| Sunday, 21st April 2019, 6:59 pm

കൊട്ടിക്കലാശത്തിനിടെ വിവിധയിടങ്ങളില്‍ സംഘര്‍ഷം; തിരുവനന്തപുരത്ത് എ.കെ ആന്റണി പങ്കെടുത്ത റോഡ് ഷോ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു; കല്ലേറില്‍ രമ്യാ ഹരിദാസിന് പരിക്ക്‌

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം. തിരുവനന്തപുരത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി പങ്കെടുത്ത യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂരിന്റെ റോഡ് ഷോ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. അരമണിക്കൂറിനു ശേഷമായിരുന്നു ഷോ പുനരാരംഭിച്ചത്. തന്റെ രാഷ്ട്രീയജീവിതത്തില്‍ ഇതുവരെയുണ്ടാകാത്ത ദുരനുഭവമായിരുന്നു ഇതെന്ന് ആന്റണി പ്രതികരിച്ചു.

കല്ലേറില്‍ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിന് പരിക്കേറ്റു. രമ്യ സഞ്ചരിച്ച വാഹനത്തിനു നേരെയാണു കല്ലേറുണ്ടായത്. രമ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴക്കൂട്ടത്ത് എന്‍.ഡി.എ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്റെ വാഹനത്തിനുനേര്‍ക്ക് ചെരിപ്പേറുണ്ടായതായി ബി.ജെ.പി ആരോപിച്ചു.

പത്തനംതിട്ടയില്‍ സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറുണ്ടായി. പോലീസുകാരനു പരിക്കേറ്റു.

കോട്ടയം കാഞ്ഞിരപ്പള്ളിയിലും സംഘര്‍ഷമുണ്ടായി. എന്‍.ഡി.എ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്റെ റോഡ് ഷോ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. സ്ഥാനാര്‍ഥികള്‍ക്കു പോലും സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെട്ടെന്ന് സുരേന്ദ്രന്‍ പ്രതികരിച്ചു.

എറണാകുളം പാലാരിവട്ടത്ത് സി.പി.എം-എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.

പൊന്നാനിയില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. പൊന്നാനി കേന്ദ്രീകരിച്ചുള്ള കൊട്ടിക്കലാശത്തിന് പൊലീസ് അനുമതി നിഷേധിക്കുകയും എന്നാല്‍ ഇവിടേക്ക് മുസ്‌ലീം ലീഗ് പ്രവര്‍ത്തകര്‍ എത്തിയതാണു സംഘര്‍ഷത്തിനിടയാക്കിയത്. ഇതില്‍ കല്‍പ്പകഞ്ചേരി എസ്.ഐ പ്രിയനു പരിക്കേറ്റു.

കോഴിക്കോട് വടകരയില്‍ കൊട്ടിക്കലാശത്തിനിടെ എല്‍.ഡി.എഫ്-യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. സ്ഥലപരിധി പ്രവര്‍ത്തകര്‍ മറികടന്നതാണു സംഘര്‍ഷത്തിനു കാരണമായത്. സംഘര്‍ഷം ഒഴിവാക്കാന്‍ കര്‍ശന സുരക്ഷയാണ് പൊലീസും കേന്ദ്രസേനയും വടകരയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വോട്ടെടുപ്പ് ദിനം വടകരയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇടുക്കിയില്‍ തൊടുപുഴയിലും നെടുങ്കണ്ടത്തും സംഘര്‍ഷമുണ്ടായി.

We use cookies to give you the best possible experience. Learn more