'ചെക്ക് കിട്ടിക്കഴിഞ്ഞാല്‍ 10 മില്യണെങ്കിലും എഴുതും, അഞ്ചു മില്യണ്‍ സെറ്റിലാവും'; തുഷാറിനെതിരായ കേസ് ആസൂത്രിതമെന്ന് സൂചന; നാസില്‍ അബ്ദുല്ലയുടെ ഫോണ്‍ സംഭാഷണം പുറത്ത്
Kerala News
'ചെക്ക് കിട്ടിക്കഴിഞ്ഞാല്‍ 10 മില്യണെങ്കിലും എഴുതും, അഞ്ചു മില്യണ്‍ സെറ്റിലാവും'; തുഷാറിനെതിരായ കേസ് ആസൂത്രിതമെന്ന് സൂചന; നാസില്‍ അബ്ദുല്ലയുടെ ഫോണ്‍ സംഭാഷണം പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd September 2019, 8:58 am

ദുബൈ: ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ചെക്ക് കേസില്‍ യു.എ.ഇയിലെ അജ്മാനില്‍ അറസ്റ്റിലായ സംഭവത്തില്‍ പുതിയ വഴിത്തിരിവ്.

തുഷാറിനെതിരെ കേസ് കൊടുക്കാന്‍ ഉപയോഗിച്ച ചെക്ക് ഒരു പരിചയക്കാരനില്‍ നിന്ന് നാസില്‍ അബ്ദുല്ല പണം നല്‍കി സംഘടിപ്പിച്ചതാണെന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശങ്ങള്‍ പുറത്തായി. അഞ്ച് ലക്ഷം രൂപ നല്‍കിയാണ് ഈ ചെക്ക് നാസില്‍ അബ്ദുള്ള സംഘടിപ്പിച്ചതെന്ന് ശബ്ദ സന്ദേശങ്ങളില്‍ നിന്ന് വ്യക്തമാണ്. മാതൃഭൂമിയും മീഡിയ വണുമാണ് ശബ്ദ രേഖ പുറത്തുവിട്ടത്.

ഒരു കോടി ദിര്‍ഹത്തിന്റെ ചെക്ക് മടങ്ങിയ കേസിലാണ് തുഷാര്‍ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്തത്. പണം തട്ടാനുള്ള ശ്രമമാണ് തന്റെ അറസ്റ്റിന് വഴിവെച്ചതെന്ന് തുഷാര്‍ ജാമ്യത്തിലിറങ്ങിയ ശേഷം പറഞ്ഞിരുന്നു.

ഒരു സുഹൃത്തുമായുള്ള നാസിലിന്റെ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. പേരുവെളിപ്പെടുത്താത്ത മറ്റൊരാള്‍ക്ക് അഞ്ചുലക്ഷം രൂപ നല്‍കിയാല്‍ തുഷാറിന്റെ ഒപ്പുളള ബ്ലാങ്ക് ചെക്ക് തനിക്ക് ലഭിക്കുമെന്ന് സുഹൃത്തിനോട് പറയുന്നതാണ് ശബ്ദരേഖയിലുള്ളത്. തുഷാര്‍ കുടുങ്ങിയാല്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പണം തരുമെന്നും ശബ്ദരേഖയില്‍ പറയുന്നു.

തുഷാര്‍ ഇത്തരത്തില്‍ പലരെയും വിശ്വാസത്തിലെടുത്ത് ബ്ലാങ്ക് ചെക്ക് നല്‍കിയിട്ടുണ്ടെന്നും സുഹൃത്തിനോട് നാസില്‍ അബ്ദുളള പറയുന്നുണ്ട്.

‘എടാ കുറച്ചു പൈസ സംഘടിപ്പിച്ചിട്ടുണ്ടെങ്കില്‍ നല്ലൊരു വകുപ്പുണ്ട്. എങ്ങനെയെങ്കിലും പൈസ അറേഞ്ച് ചെയ്തു താ. ഒരു അഞ്ചു ലക്ഷം രൂപ നാട്ടില് വേണം. ഞാന്‍ അന്ന് ആ ചെക്കിന്റെ കഥ പറഞ്ഞില്ലേ. എനിക്ക് തരാനുള്ള പൈസയുടെ ഒരു ചെക്ക്. ആ ചെക്ക് കിട്ടാണെങ്കില്‍, ലാസ്റ്റ് അവിടം വരെ എത്തിയിട്ടുണ്ട്. നാട്ടില്‍ അഞ്ചു ലക്ഷത്തിന്റെ ഒരു 27000 ദിര്‍ഹംസ് ഇവിടെ കൊടുക്കുകയാണെങ്കില്‍ ഏകദേശം ആ ചെക്ക് കിട്ടും. ചെക്ക് കിട്ടിക്കഴിഞ്ഞാല്‍ ഞാന്‍ ഒരു 10 മില്യണെങ്കിലും എഴുതും. എന്തായാലും ഒരു അഞ്ചു മില്യണ്‍ ഒക്കെ സെറ്റിലാവുമെന്ന് വിചാരിക്കുന്നു. അടുത്ത ദിവസം ആളിവിടെ വരും. വരുമ്പോള്‍ പൂട്ടുക. പൈസ വേടിക്കുക. പൈസ പറന്നുവരും. അതുകൊണ്ട് മാക്‌സിമം രണ്ടു മാസം സമയം. അത് കിട്ടിക്കഴിഞ്ഞാല്‍ നല്ലൊരു സംരംഭം നിനക്കായിട്ടു ഇട്ടുതരാം. നമുക്ക് ഫിഫ്റ്റി ഫിഫ്റ്റി പേസന്റേജില് ഇവിടെ ഒരു സംരംഭം നമുക്ക് നടത്താം. അതാണ് എനിക്ക് തരാനുള്ള ഓഫര്‍. നീ ഇങ്ങേട്ടു കയറിവരാ. ആ പരിപാടി നടത്താ. എന്തിനും ഒപ്പണ്‍ ആയിട്ട് പറയ്’- ശബ്ദരേഖയില്‍ പറയുന്നു.

തുഷാര്‍ ദുബൈയില്‍ എത്തി അറസ്റ്റിലാകുന്നതിന് മുന്‍പുള്ള ശബ്ദരേഖയാണ് ഇതെന്നാണ് സൂചന. തനിക്ക് തരാനുള്ള പണം തുഷാര്‍ കുറച്ച് നല്‍കിയിട്ടുണ്ട്. എന്നാല്‍ അത് തെളിയിക്കാന്‍ അദ്ദേഹത്തിന്റെ പക്കല്‍ രേഖയൊന്നുമില്ലെന്നും നാസില്‍ പറയുന്നതായി സംഭാഷണത്തില്‍ വ്യക്തമാണ്.

കേസ് തീരുന്നത് വരെ തുഷാര്‍ വെള്ളാപ്പള്ളിക്ക് യു.എ.ഇയില്‍ തുടരേണ്ടി വരും. കേസിന്റെ വിചാരണ തീരുന്നത് വരെയോ കോടതിക്ക് പുറത്തു കേസ് ഒത്തുതീര്‍പ്പാകുന്നത് വരെയോ യു.എ.ഇ വിട്ടു പോകരുത് എന്ന വ്യവസ്ഥയിലാണ് തുഷാറിന് ജാമ്യം അനുവദിച്ചിരുന്നത്. തുഷാറിന് യാത്രാവിലക്കും ഉണ്ട്. പാസ്പോര്‍ട്ട് അടക്കം കോടതി വാങ്ങിവച്ചു.

പത്ത് വര്‍ഷം മുന്‍പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അജ്മാനില്‍ നേരത്തെ തുഷാറിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബോയിങ് കണ്‍സ്ട്രക്ഷന്‍സിന്റെ സബ് കോണ്‍ട്രാക്ടര്‍മാരായിരുന്നു നാസില്‍ അബ്ദുള്ളയുടെ കമ്പനി.

എന്നാല്‍ പത്തുവര്‍ഷം മുമ്പ് നഷ്ടത്തിലായ കമ്പനി വെള്ളാപ്പള്ളി കൈമാറി. അതേസമയം സബ് കോണ്‍ട്രാക്ടറായിരുന്ന നാസില്‍ അബ്ദുള്ളക്ക് കുറച്ച് പണം നല്‍കാനുണ്ടായിരുന്നു. ഇതിന് പകരമായി നല്‍കിയ ചെക്കിന്റെ പേരിലായിരുന്നു നാസില്‍ പരാതി കൊടുത്തിരുന്നത്. ഏകദേശം 18 കോടി രൂപയുടേതാണ് ചെക്ക്.