| Thursday, 16th July 2020, 8:42 pm

ഗവര്‍ണര്‍ സംസാരിക്കേണ്ടത്  ഒരു രാഷ്ട്രീയ പാര്‍ട്ടിയെപ്പോലെ അല്ല; വിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയക്കൂട്ടിലാക്കിയെന്ന പരാമര്‍ശത്തിന്  മമതയുടെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഗവര്‍ണര്‍ ജഗദീപ് ധങ്കറും തമ്മിലുള്ള അഭിപ്രായഭിന്നത രൂക്ഷമാകുന്നു.

സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായം ഒരു രാഷ്ട്രീയ കൂട്ടിലാണെന്ന ഗവര്‍ണറുടെ പരാമര്‍ശമാണ് മമതയെ ചൊടിപ്പിച്ചത്. ഗവര്‍ണറുടെ പരാമര്‍ശത്തിന് തൊട്ടുപിന്നാലെ മമത മറുപടിയുമായി രംഗത്തെത്തി.

ഗവര്‍ണര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെപ്പോലെ സംസാരിക്കുകയാണെന്നും ഭരണഘടനാപരമായ പങ്ക് പാലിക്കുന്നില്ലെന്നുമാണ് മമത തിരിച്ചടിച്ചത്.

മമതയും ധങ്കറും തമ്മിലുള്ള ഏറ്റവും പുതിയ പോര്‍വിളിക്ക് കാരണമായത് സംസ്ഥാന സര്‍വകലാശാലകളെച്ചൊല്ലിയുള്ള തര്‍ക്കമാണ്. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ അക്കാദമിക് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ബുധനാഴ്ച ധങ്കര്‍ വിളിച്ച യോഗത്തില്‍ മിക്ക സംസ്ഥാന സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരും പങ്കെടുത്തിരുന്നില്ല. വി.സിമാരുടെ അഭാവത്തെ തുടര്‍ന്നാണ് സര്‍ക്കാരിനെതിരെ ധങ്കര്‍ വിമര്‍ശനമുന്നയിച്ചത്.

വി.സിമാര്‍ പല്ലും നഖവും ഉപയോഗിച്ച് യോഗം ബഹിഷ്‌ക്കരിച്ചതാണെന്നും അതിനുള്ള കാരണം എല്ലാവര്‍ക്കും അറിയാവുന്നത് തന്നെയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

എന്നാല്‍ ഒരു ഗവര്‍ണര്‍ രാഷ്ട്രീയ പാര്‍ട്ടിയെ പോലെ സംസാരിക്കാന്‍ പാടില്ലെന്നാണ് മമത പ്രതികരിച്ചത്.

” അദ്ദേഹം ഭരണഘടന അനുസരിക്കുന്നില്ല, പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രാലയത്തെയും പിന്തുടരുന്നില്ല,” മമത പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

വി.സിമാരെ ബഹുമാനിക്കുന്നെന്നും അവര്‍ക്ക് സര്‍ക്കാരിന്റെ 100 ശതമാനം പിന്തുണയുണ്ടെന്നും മമത പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more