മെയ് മാസത്തില്‍ നടന്ന സമരത്തില്‍ 13 പേരായിരുന്നു പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. തുടര്‍ന്ന് തമിഴ്നാട് സര്‍ക്കാരിനും വേദാന്തക്കുമെതിരെ രാജ്യവ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.
WATCH THIS VIDEO:
ഡൂള്‍ന്യൂസ് വാട്‌സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്‌സാപ്പ് മെസേജ് അയക്കൂ.