ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ പൊലീസ് മര്‍ദ്ദനത്തിരയായി അച്ഛനും മകനും കൊല്ലപ്പെട്ട കേസ് സി.ബി.ഐക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി. മരണത്തില്‍ മജിസ്‌ട്രേറ്റിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കേസ് സിബിഐക്ക് വിടുന്നത്.
കേസ് സി.ബി.ഐക്ക് വിടുന്ന കാര്യം ഹൈക്കോടതിയെ അറിയിക്കുമെന്നും കോടതിയുടെ അനുമതി തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അച്ഛന്റെയും മകന്റെയും മരണത്തില്‍ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് വന്നതിന്റെ ഭാഗമായാണ് കേസ് സി.ബി.ഐക്ക് കൈമാറാന്‍ തീരുമാനിച്ചത്.
തൂത്തുകുടി ജില്ലയിലെ സാത്താന്‍കുളത്തെ മരവ്യാപാരിയായ ജയരാജനെയും ,മകന്‍ ഫെനിക്സിനെയും ലോക്ഡൗണ്‍ ലംഘിച്ചു കട തുറന്നതിനു വെള്ളിയാഴ്ചയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രണ്ടു ദിവസം കസ്റ്റഡിയില്‍ വച്ചതിനുശേഷം തിങ്കളാഴ്ചയാണ് അറസ്റ്റ് രേഖപെടുത്തിയത്.
തുടര്‍ന്ന് ഇവരെ കോവില്‍പെട്ടി സബ് ജയിലിലേക്ക് അയക്കുകയായിരുന്നു. ഉച്ചയോടെ ഫെനിക്സിന് നെഞ്ചുവേദന ഉണ്ടാവുകയും തൊട്ടടുത്തുള്ള കോവില്‍പെട്ടി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയുമായിരുന്നു. പിന്നീട് ജയരാജന്റെ ആരോഗ്യ നിലയും വഷളാവുകയും മരിക്കുകയും ചെയ്തു.
ഇരുവരെയും റിമാന്‍ഡ് ചെയ്യുന്നതിന് മുമ്പ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് നേരിട്ടു കണ്ടിരുന്നില്ലെന്നും വീടിന് മുകളില്‍ നിന്ന് കൈവീശി കാണിക്കുകയായിരുന്നെന്നുമാണ് ആരോപണം ഉയരുന്നത്. ഇരുവരെയും വാനിലിരുത്തിയിരിക്കുകയായിരുന്നെന്നുമാണ് പുറത്തു വരുന്ന വിവരങ്ങള്‍. ഒരുപക്ഷെ ജഡ്ജി അവരെ കാണണമെന്ന് പറഞ്ഞിരുന്നെങ്കില്‍ ഇത്തരമൊരു സംഭവം നടക്കില്ലായിരുന്നുവെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
സംഭവത്തില്‍ കൊല്ലപ്പെട്ട ജയരാജനെയും മകനെയും പ്രവേശിപ്പിച്ച ആശുപത്രി അധികൃതരും പൊലീസിന് കൂട്ട് നിന്നെന്നും ആരോപണം ഉയരുന്നുണ്ട്. രക്ത സ്രാവം നിയന്ത്രിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കടുത്ത നിറമുള്ള ലുങ്കികള്‍ പൊലീസ് അവശ്യപ്പെട്ടിരുന്നു.
സംഭവത്തില്‍ തമിഴ്നാട് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം നാട്ടുകാര്‍ മണിക്കൂറുകളോളം തൂത്തുകുടി ബസ് സ്റ്റാന്‍ഡ് ഉപരോധിച്ചിരുന്നു.
സംഭവത്തില്‍ സത്താന്‍കുളം പൊലീസ് സ്റ്റേഷനിലെ എസ്.ഐയെ സസ്പെന്റ് ചെയ്തു. സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്.സംഭവത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷ നേതാക്കളും സിനിമപ്രവര്‍ത്തകരടക്കമുള്ള ആളുകളും രംഗത്ത് എത്തിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക