| Saturday, 25th July 2020, 8:32 pm

പതിനൊന്ന് പേരുടെ ജീവനെടുത്ത ആ വെടിയൊച്ചകള്‍ രണ്ട് വര്‍ഷം പിന്നിടുമ്പോള്‍

റംസീന ഉമൈബ

‘നീ കാറ്റ്,
ന്നാ മരം.
നീ എന്ന സൊന്നാലും
ന്നാ തലയാട്ടുവേന്‍’

കവിതകളെഴുതാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന പതിനേഴ് വയസ്സുകാരിയായ ഒരു പെണ്‍കുട്ടിയുടെ വരികളാണിവ. ഇന്നവള്‍ ഈ ഭൂമിയില്‍ ജീവിച്ചിരിപ്പില്ല. സ്വന്തം നാടിന്റെ നിലനില്‍പ്പിന് വേണ്ടി, തലമുറകളുടെ സ്വാസ്ഥ്യത്തിന് വേണ്ടി അവള്‍ക്ക് ജീവന്‍ ബലിനല്‍കേണ്ടി വന്നിട്ട് രണ്ട് വര്‍ഷം പിന്നിടുകയാണ്. സ്‌നോലിന്‍, അതായിരുന്നു അവളുടെ പേര്. തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് കമ്പനിക്കെതിരായ സമരത്തിന് നേരെയുണ്ടായ പോലീസ് വെടിവയ്പ്പില്‍ അവള്‍ കൊല്ലപ്പെടുകയായിരുന്നു.

വ്യാവസായിക മലിനീകരണത്തിന്റെ വിനാശങ്ങള്‍ക്ക് അറുതിയുണ്ടാക്കുന്നതിനായി തെരുവിലിറങ്ങിയ തൂത്തുക്കുടിയിലെ പോരാളികള്‍ക്ക് നേരെ പോലീസ് നിഷ്‌കരുണം നിറയൊഴിച്ചതിന്റെ രണ്ടാം വാര്‍ഷികം  2020 മെയ് 22ന് കടന്നുപോകുമ്പോള്‍ മറ്റൊരു വ്യവസായശാല സൃഷ്ടിച്ച ഒരു വലിയ ദുരന്തത്തിന്റ വിട്ടുമാറാത്ത നടുക്കുത്തിലായിരുന്നു രാജ്യം. വിശാഖപട്ടണത്തെ ഫാക്ടറിയിലുണ്ടായ ആ വിഷവാതക ചോര്‍ച്ചയുടെ പ്രതിഫലനങ്ങള്‍ വളരെ മാരകമായിരുന്നു. അതുപോലെ എത്രയോ ജീവിതങ്ങള്‍ ഇന്ത്യയുടെ പലഭാഗങ്ങളിലായി വ്യാവസായിക മലിനീകരണത്താല്‍ ഇഞ്ചിഞ്ചായി മരിച്ചുകൊണ്ടിരിക്കുയാണ്. ആ ദുരിതബാധിതരെല്ലാം ഒരുതരത്തില്‍ തൂത്തുക്കുടിയുടെ മണ്ണില്‍ ചൊരിയപ്പെട്ട സമരപോരാളികളുടെ ചോരയോട് കടപ്പെട്ടിരിക്കുന്നു.

2020 മെയ് ഏഴിനാണ് വിശാഖപട്ടണത്തെ വെങ്കിടപുരത്ത് സ്ഥിതി ചെയ്യുന്ന എല്‍. ജി പോളിമേഴ്സ് കെമിക്കല്‍ പ്ലാന്റിലുണ്ടായ വിഷവാതക ചോര്‍ച്ചയെ തുടന്ന് 11 പേര്‍ മരണപ്പെടുന്നത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് 40 ദിവസമായി അടച്ചിട്ടിരിക്കുകയായിരുന്ന പ്ലാന്റ് തൊഴിലാളികളെത്തി തുറക്കാന്‍ ശ്രമിച്ചതോടെ ഗ്യാസ് ചേംബറുകള്‍ക്കുള്ളില്‍ അനിയന്ത്രിതമായ പൊട്ടിത്തെറിയുണ്ടാകുകയും ചോര്‍ച്ച സംഭവിക്കുകയുമായിരുന്നു.

ആന്ധ്രപ്രദേശില്‍ വാതകച്ചോര്‍ച്ചയുണ്ടായി മണിക്കൂറുകള്‍ പിന്നിടുമ്പോഴാണ് ഛത്തീസ്ഗഢിലെ റായിഗഡിലുള്ള ഒരു പേപ്പല്‍ മില്ലിലും സമാനമായ രീതിയില്‍ വിഷവാതകം ചോരുന്നത്. ശുചീകരണ പ്രവര്‍ത്തിനിടെയാണ് ഇത് സംഭവിക്കുന്നത്. നിരവധി തൊഴിലാളികള്‍ നിമിഷങ്ങള്‍ക്കകം അവിടെ കുഴഞ്ഞുവീണു. അതില്‍ മൂന്നു പേരുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്. സുരക്ഷാ മുന്‍കരുതലുകളുടെ കാര്യത്തിലുള്ള കമ്പനികളുടെ അലംഭാവമാണ് ഈ ദുരന്തങ്ങള്‍ക്ക് കാരണമായിത്തീര്‍ന്നിരിക്കുന്നത് എന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ഇതുപോലെ ഒരു സുരക്ഷയുമില്ലാതെ, നാടിനെ വിഷമയമാക്കി സ്റ്റെര്‍ലൈറ്റ് കമ്പനി പ്രവര്‍ത്തിക്കുന്നു എന്നതായിരുന്നു തൂത്തുക്കുടി സമരം ഉന്നയിച്ച പ്രധാന പരാതി. ഇത്തരത്തില്‍ പൊതു നന്മയ്ക്കുവേണ്ടി പരാതി ഉന്നയിക്കുന്നവരും പ്രതിഷേധിക്കുന്നവരും തോക്കിന്‍ മുനകള്‍ക്കിരയാകുന്ന സ്ഥിതി എത്ര ഭീകരമാണ്. ഒന്നുകില്‍ നിങ്ങള്‍ വെടിവയ്പ്പില്‍ കൊല്ലപ്പെടും അതല്ലെങ്കില്‍ വിഷവാതകം ശ്വസിച്ച് പിടഞ്ഞുവീണു മരിക്കും എന്നതായിരിക്കുന്നു വ്യവസായശാലകളോട് ചേര്‍ന്ന് കഴിയുന്ന ജനങ്ങളുടെ സ്ഥിതി. തൂത്തുക്കുടിക്കാരുടെ രക്തസാക്ഷിത്വം രണ്ടാം വര്‍ഷത്തോട് അടുക്കുന്ന നാളുകളില്‍ അവിടേക്ക് നടത്തിയ യാത്രയിലും കാണാന്‍ കഴിഞ്ഞത് നിസഹായതകളും നെടുവീര്‍പ്പുകളും പിന്നെ, പോരാട്ടം അവസാനിപ്പിക്കാന്‍ തയ്യാറല്ലെന്ന നിശ്ചയദാര്‍ഢ്യവുമാണ്.

വിശാഖപട്ടണത്തെ വിഷവാതക ചോര്‍ച്ച

വ്യവസായശാലകള്‍ സൃഷ്ടിക്കുന്ന മലിനീകരണത്തിന്റെ ചരിത്രം വ്യവസായിക വിപ്ലവം ആരംഭിച്ച നാള്‍ മുതല്‍ത്തന്നെ തുടങ്ങിയതാണ്. സ്ഥാപിക്കപ്പെട്ട പ്രദേശത്തെ ആവാസവ്യവസ്ഥയെയും തദ്ദേശീയരുടെ ആരോഗ്യത്തെയും നശിപ്പിക്കാതെ പ്രവര്‍ത്തിക്കുന്ന വ്യവസായശാലകള്‍ വളരെ വിരളമാണ്. അതുകൊണ്ടുതന്നെ മണ്ണും വെള്ളവും വായുവും മലിനമാക്കുന്ന വ്യവസാശാലകള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന ജനകീയ പ്രതിരോധങ്ങള്‍ ലോകമെങ്ങും കാണാനാകും.

സുഗമമായും ലാഭാധിഷ്ഠിതമായും ഇത്തരം വ്യവസായങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് വേണ്ടി തദ്ദേശീയരുടെ പ്രതിഷേധങ്ങളെ സര്‍ക്കാരും കമ്പനികളും ചേര്‍ന്ന് അടിച്ചൊതുക്കാന്‍ ശ്രമിക്കുന്ന കാഴ്ച ഇന്ത്യയില്‍ ഇന്ന് പതിവായിരുന്നു. നിരന്തരം അവഗണിച്ചും ഭീഷണിപ്പെടുത്തിയും കള്ളക്കേസുകളില്‍ കുടുക്കിയുമെല്ലാം ഈ ജനകീയ സമരങ്ങളെ തകര്‍ക്കുന്നതില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ സര്‍ക്കാരുകള്‍ക്കും ഒരേ സ്വരമാണുള്ളത്.

അപൂര്‍വ്വമായാണെങ്കിലും പോലീസ് വെടിവയ്പ്പിനെ നേരിടേണ്ടിവന്ന ദാരുണമായ അനുഭവവും പല സമരങ്ങള്‍ക്കുമുണ്ടായിട്ടുണ്ട്. എന്നാല്‍ വലിയൊരു ജനക്കൂട്ടത്തിന് നേരെ ആസൂത്രിതമായി വെടിയുതിര്‍ത്ത് 15 പേരെ പോലീസ് കൊന്നൊടുക്കിയ ചരിത്രം ഒരു പക്ഷെ തൂത്തുക്കുടിക്ക് മാത്രമാകും പറയാനുണ്ടാവുക.

കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഒരു രാജ്യം തങ്ങളുടെ ജനങ്ങള്‍ക്ക് മേല്‍ അക്രമം അഴിച്ചുവിടുന്നതിന്റെ ഏറ്റവും നിര്‍ദയമായ ദൃഷ്ടാന്തമായിരുന്നു തൂത്തുക്കുടി കൂട്ടക്കൊല. വെടിവെച്ച ഉദ്യോഗസ്ഥര്‍ക്കെതിരെയോ അതിന് ഉത്തരവു നല്‍കിയ അധികാരികള്‍ക്കെതിരെയോ ഗൗരവമായ നടപടികള്‍ കൈകൊള്ളുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടിരിക്കുന്നു. വെടിയേറ്റ് മരിച്ചവരുടെ കുടുംബത്തിനോ പരിക്കേറ്റവര്‍ക്കോ നഷ്ടപരിഹാരം നല്‍കുന്നതിലും വന്‍ വീഴ്ചയാണ് ഉണ്ടായിട്ടുള്ളത്. രണ്ടു വര്‍ഷത്തിനു മുന്‍പ് തൂത്തുക്കുടിയില്‍ എന്താണ് സംഭവിച്ചത്? ഇപ്പോഴും എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? വെടിയേറ്റുവീണതിന്റെ ആഘാതത്തില്‍ നിന്നും സമരത്തിന് ഉണര്‍ന്നെഴുന്നേല്‍ക്കാനോയോ? കുറ്റകൃത്യങ്ങള്‍ ഏറ്റുപറഞ്ഞ് കമ്പനി പിന്‍വാങ്ങിയോ? അതെല്ലാമായിരുന്നു തൂത്തുക്കുടിയിലേക്ക് നടത്തിയ അന്വേഷണയാത്രയിലൂടെ അറിയാന്‍ ആഗ്രഹിച്ച വസ്തുതകള്‍.

തൂത്തുക്കുടിയിലേക്ക്
സ്‌റ്റെര്‍ലൈറ്റ് വിരുദ്ധ സമരനേതാവായ കൃഷ്ണമൂര്‍ത്തി കിട്ടുവുമായുള്ള പരിചയത്തിലൂടെയാണ് തൂത്തുക്കുടിയിലേക്കുള്ള വഴി തുറക്കപ്പെടുന്നത്. തൂത്തുക്കിടിയില്‍ എത്തും മുമ്പ് ആ നഗരത്തെക്കുറിച്ച് കേട്ടറിവുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തമിഴ്‌നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു തുറമുഖ നഗരവും വ്യവസായ നഗരവുമാണ് തൂത്തുക്കുടി. നഗരം എന്ന് പറയാമെങ്കിലും വിവിധ കൂലിത്തൊഴിലുകളില്‍ ഏര്‍പ്പെടുന്ന നിര്‍ധനരായ ഗ്രാമീണരുടെ ഒരു സഞ്ചയമാണ് നഗരത്തിന് ചുറ്റുമുള്ളത്. തമിഴ്‌നാടിന്റെ പല സ്ഥലങ്ങള്‍ക്കുമുള്ളതുപോലെ നഗരമെന്നോ ഗ്രാമമെന്നോ വേര്‍തിരിക്കാനാവാത്ത ഒരു സവിശേഷഭാവം തൂത്തുക്കുടിക്കുമുണ്ടായിരുന്നു. ഉപ്പുത്പാദനത്തിനു പേര് കേട്ട നഗരമായതു കൊണ്ട് തന്നെ ഇവിടുത്തെ പ്രധാന വരുമാന മാര്‍ഗം ഉപ്പളങ്ങളാണ്. കൃഷിയും മത്സ്യബന്ധനവുമാണ് മറ്റ് പ്രധാനപ്പെട്ട ഉപജീവനമാര്‍ഗ്ഗങ്ങള്‍.

തൂത്തുക്കുടി

1995 ലാണ് വേദാന്ത ലിമിറ്റഡ് എന്ന ലോഹ കമ്പനിയുടെ ഒരു യൂണിറ്റ് സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ് (ഇന്ത്യ) ലിമിറ്റഡ് എന്ന പേരില്‍ തൂത്തുക്കുടിയില്‍ സ്ഥാപിക്കുന്നത്. പ്രതിദിനം 1200 ടണ്‍ ചെമ്പ് കഥോഡുകള്‍ എന്ന നിരക്കില്‍ പ്രതിവര്‍ഷം 4,38,000 ടണ്‍ ഉത്പാദിപ്പിക്കുന്ന കമ്പനിയാണിത്. മധ്യപ്രദേശിലും മഹാരാഷ്ട്രയിലും സ്ഥാപിക്കാനിരുന്ന കമ്പനി ജനങ്ങളുടെ കടുത്ത പ്രതിരോധത്തെ ഭയന്ന് തമിഴ്‌നാട്ടില്‍ സ്ഥാപിക്കുകയായിരുന്നു. പരിസ്ഥിതി ആഘാത വിലയിരുത്തല്‍ റിപ്പോര്‍ട്ടിനായി പോലും കാത്തുനില്‍ക്കാതെ പ്രവര്‍ത്തനമാരംഭിച്ച കമ്പനി വളരെ കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രദേശത്താകെ മലിനീകരണവും ആരോഗ്യ പ്രശനങ്ങളും സൃഷ്ടിച്ചു തുടങ്ങിയതോടെ തൂത്തുകുടിയിലെ ജനങ്ങള്‍ കമ്പനിക്കെതിരെ രംഗത്തിറങ്ങുകയായിരുന്നു.

തുടര്‍ന്ന് വിവിധ ഏജന്‍സികള്‍ നടത്തിയ പഠനത്തില്‍ കാഡ്മിയം ഫ്ളൂറൈഡ് പോലുള്ള അപകടകരമായ രാസവസ്തുക്കളുടെ സാന്നിധ്യം തൂത്തുകുടിയിലെ ജലാശയങ്ങളിലും വായുവിലും വലിയ തോതില്‍ കണ്ടെത്തി.. കുമരട്യാപുരം, തെക്കുവീരപാണ്ടിയപുരം, മീനമിട്ടാല്‍, സങ്കരപേരി, മടത്തൂര്‍, മുരുകേഷനഗര്‍, മൂന്നാം മൈല്‍, പണ്ടാരംപ്പെട്ടി, സില്‍വര്‍പുരം, സുബ്രമണ്യപുരം, പാളയാര്‍പുരം, തേവര്‍ കോളനി,നേതാജി നഗര്‍, പുതു തെരു, ഫാത്തിമ നഗര്‍, ക്രൂസ് പുരം, സംതിരായപുരം, മാധവ് കോയില്‍, പി ആന്‍ഡ് ടി കോളനി തുടങ്ങിയവയാണ് സ്റ്റെര്‍ലൈറ്റ് കമ്പനിയുടെ മലിനീകരണം രൂക്ഷമായി ബാധിക്കുന്ന ഗ്രാമങ്ങള്‍.

1997 ല്‍ വാതക ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളും വയോധികരുമുള്‍പ്പെടെ ഇരുന്നൂറോളം പേരാണ് ബോധരഹിതരായത്. തുടര്‍ച്ചയായുണ്ടാകുന്ന വാതക ചോര്‍ച്ച കമ്പനിയുടെ സുരക്ഷാ സംവിധാനത്തെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ഭീതിയുണര്‍ത്തിയതോടെ സമരം ശക്തമായി. തങ്ങളുടെ നിലനില്‍പ്പ് തന്നെ പ്രശ്‌നത്തിലാകാന്‍ പോകുന്നു എന്ന തിരിച്ചറിവില്‍ ജനം തെരുവിലിറങ്ങിയിട്ടും കമ്പനി ഒരു പ്രതികരണവും നടത്താതെ പ്രവര്‍ത്തിച്ചുകൊണ്ടേയിരുന്നു. വൈകാതെ തൂത്തുക്കുടിയില്‍ ക്യാന്‍സര്‍ ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു.

സ്റ്റെര്‍ലൈറ്റ് കമ്പനി

ശ്വാസകോശ സംബന്ധമായ രോഗങ്ങളും ത്വക്ക് രോഗങ്ങളും അധികരിക്കുന്നതോടൊപ്പം അംഗവൈകല്യങ്ങളുള്ള കുട്ടികള്‍ ജനിക്കുന്നതും പതിവായി. കൃഷിയെ മാത്രം ആശ്രയിച്ചു ജീവിച്ചിരുന്ന തദ്ദേശീയര്‍ക്ക് വിഷാംശമടങ്ങിയ ആ മണ്ണില്‍ കൃഷി ചെയ്യാന്‍ കഴിയാതെയായി. ഫാക്ടറിയുടെ പ്രവര്‍ത്തനം മൂലം തങ്ങളുടെ വെള്ളവും മണ്ണും വായുവും മലിനീകരിക്കപ്പെടുന്നു എന്ന് ചൂണ്ടിക്കാട്ടി തദ്ദേശീയരുടെ സമരങ്ങള്‍ സജീവമായതോടെയാണ് പല മാധ്യമങ്ങളും സ്റ്റെര്‍ലൈറ്റിന്റെ മലിനീകരണത്തെ സംബന്ധിച്ച ശരിയായ വിവരങ്ങള്‍ പുറത്തുവിടാന്‍ തുടങ്ങിയത്. ഏതൊരു പരിസ്ഥിതി പ്രശ്‌നവും സ്ത്രീകളെ നേരിട്ടുബാധിക്കുമെന്നതിനാല്‍ സമരമുഖത്തെ സജീവ സാന്നിധ്യം സ്ത്രീകളുടേതായിരുന്നു.

അമിതമായ വില നല്‍കി കുടിവെള്ളം പുറത്തു നിന്ന് വാങ്ങേണ്ട ഗതിവന്നതോടെ തൂത്തുകുടിയിലെ സ്ത്രീകളെല്ലാം രാപ്പകലില്ലാതെ സമരത്തിനിറങ്ങി. വിദ്യാര്‍ത്ഥികള്‍ പഠിപ്പു മുടക്കിയും വ്യാപാരികള്‍ കടകള്‍ അടച്ചും യുവജനങ്ങള്‍ തൊഴിലുമുടക്കിയും സമരത്തില്‍ സജീവമാകാന്‍ തുടങ്ങി. മത്സ്യത്തൊഴിലാളികള്‍ കടലിലിറങ്ങാതെ ദിവസങ്ങളോളം സമരം ചെയ്തു. കമ്പനിയിലേക്കാവശ്യമായ അസംസ്‌കൃത വസ്തുക്കളുമായെത്തിയ ചരക്കു കപ്പല്‍ കടലില്‍ വച്ചുതന്നെ തടഞ്ഞുകൊണ്ടായിരുന്നു മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ ആദ്യം സമരം ആരംഭിച്ചത്.

പാരിസ്ഥിതികമായി ദുര്‍ബലമായ മന്നാര്‍ ഉള്‍ക്കടലിലേക്ക് മാലിന്യങ്ങള്‍ പുറന്തള്ളുന്നതുവഴി മത്സ്യങ്ങള്‍ പതിവായി ചത്തൊടുങ്ങാന്‍ തുടങ്ങിയതോടെയാണ് മത്സ്യത്തൊഴിലാളികള്‍ സമരത്തിലെ നിറസാന്നിധ്യമായത്. ഒരു ജനതയെ ഒന്നടക്കം ദുരിതത്തിലാഴ്ത്തിയ സ്റ്റെര്‍ലൈറ്റ് കമ്പനി അടച്ചുപൂട്ടുക എന്ന മുദ്രാവാക്യമുയര്‍ത്തി വര്‍ഷങ്ങളായി ഈ സമരം തുടര്‍ന്ന് വരികയായിരുന്നു. വെടിവയ്പ്പിന് തൊട്ടുമുമ്പ് നടന്ന ആ വലിയ മാര്‍ച്ചും ഈ സമരങ്ങളുടെ ഒരു തുടര്‍ച്ചയായിരുന്നു.

പഠന റിപോര്‍ട്ടുകള്‍
സ്റ്റെര്‍ലൈറ്റ് സൃഷ്ടിക്കുന്ന മലിനീകരണം പ്രദേശത്തെ കൃഷിയെയും കന്നുകാലികളെയും മണ്ണിനെയും വായുവിനെയും ജനങ്ങളുടെ ആരോഗ്യത്തെ തന്നെയും എങ്ങനെയെല്ലാം ബാധിക്കുന്നു എന്നത് സംബന്ധിക്കുന്ന നിരവധി പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. കമ്പനി പ്രവര്‍ത്തനം തുടങ്ങിയ ശേഷം മണ്ണിന്റെ ലവണാംശം കാലക്രമേണ കൂടിവരുന്നതാണ് വലിയ രീതിയില്‍ പ്രശ്‌നം സൃഷ്ടിച്ച ഒരു സംഗതി. ലിറ്ററിന് 2000 മില്ലി ഗ്രാമിന് മുകളിലുള്ള ഉപ്പുവെള്ളത്തിന്റെ അളവ് വെള്ളത്തിലുണ്ടാകുന്നത് കാര്‍ഷിക വിളകളെ നശിപ്പിച്ചുകളയുമെന്ന് വിവിധ ഭക്ഷ്യ-കാര്‍ഷിക സംഘടനകള്‍ നടത്തിയ പഠനങ്ങള്‍ പറയുന്നുണ്ട്.

കമ്പനിയുടെ മാലിന്യങ്ങള്‍ തള്ളുന്ന കുമാരട്യാപുരം എന്ന ഗ്രാമത്തിലെ കിണറുകളില്‍ ലിറ്ററിന് 7854 മി.ഗ്രാം ലവണാംശം ഉള്ളതിനാല്‍ ഈ പ്രദേശത്തെ ജലം ‘ഉപയോഗത്തിന് തീര്‍ത്തും അനുയോജ്യമല്ല’ എന്ന് കണ്ടെത്തുകയുണ്ടായി. സ്റ്റെര്‍ലൈറ്റില്‍ നിന്നും പുറന്തള്ളുന്ന ജിപ്‌സം വെള്ളത്തിലലിഞ്ഞു ചേരുന്നത് മൂലം സമീപ പ്രദേശങ്ങളിലെ കിണറുകളിലെല്ലാം കാല്‍സ്യത്തിന്റെ അളവും കൂടിതലായി കാണപ്പെട്ടു. തെര്‍കുവീരപാണ്ഡ്യപുരം ഗ്രാമത്തിലെ വീട്ടുമുറ്റത്ത് നിന്ന് ശേഖരിച്ച മണ്ണിന്റെ സാമ്പിളില്‍ ഗണ്യമായ അളവില്‍ സള്‍ഫേറ്റ് അടങ്ങിയിട്ടുണ്ടെന്നും ഇത് ഉദര രോഗങ്ങള്‍ക്ക് കാരണമാകുമെന്നും ചില പഠനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്റ്റെര്‍ലൈറ്റ് കമ്പനി

സമീപ ഗ്രാമങ്ങളിലെ മണ്ണിലടങ്ങിയ ഇരുമ്പിന്റെ അംശം 3,35,602 mg / kg ആണ്. ഇത് കുട്ടികളില്‍ ഗുരുതരമായ വിഷബാധയ്ക്ക് കാരണമാകും. കുട്ടികളില്‍ മാത്രമല്ല മുതിര്‍ന്നവരില്‍ പോലും വയറു വേദന, ഛര്‍ദ്ദി, വയറിളക്കം, ഹൃദ്രോഗം, കരള്‍-നാഡീവ്യൂഹ പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലുമാണ്. ഏറ്റവും മാരകമായ മാലിന്യമായി വര്‍ഗീകരിക്കപ്പെട്ടിട്ടുള്ള ആഴ്‌സനിക്കിന്റെ അളവ് തന്നെ 532 mg / kg ആണെന്നും ഇത് ശ്വാസ കോശ അര്‍ബുദത്തിന് കാരണമാവുന്നു എന്നും ഇതേ പഠനത്തില്‍ തന്നെ പറയുന്നുണ്ട്.

കൂടാതെ ചര്‍മ്മത്തിന് അലര്‍ജിയുണ്ടാക്കുന്ന ബ്രോങ്കൈറ്റിസിന്റെ അളവും കൂടുതലായി കാണപ്പെട്ടു. മാത്രവുമല്ല ഈ പ്രദേശങ്ങളിലെ വെള്ളം കുടിക്കുന്നത് വഴി നിരവധി കന്നുകാലികള്‍ ചത്തൊടുങ്ങുകയും ചെയ്തു. ഫാക്ടറിയുടെ മാലിന്യ സംസ്‌കരണ സംവിധാനത്തിന്റെ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടികാണിച്ചു 1998 മുതല്‍ 2011 വരെയുള്ള കാലയളവില്‍ നാഷണല്‍ എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്  നടത്തിയ പഠനം വളരെ ശ്രദ്ധേയമായ ഒന്നാണ്. ടിഡിഎസും സള്‍ഫേറ്റും ഫ്‌ലൂറൈഡും സിങ്കുമെല്ലാം അപകടകരമായ രീതിയില്‍ കൈകാര്യം ചെയ്യുന്നതായി ഈ പഠനം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കമ്പനിയുടെ മലിനീകരണത്തെ സംബന്ധിച്ച് നിരവധി പഠനങ്ങള്‍ പുറത്തുവന്നെങ്കിലും എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് പരമാവധി ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സ്റ്റെര്‍ലൈറ്റ് പ്രവര്‍ത്തനം തുടരുകയായിരുന്നു.

ഈ രീതിയിലുള്ള മലിനീകരണ പ്രശ്‌നങ്ങള്‍ കൂടാതെ കമ്പനിയില്‍ നിന്നും പതിവായുണ്ടാകുന്ന വാതകച്ചോര്‍ച്ചയും തദ്ദേശീയര്‍ക്ക് വലിയ തലവേദനയായി മാറി. പല സമയങ്ങളിലായുണ്ടായ വാതക ചോര്‍ച്ച നൂറു കണക്കിന് പേരെയാണ് ബോധരഹിതരാക്കിയിട്ടുള്ളത്. ഇങ്ങനെ പലവിധ രോഗങ്ങളാലും പാരിസ്ഥിതിക പ്രശ്‌നങ്ങളാലും തൂത്തുകുടിയിലെ ജനത ഏറെ ദുരിതമനുഭവിക്കുന്നതിനാല്‍ത്തന്നെ സമരങ്ങള്‍ എല്ലാക്കാലത്തും കമ്പനിക്കെതിരെ അവിടെ ഉയര്‍ന്നുവന്നിരുന്നു.

2018 ല്‍ സമരം സജീവമാകുന്നു
സമരത്തെ തുടര്‍ന്ന് പലപ്പോഴും തമിഴ്‌നാട് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ഫാക്ടറി അടച്ചുപൂട്ടേണ്ടി വന്നിട്ടുണ്ടെങ്കിലും പല അനുമതികളും കൈവശപ്പെടുത്തി കമ്പനി വീണ്ടും തുറന്നു പ്രവര്‍ത്തിച്ചുകൊണ്ടേയിരുന്നു. ‘സ്റ്റെര്‍ലൈറ്റിന്റെ മരണ വാതില്‍ അടക്കും വരെ ഞങ്ങള്‍ വീട്ടുവാതില്‍ തുറക്കില്ല ‘ എന്ന മുദ്രാവാക്യവുമായി ജനങ്ങള്‍ സമര രംഗത്തു സജീവമായത് 2018 ലായിരുന്നു. കമ്പനി തങ്ങളുടെ ഉത്പാദനം ഇരട്ടിയാക്കുന്നതിനായി പുതിയൊരു പ്ലാന്റ് കൂടി തൂത്തുക്കുടിയില്‍ നിര്‍മ്മിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്തയാണ് അതിന് പ്രധാന കാരണം. പ്രതിവര്‍ഷം 43 ,8000 ടണ്‍ കൂടി ഉത്പാദനം വര്‍ധിപ്പിച്ചു ജനസാന്ദ്രത വളരെയധികമുള്ള നഗരപ്രദേശത്തു സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ഉരുക്കു വ്യവസായശാലയായി സ്റ്റെര്‍ലൈറ്റിനെ മാറ്റുക എന്നതായിരുന്നു വേദാന്തയുടെ ലക്ഷ്യം. ഇതിനായി 2018 ജനുവരിയില്‍ കമ്പനി ഭൂമിയേറ്റെടുക്കല്‍ ആരംഭിച്ചപ്പോള്‍ തന്നെ തൂത്തുകുടിയിലെ കുമറട്ട്യാപുരം എന്ന ചെറിയ ഗ്രാമത്തില്‍ പ്രതിഷേധം ആരംഭിച്ചിരുന്നു.

സ്‌റ്റെര്‍ലൈറ്റ് വിരുദ്ധ സമരം

അന്നത്തെ ജില്ലാ കളക്ടര്‍ എന്‍.വെങ്കിടേഷുമായുള്ള ചര്‍ച്ചയില്‍ യാതൊരു ഫലവും ഉണ്ടാകാത്തതിന്റെ തുടര്‍ന്ന് കമ്പനി അടച്ചുപൂട്ടും വരെ സമരം തുടരും എന്ന തീരുമാനത്തില്‍ ഫെബ്രുവരി 13 മുതല്‍ മാര്‍ച്ച് 23 വരെ ഒരു വേപ്പു മരത്തിനടിയില്‍ സൂചനാസമരം നടത്തി. 2018 മാര്‍ച്ച് 24 ന് പ്രതിഷേധം അതിന്റെ 41-ാം ദിവസത്തിലേക്ക് പ്രവേശിച്ചു, നാലായിരത്തിലധികം നിവാസികള്‍ പങ്കെടുത്ത വലിയ പ്രതിഷേധ പരിപാടികള്‍ വി.വി.ഡി ജംഗ്ഷനില്‍ സംഘടിപ്പിച്ചു കൊണ്ട് സമരം ഊര്‍ജ്ജസ്വലമായി. മര്‍ച്ചന്റ്സ് അസോസിയേഷനിലെ എല്ലാ അംഗങ്ങളും അവരുടെ കടകള്‍ അടച്ചിട്ടു സമരത്തിനിറങ്ങി. മത്സ്യത്തൊഴിലാളികളും, ചെറുകിട വ്യാപാരികളും, വിദ്യാര്‍ത്ഥികളും, സ്ത്രീകളും, കുട്ടികളും യുവജനങ്ങളും എല്ലാം സമരത്തില്‍ അണിനിരന്നു. തീര്‍ത്തും അഹിംസാത്മകമായ രീതിയിലാണ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടത്.

ഏറെ ദിവസങ്ങള്‍ പിന്നിട്ടിട്ടും, ‘സ്റ്റെര്‍ലൈറ്റ് അടച്ചുപൂട്ടുക, തൂത്തുക്കുടിയെ സംരക്ഷിക്കുക’ എന്ന പൊതു മുദ്രാവാക്യത്തിന്റെ കീഴില്‍ അണിനിരന്ന സമരത്തെ രാഷ്ട്രീയ പാര്‍ട്ടികളോ സര്‍ക്കാരോ ശ്രദ്ധിക്കാത്തതില്‍ പ്രതിഷേധിച്ച് ആയിരങ്ങള്‍ പങ്കെടുക്കുന്ന ഒരു ജനകീയ റാലി സംഘടിപ്പിക്കാന്‍ അവര്‍ തീരുമാനിച്ചു. ഈ തീരുമാനപ്രകാരമാണ് രണ്ടാംഘട്ട സമരം 100 ദിവസം തികയുന്ന മെയ് 22 ന് കലക്ടറേറ്റ് മാര്‍ച്ച് സംഘടിപ്പിക്കപ്പെട്ടത്.

എന്താണ് മെയ് 22 ന് നടന്നത്?
കമ്പനിക്കെതിരെ അക്രമം അഴിച്ചുവിടാന്‍ പോകുന്നു എന്നാരോപിച്ചു സ്റ്റെര്‍ലൈറ്റ് കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് 144 പ്രഖ്യാപിക്കപ്പെടുകയും പൊതുയോഗം വേണ്ടെന്നു വെച്ചു കളക്ടറെ നേരില്‍ കണ്ടു കാര്യങ്ങള്‍ ബോധിപ്പിക്കാമെന്ന് സമരക്കാര്‍ തീരുമാനിക്കുകയും ചെയ്തു. വിവിധ ഗ്രാമങ്ങളില്‍ നിന്ന് നാട്ടുകാര്‍ക്ക് എത്തിച്ചേരാനായി ബുക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ പോലീസ് ഇടപ്പെട്ടു നിര്‍ത്തലാക്കിയതും നഗരത്തിലെ ബൈപാസ് വഴി പോകരുതെന്ന് നിര്‍ദേശം നല്‍കിയതും വലിയ എതിര്‍പ്പിന് കാരണമായി. ഇതില്‍ പ്രതിഷേധിച്ചു 50,000 ത്തിലധികം ആളുകള്‍ മടക്കോയില്‍ പള്ളിയില്‍ ഒത്തുചേരുകയും വി.വി.ഡി ജംഗ്ഷന്‍ വഴി കാല്‍നടയായി കലക്ടറേറ്റ് ലക്ഷ്യമാക്കി നടക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

ആയിരങ്ങളാല്‍ ഏറ്റുവിളിക്കപ്പെട്ട മുദ്രാവാക്യങ്ങളാലും സമരഗാനങ്ങളുടെ ആവേശത്താലുള്ള ആലാപനത്താലും തെരുവകള്‍ ശബ്ദമുഖരിതമായി. സ്റ്റെറിലൈറ്റിന്റെ താല്പര്യങ്ങള്‍ക്കനുസരിച്ചു സമരത്തിന് അനുമതി നിഷേധിക്കുന്ന ഈ സര്‍ക്കാരിനോട് ഇനി അനുമതി തേടേണ്ടതില്ല എന്ന് അവര്‍ തീരുമാനിക്കുകയായിരുന്നു. ഈ നാട്ടില്‍ തുടര്‍ന്ന് ജീവിക്കുന്നതിനുവേണ്ടിയുള്ള അവസാന സമരമായി കരുതിയതുകൊണ്ടുതന്നെ ഓരോരുത്തരും അവരവരുടെ കുടുംബവുമായാണ് ജാഥയില്‍ പങ്കെടുക്കാനെത്തിയത്. വെള്ളക്കുപ്പികളും ബിസ്‌കറ്റ് പാക്കറ്റുകളും കൈയില്‍ കരുതിയിരുന്ന സ്ത്രീകളായിരുന്നു ജാഥയുടെ മുന്‍ നിരയില്‍ ഉണ്ടായിരുന്നത്. സമരം ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കും വരെ തിരിച്ചു പോകില്ലെന്ന നിശ്ചയദാര്‍ഢ്യവുമായി അവര്‍ ചുവടുകള്‍ മുന്നോട്ടുവച്ചു.

സ്‌റ്റെര്‍ലൈറ്റ് വിരുദ്ധ സമരം

സമരപ്രവര്‍ത്തകരെ പിന്തിരിപ്പിക്കുന്നതിനായി പോലീസ് പല വഴികളും നോക്കി. ജനങ്ങള്‍ കളക്ട്രേറ്റിന് മുന്‍വശത്തെത്തിയതും ആള്‍ക്കൂട്ടത്തിലേക്ക് കല്ലുകളെറിഞ്ഞും പശുക്കളെ അഴിച്ചുവിട്ടും ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ പൊട്ടിച്ചും ലാത്തി വീശിയും തെറിപറഞ്ഞും എല്ലാം പോലീസ് ജനങ്ങളെ പ്രകോപിതരാക്കുന്നുണ്ടായിരുന്നു. ചില പോലീസുകാരാവട്ടെ സ്ത്രീകളുടെ മുലക്കു പിടിച്ചുവരെ പ്രശ്‌നം സൃഷ്ടിക്കാന്‍ ശ്രമിച്ചു. സമരക്കാര്‍ കളക്ട്രേറ്റില്‍ എത്തുമ്പോള്‍ തന്നെ ഏതോ വാഹനം കത്തി പുക ഉയരുന്ന കാഴ്ചയാണ് പലരും കണ്ടത്.

ഷെല്ലുകള്‍ പൊട്ടി പരന്നൊഴുകിയ കണ്ണീര്‍ വാതകത്താല്‍ പലരും മയങ്ങി വീണെങ്കിലും എരിഞ്ഞു നീറുന്ന കണ്ണുമായി അവര്‍ മുന്നോട്ടു തന്നെ നടന്നു. ഇതിനിടയിലാണ് സമരപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള കല്ലേറ് ശക്തമായത്. 18 കിലോമീറ്റര്‍ ദൂരമാണ് കളക്ട്രേറ്റില്‍ എത്താന്‍ വേണ്ടി അവര്‍ ആകെ നടന്നത്. ഇതിനിടയില്‍ തന്നെ ബാങ്ക്, സ്‌കൂളുകള്‍, പോലീസ് സ്റ്റേഷന്‍, ആശുപത്രികള്‍, കോടതി, തുടങ്ങിയ നിരവധി പൊതു സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നിട്ടും ഇതൊന്നും നശിപ്പിക്കാതെ മുന്നോട്ടുവന്ന ജാഥയ്ക്ക് നേരെ കളക്ട്രേറ്റിന് മുന്നില്‍ വച്ച് ആദ്യത്തെ കല്ല് ആരെറിഞ്ഞു എന്നത് ഇപ്പോഴും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

അക്രമമുണ്ടാക്കാനായി നേരത്തെ തന്നെ ആരൊക്കെയോ തയ്യാറെടുപ്പു നടത്തിയിരുന്നു എന്നാണ് സമരപ്രവര്‍ത്തകര്‍ ഇന്നും ഉറച്ചുവിശ്വസിക്കുന്നത്. ‘അകത്തേക്ക് വാ…’ എന്ന് വിളിച്ചു പോലീസ് ജനങ്ങളെ കളക്ട്രേറ്റിന് ഉള്ളിലേക്ക് ക്ഷണിക്കുകയായിരുന്നു. ആസൂത്രണം ചെയ്തത് പോലുള്ള വെടിവെയ്പ്പ് നടത്താന്‍ ജനങ്ങള്‍ കളക്ട്രേറ്റ് വളപ്പില്‍ തന്നെ എത്തേണ്ടതുണ്ടായിരുന്നു.

വെടിയുതിര്‍ന്നപ്പോഴാണ് ജനങ്ങള്‍ക്ക് കാര്യം ബോധ്യപ്പെട്ടത്. കല്ലേറും ടിയര്‍ ഗ്യാസും വര്‍ഷിച്ചിട്ടുപോലും ഭയന്നോടാതിരുന്ന ജനങ്ങള്‍ക്ക് നേരെ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് പോലീസ് വെടിയുതിര്‍ത്തത്. 13 പേര്‍ തല്‍ക്ഷണം വെടിയേറ്റുവീഴുന്ന കാഴ്ച കണ്ട് ആള്‍ക്കൂട്ടം നിലവിളിച്ചോടി. പലരും ബോധം കെട്ടുവീണു. പോലീസ് ലാത്തി ചാര്‍ജിലും വെടിയേറ്റും നൂറോളം പേരാണ് ആശുപത്രിയിലായത്. ആക്രമണത്തില്‍ കൈകാലുകള്‍ നഷ്ട്ടപ്പെട്ടവരും ശരീര ഭാഗങ്ങള്‍ ചതരഞ്ഞുപോയവരും നിരവധിയാണ്. ആ പരിക്കുകളില്‍ നിന്നും ഇനിയും മുക്തരാകാതെ മരണത്തെ മുഖാമുഖം കണ്ട് കഴിയുന്ന നിരവധിപേര്‍ തൂത്തുക്കുടിയിലുണ്ട്.

പോലീസിന്റെ കയ്യിലുണ്ടായിരുന്ന ഒരുതരം ഇരുമ്പുദണ്ട് കൊണ്ടടിക്കുമ്പോള്‍ അടികൊണ്ട ഭാഗത്തു ആഴത്തിലുള്ള മുറിവുകളുണ്ടായവര്‍ നിരവധിയാണ്. മരണപ്പെടാത്ത നിരവധി പേര്‍ക്ക് അരയ്ക്കു താഴെയാണ് വെടിയേറ്റത് എന്നത് പോലീസിന്റെ ആസൂത്രണത്തെയാണ് സൂചിപ്പിക്കുന്നത്. കുറച്ചുപേരെ അവര്‍ കൊല്ലാന്‍ തീരുമാനിച്ചിരുന്നു, കുറച്ചുപേരെ മരണാസന്നരാക്കാനും. കമ്പനി സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മരണ ഭയത്താല്‍ സര്‍ക്കാരിനോട് സഹായമഭ്യര്‍ത്ഥിച്ചെത്തിയവരെയാണ് പോലീസ് ഈവിധം കൊന്നൊടുക്കിയത് എന്നോര്‍ക്കണം.
എന്തിനായിരുന്നു പോലീസ് ഇങ്ങനെയൊരു കൂട്ടക്കൊല നടത്തിയത് എന്നത് ഇപ്പോഴും ഉത്തരം കിട്ടാത്തൊരു ചോദ്യമാണ്.

സമരത്തിന് നേരെ നടന്ന പൊലീസ് അതിക്രമം

ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കഴിയില്ലെന്നാണ് അന്ന് തമിഴ്‌നാട് മുഖ്യമന്ത്രി പ്രസ്താവിച്ചിരുന്നത്. തൂത്തുക്കുടിയില്‍ ജനവിരുദ്ധ അക്രമത്തെ കുറിച്ച് ഒരക്ഷരം മിണ്ടാന്‍ പ്രധാനമന്ത്രി പോലും അന്ന് തയ്യാറായിരുന്നില്ല. വേദാന്ത എന്ന കോര്‍പ്പറേറ്റ് ഭീമന്റെ സ്റ്റെര്‍ലൈറ്റ് കമ്പനിയെ സംരക്ഷിക്കാന്‍ വേണ്ടി എല്ലാ രാഷ്ട്രീയ നേതൃത്വങ്ങളും ഒരുമിച്ചു നിന്നു എന്നതാണ് ജനങ്ങള്‍ ഒടുവില്‍ തിരിച്ചറിഞ്ഞ സത്യം. രണ്ടു വര്‍ഷം പിന്നിട്ടിട്ടും ഈ സത്യം നിരന്തരം വേട്ടയാടുന്ന നിരാശയുടെ നിഴലുപടര്‍ന്ന മുഖങ്ങളെയാണ് തൂത്തുക്കുടിയില്‍ കാണാന്‍ കഴിഞ്ഞത്. കൊല്ലപ്പെട്ടവരുടെ ഉറ്റവര്‍ക്കും പരിക്കേറ്റവര്‍ക്കും കമ്പനിയുടെ മലിനീകരണത്താല്‍ തകര്‍ന്നുപോയവര്‍ക്കുമെല്ലാം പറയാനുണ്ടായിരുന്നത്
അതിദാരുണമായ അനീതികളുടെ കഥകളായിരുന്നു.

പാതിയില്‍ നിലച്ച സ്‌നോലിന്റെ വരികള്‍
തൂത്തുകുടിയിലെ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടിയായിരുന്നു സ്‌നോലിന്‍. ജീവിതത്തെ കുറിച്ച് ഏറെ സ്വപ്നങ്ങളുണ്ടായിരുന്ന സ്‌നോലിന്‍ തന്റെ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ സമയമായിരുന്നു അത്. നന്നായി കവിതകളെഴുതുമായിരുന്ന സ്‌നോലിന്റെ ഡയറികള്‍ എടുത്തു കാണിക്കുമ്പോള്‍ സ്‌നോലിന്റെ അമ്മ കരയുന്നുണ്ടായിരുന്നു. ഓരോ കവിതകള്‍ വായിച്ചു കേള്‍പ്പിക്കുമ്പോഴും അവര്‍ മകളുടെ വിയോഗത്തെയോര്‍ത്ത് വിതുമ്പിക്കൊണ്ടേയിരുന്നു.

പഠനം മുടക്കി പല തവണ സ്‌നോലിന്‍ സ്റ്റെര്‍ലൈറ്റിനു എതിരായ സമരത്തില്‍ പങ്കെടുത്തിരുന്നു. തന്റെ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളില്‍ പലരും കാന്‍സര്‍ ബാധിതയാണെന്നറിഞ്ഞതാണ് സ്‌നോലിനെ സമരത്തില്‍ സജീവമാകാന്‍ പ്രേരിപ്പിച്ച ഒരു പ്രധാന കാരണം. ജനങ്ങളെയെല്ലാം ഇത്രയേറെ ദുരിതത്തിലാഴ്ത്തിയിട്ടും ഒരു കമ്പനി എല്ലാ സ്വാധീനവും ഉപയോഗിച്ച് പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു എന്നത് അവളെ വല്ലാതെ അസ്വസ്ഥയാക്കിയിരുന്നതായി അമ്മ ഓര്‍മ്മിക്കുന്നു. പ്ലസ് ടു പഠനം പൂര്‍ത്തീകരിച്ച ശേഷം തനിക്കൊരു വക്കീലാവണമെന്നും വക്കീലായാല്‍ മാത്രമേ ഈ അനീതികളെ ചോദ്യം ചെയ്യാന്‍ കഴിയൂ എന്നും അവള്‍ ഉറച്ചു വിശ്വസിച്ചിരുന്നു.

സ്‌നോലിന്‍

മെയ് 22 നുള്ള സമരത്തില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കുന്നതിനായി എല്ലാ വീടുകളിലും കയറിയിറങ്ങി നോട്ടീസ് വിതരണം ചെയ്യുകയായിരുന്നു ഒരാഴ്ചയോളമായി സ്‌നോലിന്‍. അതിരാവിലെ എണീറ്റ് അമ്മയെയും ചേച്ചിയെയും വിളിച്ചുണര്‍ത്തി 6 മണിക്ക് തന്നെ അവള്‍ പുറപ്പെടുകയായിരുന്നു.

‘വല്ലാത്ത ആവേശമായിരുന്നു അവള്‍ക്ക്…അവളുടെ കൂടെ പഠിക്കുന്ന എല്ലാ കുട്ടികളോടും സംസാരിച്ച് അവരെയും അവള്‍ കൂട്ടികൊണ്ടുവന്നിരുന്നു. തലേദിവസം എന്റെയും അച്ഛന്റെയും അവളുടെയും ഫോണില്‍ അലാറം സെറ്റ് ചെയ്താണ് അവള്‍ ഉറങ്ങാന്‍ കിടന്നത്. സമരത്തെക്കുറിച്ചോര്‍ത്ത് കിടന്നിട്ട് ഉറക്കം വരാതെ വല്ലാതെ വൈകിയാണ് അവള്‍ അന്ന് ഉറങ്ങിയത്. കാലത്ത് അഞ്ച് മണിക്ക് തന്നെ എണീറ്റ് രാവിലെ കഴിക്കാനുള്ള ഉപ്പുമാവുണ്ടാക്കി അതും പാത്രത്തിലാക്കിവച്ച ശേഷമാണ് അവള്‍ ഞങ്ങളെ വിളിച്ചുണര്‍ത്തിയത്. സമര സ്ഥലത്തെത്തി ഭക്ഷണം കഴിക്കാന്‍ പറഞ്ഞിട്ടു അവള്‍ കഴിക്കാന്‍ കൂട്ടാക്കിയില്ല. ഇവിടെ വന്നിട്ടുള്ള എല്ലാവരും ഭക്ഷണം കഴിച്ചു കാണില്ല, അതുകൊണ്ട് നമുക്കും കഴിക്കണ്ട എന്ന് നിര്‍ബന്ധിച്ച് അവള്‍ ആ ഉപ്പുമാവ് പത്രം തുറക്കാന്‍ ഞങ്ങളെ അനുവദിച്ചില്ല. പ്രകടനം തുടങ്ങിയപ്പോള്‍ കൊടിപിടിച്ചു വളരെ ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചു പോകുന്ന അവളുടെ മുഖം എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. 18 കിലോമീറ്ററോളം നടന്നിട്ടും തളര്‍ന്നതേയില്ല അവള്‍. വെടിയേല്‍ക്കുന്നതു വരെ അവളാ മുദ്രാവാക്യങ്ങള്‍ വിളിച്ചു കൊണ്ടേയിരുന്നു. സമരത്തില്‍ അക്രമം തുടങ്ങിയപ്പോള്‍ തന്നെ അവളുടെ തൊട്ടടുടുത്തു നിന്ന സ്ത്രീകളെയെല്ലാം അവള്‍ പിടിച്ചു മാറ്റുന്നുണ്ടായിരുന്നു. താഴെ വീണ ഒരു സ്ത്രീയെ പിടിച്ചെഴുന്നേല്‍പ്പിക്കുന്നതിനിടയിലാണ് അവള്‍ക്ക് വെടിയേറ്റത്. മോള്‍ക്ക് വെടിയേറ്റുന്നു കേട്ടപ്പോ തന്നെ ഞാന്‍ ബോധം കേട്ട് വീണു. ഒരു ജനത ഒന്നാകെ അനുഭവിക്കുന്ന ഒരു ദുരിതത്തിന് ആശ്വാസം കണ്ടെത്താന്‍ ശ്രമിച്ചിട്ടാണല്ലോ എന്റെ മോളെയെനിക്ക് നഷ്ടമായത്. മരിക്കുകയാണെങ്കില്‍ സമരം ചെയ്തു മരിക്കണം അമ്മെ എന്ന് മോള്‍ ഇടക്കിടക്ക് പറയുമായിരുന്നു, അതിപ്പോള്‍ യാഥാര്‍ഥ്യമായി.’സ്‌നോലിന്റെ അമ്മയുടെ വാക്കുകളാണിത്.

വെടിയേറ്റ സ്‌നോലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു

സ്നോലിന്റെ കുടുംബത്തിനുണ്ടായ നഷ്ടം ഒരിക്കലും നികത്താന്‍ കഴിയാത്ത ഒന്നാണ്. ഈ കുടുംബത്തിന്റെ മാത്രമല്ല അന്നവിടെ മരിച്ചു വീണ 15 പേരുടെയും വീടുകളില്‍ നിന്നും ഇന്നും ആ വേദന പടിയിറങ്ങിപ്പോയിട്ടില്ല. സ്‌നോലിന്‍ , ജാന്‍സി എന്നീ സ്ത്രീകളുള്‍പ്പെടെ കാളിയപ്പന്‍, അന്തോണി സെല്‍വരാജ്, സണ്‍മുഖന്‍, ജയരാമന്‍, സെല്‍വശേഖര്‍, മണിരാജ്, ജസ്റ്റിന്‍, കന്തയ്യ, ഗ്ളാസ്റ്റണ്‍, തമിഴരശന്‍, ഭരത് രാജ്, രഞ്ജിത്ത്, കാര്‍ത്തിക് എന്നീ 15 പേരുടെ ജീവനാണ് അന്ന് തോക്കുകളാല്‍ അപഹരിക്കപ്പെട്ടത്.

രഞ്ജിത്ത്
പുഷ്പ്പനഗര്‍ കോളനിയിലെ 22 കാരനായ രഞ്ജിത്തിന്റെ വീട്ടിലേക്കാണ് പിന്നീട് പോയത്. രഞ്ജിത്ത് സ്നോലിന്റെ അത്രയും സമരത്തില്‍ സജീവമായിരുന്നില്ല. ‘അന്നേ ദിവസം ജോലിക്ക് പോകാന്‍ ഡ്രസ്സ് മാറ്റി നിക്കുമ്പോഴാണ് അവന് സമരത്തിന്റെ കാര്യം ഓര്‍മ്മ വന്നത്. അപ്പൊത്തന്നെ ഓഫീസില്‍ ലീവിന് വിളിച്ചു പറഞ്ഞു. യൂണിഫോം മാറ്റി വേറെ വേഷമിട്ടു. ജോലിക്കു പോകാന്‍ നിന്ന അവന്റെ അച്ഛനെയും നിര്‍ബന്ധിച്ചു അവന്‍ കൂടെ കൊണ്ടുപോയി. കലാപം തുടങ്ങിയെന്നു വാര്‍ത്ത കണ്ടപ്പോള്‍ തന്നെ രണ്ടു പേരെയും ഫോണില്‍ ഞാന്‍ മാറിമാറി വിളിച്ചു. ഫോണ്‍ കിട്ടാതായപ്പോഴാണ് ഞാനും മകള്‍ ഭാനുപ്രിയയും ചേര്‍ന്ന് തൂത്തുകുടിയിലെത്തുന്നത്. നെഞ്ചില്‍ വെടിയേറ്റ് മരിച്ചു കിടക്കുന്ന എന്റെ മകനെയാണ് ഞാന്‍ അവിടെ കണ്ടത്. ‘ രഞ്ജിത്തിന്റെ അമ്മ മുത്തുലക്ഷ്മി വിങ്ങിപ്പൊട്ടി. അവര്‍ക്ക് ഏറെ പ്രതീക്ഷകളുണ്ടായിരുന്ന ഒരു മകനായിരുന്നു രഞ്ജിത്ത്.

കൊല്ലപ്പെട്ട രഞ്ജിത്ത്

സണ്‍മുഖന്‍
‘കുടിവെള്ളം കിട്ടാതായതോടെയാണ് ഞങ്ങളും സമരത്തിനൊപ്പം ചേരുന്നത്. കുടിവെള്ളം വരുന്ന ദിവസ്സം വീട്ടിലെ ആരെങ്കിലുമൊരാള്‍ പണി മുടക്കി വീട്ടിലിരിക്കണമായിരുന്നു. മക്കളെ സ്‌കൂളില്‍ പറഞ്ഞയച്ചു ഞാനോ എന്റെ ഭര്‍ത്താവോ വീട്ടിലിരിക്കും. കടലിലും മീന്‍ കിട്ടാതായതോടെ ഇടക്കിടക്ക് പോകുന്ന കൂലി പണിയായിരുന്നു ഞങ്ങളുടെ ആശ്വാസം. പണിമുടക്കി വെള്ളം ശേഖരിക്കേണ്ടതിനാല്‍ അതും കുറഞ്ഞു വന്നു. സമരം ചെയ്ത് എങ്ങനെയെങ്കിലും കമ്പനിയെ കെട്ടുകെട്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങള്‍ 2018 ല്‍ സമരത്തില്‍ സജീവമായത്. അതിനുവേണ്ടി എന്റെ ഭര്‍ത്താവിന്റെ ജീവന്‍ തന്നെ കൊടുക്കേണ്ടി വരുമെന്ന് കരുതിയിരുന്നില്ല.’ സണ്‍മുഖത്തിന്റെ ഭാര്യ വാക്കുകള്‍ പൂര്‍ത്തായാക്കാനാവാതെ കരഞ്ഞു

ഗ്ളാസ്റ്റണ്‍
‘പോലീസ്‌കാര്‍ നമ്മളെ ചതിക്കുകയാണ്. അവര്‍ വെടി വെച്ച് തുടങ്ങി മോനെ. നീയെങ്കിലും ഓടി രക്ഷപ്പെടൂ എന്ന് പറഞ്ഞു അച്ഛനെന്നെ ഓടാന്‍ നിര്‍ബന്ധിച്ചു. അച്ഛനില്ലാതെ ഞാനും പോകില്ലെന്ന് പറഞ്ഞു അച്ഛന്റെ കൈ പിടിച്ചു ഓടാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍. അതിനിടയില്‍ പെട്ടെന്നാണ് അച്ഛന്‍ വെടിയേറ്റ് വീണത്.’ ഗ്ളാസ്റ്റന്റെ മകന്‍ ജെനീഷ് അച്ഛന്റെ വിയോഗത്തെ ഓര്‍ത്തെടുത്തു.

കൊല്ലപ്പെട്ട ഗ്ളാസ്റ്റണ്‍

മണിരാജ്

‘കളക്ട്രേറ്റിന് മുന്നിലെത്തുമ്പോള്‍ ഒരു വാഹനത്തിന് തീപിടിച്ച് പുകയുയരുന്നതാണ് ഞങ്ങള്‍ കണ്ടത്. പ്രകടനത്തില്‍ മധ്യ ഭാഗത്തായിട്ടാണ് ഞാന്‍ നിന്നിരുന്നത്. ടിയര്‍ ഗ്യാസ് ഉപയോഗിച്ച് തുടങ്ങിയപ്പോള്‍ തന്നെ ആളുകള്‍ ചിതറിയോടാന്‍ തുടങ്ങിയിരുന്നു. അങ്ങനെ ഓടുന്നതിനിടയിലാണ് കൂടെ ഓടിക്കൊണ്ടിരുന്ന മണിരാജ് പെട്ടെന്ന് താഴെ വീണത്. അയാളെ താങ്ങി എണീപ്പിക്കാന്‍ ശ്രമിച്ചപ്പോളാണ് വെടിയേറ്റ് വീണതാണെന്നു മനസ്സിലായത്. ഉടനെ തന്നെ അവിടെ നിര്‍ത്തിയിട്ടിരിക്കുന്ന ആംബുലന്‍സിനടുത്തേക്ക് മണിരാജിനെ എടുത്തുകൊണ്ടുവന്ന് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചു. പെട്ടെന്ന് കുറച്ചു പോലീസ്‌കാര്‍ വന്നു ഹോസ്പിറ്റലില്‍ കൊണ്ട് പോകാന്‍ ആംബുലന്‍സ് വിട്ടുതരില്ല എന്ന് പറഞ്ഞു. അപ്പോഴും മണിരാജ് ജീവനുവേണ്ടി അപേക്ഷിക്കുന്നുണ്ടായിരുന്നു. മണിരാജിന്റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് കുറെ ചെറുപ്പക്കാര്‍ ചേര്‍ന്ന് ആംബുലന്‍സിന്റെ ചില്ലെറിഞ്ഞു തകര്‍ക്കുന്നത്. ഇതിനിടയില്‍ തന്നെ മണിരാജ് മരിച്ചു കഴിഞ്ഞിരുന്നു. അന്ന് ചില്ലെറിഞ്ഞു തകര്‍ക്കുകയല്ലാതെ പിന്നെ ഞങ്ങള്‍ എന്ത് ചെയ്യണമായിരുന്നു…?’

വിറയ്ക്കുന്ന വാക്കുകളോടെയാണ് സമരത്തില്‍ നിറഞ്ഞുനിന്നിരുന്ന പാളയാര്‍ പുരം മഹേഷ് ആ അനുഭവം വിവരിച്ചത്.

സെറുമരാജ്
കാലില്‍ വെടിയേറ്റ മുത്തമ്മാള്‍ കോളനിയിലെ സെറുമരാജ് എന്ന ജീവിക്കുന്ന രക്തസാക്ഷിയെയാണ് പിന്നീട് കണ്ടത്. മതിയായ ചികിത്സ പോലും കിട്ടാതെ ഇപ്പോഴും അയാള്‍ ദുരിതമനുഭവിക്കുകയാണ്. താന്‍ മാത്രമല്ല, ചികിത്സാക്കുള്ള പണം തികയാതെ കഷ്ട്ടപ്പെടുന്ന ഏഴോളം ചെറുപ്പക്കാര്‍ ഇപ്പോഴും തൂത്തുകുടിയിലുള്ളതായി സെറുമരാജ് പറയുന്നു. വീരപുരത്തെ പൊന്‍രാജ്, കുമരട്യാപുരത്തെ മഹേഷ്, പുന്നക്കായലിലെ തെന്നവന്‍, പിആന്‍ഡ്ടി കോളനിയിലെ ഇളയവന്‍, തൂത്തുകുടിയിലെ കെബിസ്റ്റോണ്‍ എന്നിവര്‍ സമരത്തിലേക്ക് ചെറുപ്പക്കാരെ സംഘടിപ്പിച്ചവരില്‍ പ്രധാനികളായിരുന്നു. പരിക്കേറ്റ പലരെയും ഹോസ്പിറ്റലുകളില്‍ എത്തിക്കാന്‍ മുന്‍കൈയുടുത്തവരും ഇവരായിരുന്നു. ഇവരില്‍ പലര്‍ക്കുമെതിരെ നൂറിലധികം കേസുകളും ചുമത്തപ്പെട്ടിട്ടുണ്ട്.

ആറേഴ് ഗ്രാമങ്ങളിലായി ചിതറക്കിടക്കുന്ന പരിക്കേറ്റവരെ എല്ലാം കാണുക എന്നത് ഒരു വലിയ ദൗത്യമായിരുന്നു. നേരില്‍കണ്ട പലര്‍ക്കും പറയാനുള്ളത് ഒരേ കഥകളായിരുന്നു. ഒരു നഷ്ടപരിഹാരം കൊണ്ടും നികത്താനാകില്ല അവര്‍ പങ്കുവച്ച വേദനകളെ. കിട്ടു അണ്ണന്റെ സഹായത്തോടെ സ്റ്റെര്‍ലൈറ്റ് കമ്പനിയുടെ പരിസരപ്രദേശങ്ങള്‍ വളരെ ശ്രമപ്പെട്ട് സന്ദര്‍ശിക്കുകയുണ്ടായി. കുറച്ചകലത്തായി കമ്പനിയുടെ കെട്ടിടങ്ങള്‍ കാണാം. വര്‍ഷങ്ങളായി വിഷം തുപ്പുന്ന പുകക്കുഴലുകള്‍ നിശ്ചലരായി മേലേക്ക് നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. പ്രവര്‍ത്തനം നിലച്ചിരിക്കുകയാണെങ്കിലും മാരക വിഷപദാര്‍ത്ഥങ്ങള്‍ കൂട്ടിയിരിക്കുന്ന വെയ്റ്റ് ഡിസ്‌പോസല്‍ ഗ്രൗണ്ടിലേക്ക് കമ്പനിയില്‍ നിന്നും ചെറിയ ലോറികളില്‍ മാലിന്യങ്ങള്‍ കൊണ്ടുവന്ന് തട്ടുന്ന കാഴ്ചയും കാണാന്‍ കഴിഞ്ഞു. ഉത്പാദന പ്രക്രിയ നടക്കുന്നില്ലെങ്കിലും കമ്പനിയില്‍ മാലിന്യങ്ങള്‍ ഇപ്പോഴും കെട്ടിക്കിടക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന കാഴ്ച.

വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളടങ്ങിയ ഫ്ലക്സ്

സര്‍ക്കാരിന് തൂത്തുക്കുടിയിലെ ജനങ്ങളോട് ചെയ്യാന്‍ കഴിയുന്ന നീതി സ്റ്റെര്‍ലൈറ്റ് കമ്പനി അടച്ചുപൂട്ടുക എന്ന അവരുടെ ആവശ്യം അംഗീകരിക്കു എന്നതു മാത്രമാണ്. പക്ഷെ ആ വഴിക്ക് ഒരു നീക്കവും തൂത്തുക്കുടിയില്‍ കാണാനേയില്ല. രാജ്യത്തെ നടുക്കിയ കൂട്ടക്കൊലയായിരുന്നത് കൊണ്ട് സ്റ്റെര്‍ലൈറ്റ് കമ്പനി അന്ന് തന്നെ അടച്ചിടേണ്ടി വന്നു. എന്നാല്‍ ഇത്രയേറെ ജീവനുകള്‍ കവര്‍ന്നിട്ടും ആയിരക്കണക്കിനാളുകളെ നിത്യദുരിതത്തിലാഴ്ത്തിട്ടും കമ്പനി തുറന്നു പ്രവര്‍ത്തിക്കാനുള്ള ശ്രമം സ്റ്റെര്‍ലൈറ്റ് ഇപ്പോഴും തുടരുകയാണ്. കമ്പനിയുടെ താത്പര്യങ്ങള്‍ക്കനുകൂലമായാണ് ഭരണതലത്തില്‍ കടലാസുകള്‍ നീങ്ങുന്നത് എന്നാണ് കാണാന്‍ കഴിയുന്നത്. അതുകൊണ്ട് ഇനിയും സമരത്തിലേക്ക് മടങ്ങിയെത്തേണ്ടി വരും എന്ന് തൂത്തുക്കുടിക്കാര്‍ ഒരേ സ്വരത്തില്‍ പറയുന്നു.

കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ ലോക്ഡൗണില്‍ പല വ്യവസായശാലകളും രണ്ട് മാസത്തിലേറെയായി അടഞ്ഞു കിടക്കുകയായിരുന്നു. അക്കാരണത്താല്‍ മലിനീകരണത്തിന്റെ തോതും എല്ലായിടത്തും വളരെ കുറവായിരുന്നു. എന്നാല്‍ അത് ഒരു താത്കാലിക ആശ്വാസം മാത്രമായി അവസാനിച്ചു. മാസങ്ങളായി അടഞ്ഞു കിടക്കുന്ന പല വ്യവസായശാലകളും ലോക്ക്ഡൗണ്‍ തീരുന്നതോടെ തുറന്നു പ്രവര്‍ത്തിക്കാന്‍ പോകുകയാണ്. വിശാഖപട്ടണത്തും റായ്ഗഡിലും ഉണ്ടായതുപോലെയുള്ള അപകട സാധ്യതകള്‍ പല വ്യാവസായിക നഗരങ്ങളിലും മറഞ്ഞിരിക്കുന്നുണ്ട്. വ്യാവസായിക സുരക്ഷയുടെ കാര്യത്തിലുള്ള കുറ്റകരമായ വിട്ടുവീഴ്ചകള്‍ ഭോപ്പാല്‍ ദുരന്തകാലം മുതല്‍ ഇന്ത്യയില്‍ ഒരു തുടര്‍ക്കഥയാണല്ലോ.

വാതക ചോര്‍ച്ചകളുള്‍പ്പെടെയുള്ള പലവിധ സുരക്ഷാപ്രശ്‌നങ്ങളും കേരളത്തിലും സംഭവിക്കാനുള്ള സാധ്യതയുണ്ട്. ഏലൂര്‍ പോലുള്ള വലിയ വ്യാവസായിക പ്രദേശങ്ങള്‍ നിലവില്‍ത്തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് നടുവിലാണല്ലോ. കോവിഡ് മഹാമാരിയുടെ വിതച്ച ദുരന്തത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ഈ കാലത്തെങ്കിലും വ്യവസായങ്ങള്‍ സൃഷ്ടിക്കുന്ന മലിനീകരണത്തെക്കുറിച്ച് ഒരു പുനര്‍ചിന്ത നടത്താന്‍ നമ്മള്‍ തയ്യാറാകേണ്ടതില്ലേ. ശുദ്ധവായുവും ശുദ്ധജലവും ശുദ്ധമായ മണ്ണും ഉറപ്പുവരുത്തി സാമൂഹിക ആരോഗ്യം സംരക്ഷിച്ചാല്‍ മാത്രമേ കോവിഡ് അനന്തരലോകത്ത് വൈറസുകള്‍ക്കൊപ്പം നമുക്ക് ജീവിച്ചുപോകാന്‍ കഴിയൂ. ലോക്ഡൗണിനിടയിലൂടെ കടന്നുപോയ തൂത്തുക്കുടി രക്തസാക്ഷി ദിനം ആ ചിന്തകള്‍ കൂടിയാണ് നമുക്ക് മുന്നില്‍ തുറന്നുവയ്ക്കുന്നത്.

റഫറന്‍സ്:
1. ഉദയകുമാര്‍ എസ്.പി, ‘ഇതു ജനങ്ങളെ കൊന്നൊടുക്കി നിശബ്ദമാക്കുന്ന കാലം’, കേരളീയം മാസിക, ജൂണ്‍-ജൂലൈ 2018
2. കൃഷ്ണമൂര്‍ത്തി കിട്ടു, ‘ഈ മരണമുഖത്തു നിന്നും ഞങ്ങള്‍ സമരമുഖത്ത് തിരികെയെത്തും’, കേരളീയം മാസിക, ജൂണ്‍-ജൂലൈ 2018
3. A year after Thoothukudi burned, People’s Watch Report, 2019
4. CDRO Fact-finding Report on Tuticorin Massacre, January 5 2019

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

റംസീന ഉമൈബ

We use cookies to give you the best possible experience. Learn more