| Saturday, 15th February 2020, 9:06 am

അധ്യക്ഷനെ ചൊല്ലി കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി; ഗാന്ധി കുടുംബത്തില്‍ നിന്ന് പുറത്തുള്ളരാവട്ടെയെന്നും അഭിപ്രായം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷസ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി. ഏപ്രിലില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തെ ചൊല്ലി വീണ്ടും ചര്‍ച്ച ഉടലെടുത്തത്. നിലവില്‍ കോണ്‍ഗ്രസ് അധ്യക്ഷയായ സോണിയഗാന്ധിയുടെ ആരോഗ്യസ്ഥിതി മോശമാണ്.

സോണിയ ഗാന്ധിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയില്‍, രാഹുല്‍ ഗാന്ധിയെ അനുകൂലിക്കുന്നവര്‍ അദ്ദേഹത്തെ പാര്‍ട്ടി പ്രസിഡന്റായി വീണ്ടും നിയമിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ ഇതിനെതിരെ എതിരഭിപ്രായം ഉയര്‍ന്നതോടെയാണ് പാര്‍ട്ടി ആശങ്കയിലായിരിക്കുന്നത്. ഗാന്ധി കുടുംബത്തിന് പുറത്തുള്ളവര്‍ കോണ്‍ഗ്രസ് അധ്യക്ഷനാവട്ടെയെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.

അതേസമയം രാജ്യസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഹോളിക്ക് മുന്‍പായി എ.ഐ.സി.സി കണ്‍വെന്‍ഷന്‍ രാഹുല്‍ ഗാന്ധിയെ തന്നെ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്.

18 കോണ്‍ഗ്രസ് അംഗങ്ങളാണ് ഇത്തവണ രാജ്യസഭയില്‍ നിന്നും വിരമിക്കുന്നത്. മുതിര്‍ന്ന നേതാക്കളായ മോത്തിലാല്‍ വോഹ്‌റ, ദിഗ്‌വിജയ് സിംഗ്, കുമാരി സെല്‍ജ, മധുസൂധന്‍ മിസ്ട്രി, ഹുസൈന്‍ ദല്‍വായി എന്നിവര്‍ ഏപ്രിലില്‍ വിരമിക്കും. പകരം യുവാക്കളെ ചുമതലപ്പെടുത്തണമെന്നാണ് രാഹുല്‍ഗാന്ധിയുടെ നിലപാട്.

We use cookies to give you the best possible experience. Learn more