ചെന്നൈ: തൂത്തുക്കുടിയിലെ കസ്റ്റഡി മരണത്തില്‍ പൊലീസിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ തമിഴ്‌നാട് പൊലീസില്‍ അഴിച്ചു പണി. സംസ്ഥാനത്തുടനീളമുള്ള പൊലീസുദ്യോഗസ്ഥരെ സ്ഥലംമാറ്റുകയും നാലു നഗരങ്ങളില്‍ പുതിയ പൊലീസ് തലവന്മാരെ നിയമിക്കുകയും ചെയ്തു.
കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പൊലീസിനെതിരായ അന്വേഷണം തടയാന്‍ ശ്രമിച്ച രണ്ട് പൊലീസുദ്യോഗസ്ഥരെയും സ്ഥലം മാറ്റിയിട്ടുണ്ട്. അസിസ്റ്റന്റ് സൂപ്രണ്ട് ഡി കുമാര്‍, ഡെപ്യൂട്ടി സൂപ്രണ്ട് സി പ്രതാപന്‍ എന്നിവരെയാണ് സ്ഥലം മാറ്റിയത്. അതേസമയം ഇവര്‍ക്ക് ജോലിയില്‍ പ്രവേശിക്കുന്നതിന് ‘നിര്‍ബന്ധിത കാലതാമസ’മുണ്ടാകും. അന്വേഷണം നടത്തുന്നതില്‍ നിന്നും മജിസ്‌ട്രേറ്റിനെ തടയാന്‍ ശ്രമിച്ചതിനാലാണിത്.
കോടതിയലക്ഷ്യത്തിന് കേസെടുത്ത ഇവര്‍ക്ക് പുതിയ പോസ്റ്റിംഗ് ഉണ്ടാകുമെന്നും അറിയിച്ചു. സി പ്രതാപനെ ആന്റി- ലാന്റ് ഗ്രാബിംഗ് സ്‌പെഷ്യല്‍ സെല്ലിലേക്കും കുമാറിനെ പ്രൊഹിബിഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിംഗിലേക്കും നിയമിക്കും.
തൂത്തുക്കുടി പൊലീസ് തലവനെ കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. തൂത്തുക്കുടിയില്‍ അരുണ്‍ ബാലഗോപാലനെ മാറ്റി ജയകുമാറിനെ നിയമിച്ചു.
ചെന്നൈ പൊലീസ് കമ്മീഷണറായി മഹേഷ് കുമാര്‍ അഗര്‍വാളിനെ നിയമിച്ചു. മധുരയിലെ കമ്മീഷണറായി പ്രേം ആനന്ദ് സിന്‍ഹയെയും തിരുച്ചിറപ്പള്ളിയില്‍
ഡോ. ജെ ലോകനാഥനെയും തിരുപ്പുരില്‍ ജി കാര്‍ത്തികേയനെയും നിയമിച്ചു.
തൂത്തുക്കുടിയില്‍ ജയരാജന്റെയും മകന്‍ ഫെനിക്‌സിന്റെയും കസ്റ്റഡി മരണവുമായി ബന്ധപ്പെട്ടാണ് മാറ്റം. കസ്റ്റഡിയിലിരിക്കെ ഇവര്‍ ക്രൂര മര്‍ദ്ദനത്തിനിരയായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേതുടര്‍ന്ന് വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്.
ലോക്ക് ഡൗണ്‍ ലംഘനം ആരോപിച്ചാണ് അച്ഛനെയും മകനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. കടയുടെ മുന്നില്‍ വലിയ ആള്‍കൂട്ടമുണ്ടായിരുന്നത് കൊണ്ടാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നായിരുന്നു പൊലീസിന്റെ വാദം. എന്നാല്‍ സി.സി.ടിവി ദൃശ്യങ്ങളില്‍ പൊലീസ് പറയുന്നതരത്തിലൊന്നും കണ്ടെത്തിയിട്ടില്ല.
ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം കേസ് അന്വേഷിക്കാന്‍ വന്ന മജിസ്‌ട്രേറ്റിനെ അന്വേഷണം തടയുന്നതിനൊപ്പം വെല്ലുവിളിക്കുന്ന സാഹചര്യവുണ്ടായി.
പൊലീസുകാര്‍ കുറ്റം ചെയ്തതായി പ്രഥമ ദൃഷ്ട്യാതന്നെ തെളിഞ്ഞിട്ടുണ്ടെന്ന് മദ്രാസ് ഹൈക്കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
കുറ്റകൃത്യത്തിലേര്‍പ്പെട്ട പൊലീസുകാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി.എം.കെ രംഗത്തെത്തിയിരുന്നു.
തൂത്തുകുടി ജില്ലയിലെ സാത്താന്‍കുളത്തെ മരവ്യാപാരിയായ ജയരാജനെയും, മകന്‍ ഫെനിക്‌സിനെയും ലോക്ഡൗണ്‍ ലംഘിച്ചു കട തുറന്നന്നെന്നാരോപിച്ച് വെള്ളിയാഴ്ചയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രണ്ടു ദിവസം കസ്റ്റഡിയില്‍ വച്ചതിനുശേഷം തിങ്കളാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
തുടര്‍ന്ന് ഇവരെ കോവില്‍പ്പെട്ടി സബ് ജയിലിലേക്ക് അയക്കുകയായിരുന്നു. ഉച്ചയോടെ ഫെനിക്‌സിന് നെഞ്ചുവേദന ഉണ്ടാവുകയും തൊട്ടടുത്തുള്ള കോവില്‍പ്പെട്ടി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയുമായിരുന്നു. പിന്നീട് ജയരാജന്റെ ആരോഗ്യ നിലയും വഷളാവുകയും മരിക്കുകയും ചെയ്തു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക