| Thursday, 27th September 2012, 1:00 pm

മോഹന്‍ലാലിന്റെ ആനക്കൊമ്പ്: ഗണേഷ്‌കുമാറിനോട് വിജിലന്‍സ് കോടതി വിശദീകരണം തേടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: ആനക്കൊമ്പുകള്‍ പിടിച്ചെടുത്ത കേസില്‍ മോഹന്‍ലാലിനെതിരെ നടപടിയെടുക്കരുതെന്നാവശ്യപ്പെട്ട് മന്ത്രി ഗണേഷ് കുമാര്‍ കേസില്‍ ഇടപെട്ടതുമായി ബന്ധപ്പെട്ട് സര്‍ക്കാറിനോട് വിജിലന്‍സ് കോടതി വിശദീകരണം തേടി. എറണാകുളത്തെ മോഹന്‍ലാലിന്റെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നതിനിടയിലാണ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് 19 ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്.[]

സംഭവം വിവാദമായതോടെ ഒരു കൊല്ലത്തിനുശേഷം മോഹന്‍ലാലിനെ രക്ഷപ്പെടുത്തുന്ന വിധത്തില്‍ എഫ്.ഐ.ആര്‍ രേഖപ്പെടുത്തുകയും പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്ന് കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, എഫ്.ഐ.ആറില്‍ കാണിച്ചിരിക്കുന്നത് വെറും നാല് ആനക്കൊമ്പുകള്‍ എന്നായിരുന്നു.
ആനക്കൊമ്പ് പിടിച്ചെടുത്ത് കോടതിയില്‍ രേഖയായി സമര്‍പ്പിക്കേണ്ട വനംവകുപ്പ് ഇവയെല്ലാം മോഹന്‍ലാലിന്റെ വീട്ടില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണെന്നാണ് എഫ്.ഐ.ആറില്‍ കാണിച്ചിരുന്നത്.

2003ല്‍ കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തില്‍ വനവിഭവങ്ങളും വന്യ ജീവികളെയും അവയുടെ അമൂല്യ ശേഖരണത്തെയും നിയമവിരുദ്ധവും ജാമ്യമില്ലാത്ത വകുപ്പുകള്‍ ഉള്‍പ്പെടെ കടുത്ത കുറ്റകൃത്യമാണെന്ന നിയമത്തിന്റെ  കാലാവധി നീട്ടണം എന്ന് ആറു വര്‍ഷങ്ങള്‍ക്കുശേഷം മന്ത്രി ഗണേശ്കുമാര്‍ കേന്ദ്ര വനവകുപ്പുമന്ത്രി ജയന്തി നടരാജന് കത്തയച്ചിരുന്നു. എന്നാല്‍ ഇത്തരത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയും ചെയ്യില്ലെന്ന് കാണിച്ച് ജയന്തി നടരാജന്‍ മറുപടി അയക്കുകയായിരുന്നു.

ഇത്തരത്തില്‍ നടന്‍ മോഹന്‍ലാലിനെ രക്ഷപ്പെടുത്താന്‍ വേണ്ടി മന്ത്രി ഗണേശ്കുമാര്‍ വ്യക്തിപരമായി കത്തെഴുതിയത് അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവും ആണെന്നും അത് വിജിലന്‍സ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ന്യൂസ് എഡിറ്റര്‍ പത്രത്തിന്റെ ചീഫ് റിപ്പോര്‍ട്ടറും കോട്ടയം ചെമ്പ് സ്വദേശിയുമായ അനില്‍ കുമാര്‍ അഡ്വ. കെ.പി.രാമചന്ദ്രന്‍ മുഖേനയാണ് വിജിലന്‍സ് കോടതി തൃശൂരില്‍ കേസ് ഫയല്‍ ചെയ്തത്.

മന്ത്രി ഗണേശ്കുമാര്‍, ഫോറസ്റ്റ് ആന്റ് വൈല്‍ഡ് ലൈഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കോടനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, പ്രിന്‍സിപ്പല്‍ ഓഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആന്റ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്നിവരെ പ്രതി ചേര്‍ത്താണ് കേസ് ഫയല്‍ ചെയ്തിട്ടുള്ളത്.
അന്യായത്തോടൊപ്പം 19 ആനക്കൊമ്പുകള്‍ പിടിച്ചെടുത്ത ആദായനികുതി വകുപ്പിന്റെ രേഖകളും മന്ത്രി ഗണേശ് കുമാറും മന്ത്രി ജയന്തി നടരാജനും അയച്ച കത്തുകളുടെ കോപ്പിയും രേഖകളായി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more